ഹൈദരാബാദ്: സി.പി.എം അംഗസംഖ്യയില്‍ 25 ശതമാനം വനിതകൾ വേണമെന്ന പ്ലീനം തീരുമാനം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രാഷ്ട്രീയ- സംഘടന റിപ്പോര്‍ട്ട്. രാജ്യത്തെ അനുകൂല സാഹചര്യങ്ങളെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഉപയോഗിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് കഴിയുന്നില്ലെന്ന് ചര്‍ച്ചയില്‍ പ്രതിനിധികള്‍ വിമര്‍ശനം ഉയര്‍ത്തി.
പാര്‍ട്ടി അംഗങ്ങളിൽ 25 ശതമാനം വനിതകള്‍ ആയിരിക്കണമെന്ന തീരുമാനം ഒരു സംസ്ഥാന ഘടകത്തിനും കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് പി.ബി അംഗം എസ്. രാമചന്ദ്രന് പിള്ള അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 20 ശതമാനം യുവജനങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന തീരുമാനം ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും നടപ്പാക്കിയിട്ടില്ല. എന്നാല്‍, ദേശീയതലത്തില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞു. വര്‍ഗ-ബഹുജന സംഘടനകളില്‍ ഉൾപ്പെടെ സി.പി.എമ്മിന് ഇന്ത്യയില്‍ ആകെ 5.39 കോടി അംഗങ്ങളാണുള്ളത്.
കര്‍ഷക സമരങ്ങളും തൊഴിലാളി പ്രക്ഷോഭങ്ങളും ശക്തിയാർജിച്ച രാജ്യത്ത് കേന്ദ്ര സര്‍ക്കാറിന് എതിരായ ജനവികാരം ഫലപ്രദമായി ഉപയോഗിക്കാന്‍ കേന്ദ്ര നേതാക്കളുടെ ഭിന്നത കാരണം നടക്കുന്നില്ലെന്ന് എം.ബി. രാജേഷ് ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. നേതൃത്വം യോജിപ്പോടെ പ്രവര്‍ത്തിക്കണമെന്നാണ് കൊല്‍ക്കത്ത പ്ലീനം നിർദേശിച്ചത്. എന്നാല്‍, അത്തരത്തില്‍ പ്രവര്‍ത്തിച്ച് സമരങ്ങള്‍ക്കും ജനങ്ങളുടെ പ്രതിഷേധത്തിനും നേതൃത്വം നല്കാന് പാര്‍ട്ടി നേതൃത്വത്തിന് കഴിയുന്നില്ലെന്നും പറഞ്ഞു.
കേരളത്തിലെ പാര്‍ട്ടി ശക്തിപ്പെട്ടത് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മാത്രമാണെന്ന് കെ. ചന്ദ്രന് പിള്ളയും വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചക്കുള്ള മറുപടി സമാപന ദിവസമായ ഇന്ന് പറയും. 22ാം പാര്‍ട്ടി കോണ്‍ഗ്രസിെൻറ സമാപന ദിവസം അവതരിപ്പിക്കാനുള്ള പുതിയ കേന്ദ്ര കമ്മിറ്റി പാനല്‍ തയാറാക്കാന്‍ പി.ബി യോഗവും രാത്രി ചേര്‍ന്നു. ഉച്ചയോടെ പുതിയ കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും ജനറല്‍ സെക്രട്ടറിയെയും തിരഞ്ഞെടുക്കും. ഹൈദരാബാദില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സരൂര് സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനവും ചുവപ്പ് വളൻറിയര്‍ സേനയുടെ മാര്‍ച്ച് പാസ്റ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.