കൽപറ്റ: ഒറ്റക്ക് കുതിച്ച് കാതങ്ങൾ മുന്നിലെത്തിയെന്ന തോന്നലിനിടയിലാണ് കരുത്തനായ എതിരാളി അവതരിച്ചത്. ഒന്നു പകച്ചെങ്കിലും വിട്ടുകൊടുക്കാതെ പൊരുതാൻതന്നെയാണ് ഭാവം. പ്രചാരണത്തിലെ മേൽക്കൈയിലൂടെ സ്വരുക്കൂട്ടിവെച്ച ആത്മവിശ്വാസത്തിന് നേരിയ പോറലേറ്റെങ്കിലും പോരിടത്തിൽ അത് പ്രതിഫലിക്കാതെ നോക്കുന്നതിനാണ് മുൻഗണന. അതുകൊണ്ടുതന്നെ, മലപ്പുറം മാറഞ്ചേരി പണിക്കവീട്ടില്‍ പയ്യപ്പുള്ളി സുനീറിനെ മുൻനിർത്തി രാഹുൽ ഗാന്ധിയെന്ന വമ്പൻ സ്രാവിനെ വിറപ്പിക്കാനുറച്ചാണ് ഇടതുമുന്നണിയുടെ പടയൊരുക്കം.
ഇടതു സ്ഥാനാർഥിക്കെതിരെ വയനാട് മണ്ഡലത്തിൽ നേരങ്കത്തിന് കോൺഗ്രസ് അധ്യക്ഷൻ കോപ്പുകൂട്ടിയതോടെ എൽ.ഡി.എഫ് അണികൾക്ക് വല്ലാതെ മുറിവേറ്റിട്ടുണ്ട്. ബി.ജെ.പിക്ക് ശക്തിയില്ലാത്തിടത്ത് രാഹുൽ മത്സരിക്കുന്നതിെൻറ അസാംഗത്യം ചൂണ്ടിക്കാട്ടി പ്രചാരണ ദിശ എൽ.ഡി.എഫ് മാറ്റുകയാണ്. അതിനനുസരിച്ച് തന്ത്രങ്ങളുടെ അലകും പിടിയും പൊളിച്ചുപണിതു. പ്രസംഗങ്ങളിലും അനൗൺസ്മെൻറുകളിലും രാഹുൽ വയനാട്ടിലെത്തുന്നത് നിശിതമായി വിമർശിക്കപ്പെടുന്നു.
‘‘സാധാരണ യു.ഡി.എഫ് സ്ഥാനാർഥിയെ എങ്ങനെയാണോ നേരിടുന്നത് അതിനെക്കാൾ കുെറക്കൂടി ശക്തമായി രാഹുൽ ഗാന്ധിയെ നേരിടും. ഇടതു മുന്നണിയുടെ അഭിമാനപ്രശ്നമായാണ് ഇൗ മത്സരത്തെ കാണുന്നത്. ഒരുതരത്തിലും പിന്നോട്ടില്ല’’ -സി.പി.െഎ കണ്ണൂർ ജില്ല സെക്രട്ടറിയും വയനാട് മണ്ഡലം എൽ.ഡി.എഫ് ജനറൽ കൺവീനറുമായ പി. സന്തോഷ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
രാഹുലിെൻറ സ്ഥാനാർഥിത്വം തങ്ങൾക്ക് കരുത്തുപകരുമെന്ന വിലയിരുത്തലുമുണ്ട് എൽ.ഡി.എഫ് നേതാക്കൾക്ക്. കഴിഞ്ഞ രണ്ടു ദിവസമായി മുന്നണി ക്യാമ്പുകൾ കുറെക്കൂടി ജാഗരൂകമായെന്ന് അവർ പറയുന്നു. ഗൃഹസന്ദർശനങ്ങൾ ശക്തമാക്കുകയാണ് എൽ.ഡി.എഫിെൻറ പ്രധാന നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.