'ബി.ജെ.പിയിൽ ചേരാൻ ഓരോ എം.എൽ.എക്കും 50 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തി കർണാടക കോൺഗ്രസ് എം.എൽ.എ

ബംഗളൂരു: കർണാടകയിൽ വീണ്ടും 'ഓപറേഷൻ താരമ'യ്ക്ക് ശ്രമം നടന്നതായി വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവും എം.എൽ.എയുമായ രവികുമാർ ഗണിഗ. 2019ൽ കോൺഗ്രസ്-ജെ.ഡി(എസ്) സഖ്യസർക്കാറിനെ തകർത്തതിന് പിന്നിൽ പ്രവർത്തിച്ച അതേ ശക്തികൾ ഇപ്പോഴത്തെ കോൺഗ്രസ് സർക്കാറിനെ തകർക്കാനും ശ്രമം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയെ വഞ്ചിക്കുന്നതിന് 50 കോടി രൂപയും മന്ത്രിപദവിയുമാണ് കോൺഗ്രസ് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തതെന്ന് രവികുമാർ പറഞ്ഞു.

പാർട്ടി വിട്ട് തങ്ങളോടൊപ്പം ചേർന്നാൽ മന്ത്രിപദവി വാഗ്ദാനം ചെയ്യുന്ന പ്രതിപക്ഷ നേതാക്കളുടെ വിഡിയോ കൈയിലുണ്ടെന്നും അത് ഉടൻ പുറത്തുവിടുമെന്നും രവികുമാർ പറഞ്ഞു. പാർട്ടി വിടാൻ തയാറാകുന്നവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഭരണം പിടിക്കാനാവശ്യമായ എം.എൽ.എമാർ കൈയിലുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞതായി രവികുമാർ വെളിപ്പെടുത്തി.

നാല് എം.എൽ.എമാരെ വാഗ്ദാനവുമായി സമീപിക്കുന്നതിന്‍റെ വിഡിയോ തെളിവ് കൈയിലുണ്ടെന്ന് രവികുമാർ പറഞ്ഞു. എം.എൽ.എമാരെ സമീപിച്ചവരിലൊരാൾ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ പി.എയാണ്. മൈസൂരുവിൽ നിന്നുള്ള ഒരാളും ബെലഗാവിയിൽ നിന്നുള്ള ഒരാളും ഈ സംഘത്തിലുണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും ശ്രദ്ധയിൽ പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നീക്കം വിജയിക്കാൻ പോകുന്നില്ലെന്ന് രവികുമാർ പറഞ്ഞു. കർണാടകയിൽ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിൽ ചേരുകയാണ്. ഒരു വാഗ്ദാനവും നൽകാതെതന്നെ. കോൺഗ്രസ് സർക്കാറിന്‍റെ വികസന പ്രവൃത്തികളിൽ അവർ ആകൃഷ്ടരായിരിക്കുന്നു. കോൺഗ്രസ് സർക്കാറിന് 135 എം.എൽ.എമാരുണ്ട്. സർക്കാറിന് മുന്നോട്ട് പോകാൻ മറ്റാരുടെയും സഹായം ആവശ്യമില്ല -അദ്ദേഹം പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ ഏറ്റവുമടുത്ത അനുയായിയാണ് രവികുമാർ ഗണിഗ. സിദ്ധരാമയ്യയുടെ രണ്ടരവർഷത്തെ മുഖ്യമന്ത്രി പദം പൂർത്തിയായാൽ ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് രവികുമാർ പറഞ്ഞു. 

Tags:    
News Summary - Each MLA offered Rs 50 crore to join BJP in Karnataka: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.