ജപ്തിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍: ഇടതുസര്‍ക്കാര്‍ പക്ഷപാതിത്വം തുടരുന്നുവെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായ ജപ്തിയുടെ പേരില്‍ കുടിയൊഴിപ്പിക്കല്‍ നടത്തി ഇടതുസര്‍ക്കാര്‍ പക്ഷപാതിത്വം തുടരുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'അന്യായ ജപ്തി: ഇടതുസര്‍ക്കാരിന്റെ ബുള്‍ഡോസര്‍ രാജ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നടക്കുന്നത് വംശീയമായ കുടിയിറക്കലാണ്. കോടതി ഉത്തരവിന്റെ മറപിടിച്ച് രഹസ്യ അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഹര്‍ത്താലിനും മാസങ്ങള്‍ക്കുമുമ്പ് ആർ.എസ്.എസുകാർ കൊലചെയ്ത പാലക്കാട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നടപടി നേരിടേണ്ടി വന്നത് യാദൃശ്ചികമല്ല. ആർ.എസ്.എസ് ആസ്ഥാനത്ത് തയാറാക്കിയ പട്ടികയാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് ഉപയോഗപ്പെടുത്തുന്നത്. ജപ്തി ചെയ്യപ്പെടേണ്ടവരുടെ പട്ടിക സംബന്ധിച്ച് റവന്യൂ വകുപ്പ് അജ്ഞത നടിക്കുകയാണ്.

രാഷ്ട്രീയ പോര്‍വിളിയുടെ പേരില്‍ നിയമസഭയുടെ അകത്തളത്തില്‍ പോലും അക്രമവും നാശനഷ്ടവും വരുത്തിയവരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന സാമൂഹികവും സുരക്ഷാപരവുമായ പ്രശ്‌നങ്ങളില്‍ ജനാധിപത്യപരമായും മാനുഷികവുമായ നിലപാട് സ്വീകരിക്കാന്‍ ഇടതു സര്‍ക്കാരിന് നാളിതുവരെ സാധിച്ചിട്ടില്ല. പരസ്യമായ വിവേചനമാണ് സംസ്ഥാനത്ത് നടക്കുന്നത്.

കേരളത്തിലെ ജനങ്ങള്‍ നിരാകരിച്ച സംഘപരിവാര ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്ന പണിയാണ് ഇടതുപക്ഷം ചെയ്യുന്നത്. യു.പിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമുള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ ഇടിച്ചുനിരത്തി വംശീയമായി കുടിയിറക്കുന്ന ഫാഷിസ്റ്റ് ഭീകര താണ്ഡവത്തിന് സമാനമാണ് കോടതി ഉത്തരവിന്റെ മറവില്‍ നടത്തുന്ന കുടിയിറക്കല്‍. നീതി നിഷേധത്തിനെതിരേ കേരളം നിശബ്ദമാകുമെന്ന വ്യാമോഹം ഇടതു സര്‍ക്കാരിന് വേണ്ടെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ്പ്രാവചമ്പലം, എല്‍ നസീമ, ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ സെക്രട്ടറിമാരായ അജയന്‍ വിതുര, സിയാദ് തൊളിക്കോട്, ഇര്‍ഷാദ് കന്യാകുളങ്ങര സംബന്ധിച്ചു.

Tags:    
News Summary - Evictions over confiscation: SDPI says Left govt continues bias

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.