വിദേശ സർവകലാശാല: ഇടതുപക്ഷത്തും ആശയക്കുഴപ്പം

കോഴിക്കോട് : ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ തോതിൽ സ്വകാര്യ നിക്ഷേപവും വിദേശ സ്വകാര്യ മൂലധനവും കൊണ്ടുവരുന്നതിനും വിദേശ സർവകലാശാല കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനമുള്ള സർക്കാർ നീക്കത്തിൽ ഇടതുപക്ഷത്തും ആശയക്കുഴപ്പങ്ങൾ ഏറെ. വിദേശ സർവകലാശാലാ കാമ്പസുകൾ കേരളത്തിൽ സ്ഥാപിക്കാൻ അനുമതി നൽകുമെന്നും അതിനായി ശ്രമം നടത്തുമെന്നും സർക്കാർ ബജറ്റിലൂടെയാണ് പ്രഖ്യാപിച്ചത്. വിദേശ സർവകലാശാലാ കാമ്പസുകൾ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനെതിരെ സി.പി.എം-സി.പി.ഐ വിദ്യാർഥി സംഘടനകളും ഉയർത്തിയ എതിർപ്പുകളുടെ മുനയൊടിക്കുകയാണ് കേരളത്തി​െൻറ തീരുമാനം.

കേന്ദ്ര സർക്കാരി​െൻറ പുതിയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നവ- ഉദാരീകരണ നയങ്ങൾ അതിവേഗത്തിൽ നടപ്പാക്കുകാനാണ് സംസ്ഥാന സർക്കാർ തീരുമാമെന്നാണ് ബജറ്റ് നൽകുന്ന സൂചന. അതേസമയം, സി.പി.എം പൊളിറ്റ് ബ്യാറോ 2023-ൽ മുന്നോട്ടുവെച്ച നിലപാടിന്റെ ലംഘനമാണ് ഇപ്പോഴത്തെ തീരുമാമെന്ന വിമർശനം ശക്തമാവുകയാണ്.

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ നീക്കം ഒരു കൂട്ടം ഉപരിവർഗ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സൃഷ്ടിച്ച്, രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുമെന്നായിരുന്നു പി.ബി ചൂണ്ടിക്കാണിച്ചത്. മോദി സർക്കാരിന്റെ ഈ നീക്കത്തെ അതിനിശിതമായിട്ടാണ് പി.ബി വിമർശിച്ചത്. ഏകപക്ഷീയമായ ഈ നീക്കത്തിൽ നിന്ന് യു.ജി.സിയെയും കേന്ദ്ര സർക്കാരിനേയും പിന്തിരിപ്പിക്കുന്നതിന് എല്ലാ ജനാധിപത്യ, ദേശസ്നേഹശക്തികളും രംഗത്തിറങ്ങണമെന്നായിരുന്നു പി.ബിയുടെ പ്രസ്താവന. പൊളിറ്റ് ബ്യാറോ പറഞ്ഞതാണോ കേരളം പ്രഖ്യാപിച്ചതാണോ യഥാർഥ നിലപാടെന്ന് മനസിലാക്കാൻ കഴിയാതെ ഇടതു സഹയാത്രികരായ ബുദ്ധജീവികളും ഇരുട്ടിൽ തപ്പുകയാണ്.

നരേന്ദ്രമോദി സർക്കാർ ഈ വിഷയത്തിൽ മുന്നോട്ട് വെച്ച കാര്യങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ബജറ്റിലൂടെ അംഗീകരിച്ചത് എന്ന കാര്യത്തിൽ തർക്കമില്ലെന്ന് വിമർശകർ പറയുന്നു. വൻതോതിൽ മൂലധനം നിക്ഷേപം കടന്നുവന്നാൽ ഒരു വർഷക്കാലത്തിനിടയിൽ കേരളത്തിലെ വിദ്യാഭ്യാസ മേഖലയാകെ വൻമാറ്റമുണ്ടാവുമെന്നാണ് ധനമന്ത്രി സ്വപ്നംകാണുന്നത്. അതേസമയം, ബജറ്റിൽ പുതിയ തീരുമാനം പ്രഖ്യാപിക്കുന്നതുവരെ തെരുവിൽ വിദേശ സർവകലാശാലകളുടെ കടന്നുവരവിനെതിരെ സംമരം ചെയ്തവാരാരും ഇടതു സർക്കാരിന്റെ നയം മാറ്റം അറിഞ്ഞില്ല. തുറന്ന സംവാദങ്ങൾക്കൊപ്പം ഇട നൽകാതെയാണ് ബജറ്റിൽ പുതിയ നയം പ്രഖ്യാപിച്ചത്. അതിനാൽ, സി.പി.എം കേന്ദ്ര കമ്മിറ്റി നിലപാടിനെ ഉറ്റുനോക്കുകയാണ് ഇടത് ചിന്തകർ. ഈ വിഷയം വരുംദിനങ്ങളിൽ വലിയ സംവാദങ്ങൾക്ക് വഴിവെക്കും എന്ന കാര്യത്തിൽ സംശയമില്ല.  

Tags:    
News Summary - Foreign universities: Confusion on the left too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.