ന്യൂഡൽഹി: കാൽനൂറ്റാണ്ടിനു ശേഷം ഹിമാചൽപ്രദേശിൽ സി.പി.എമ്മിന് ഒരു എം.എൽ.എ. സംസ്ഥാനത്തെ സി.പി.എമ്മിെൻറ ജനകീയ മുഖവും കേന്ദ്ര കമ്മിറ്റി അംഗവുമായ രാകേഷ് സിംഗയാണ് 1983 വോട്ടിന് തിയോഗ് മണ്ഡലത്തിൽനിന്ന് ജയിച്ചത്. 1993ൽ സിംല മണ്ഡലത്തിൽനിന്ന് അദ്ദേഹം നിയമസഭയിൽ എത്തിയിരുന്നു. കേരളം, ത്രിപുര, ബംഗാൾ എന്നീ മൂന്ന് തുരുത്തിന് അപ്പുറം ഏതെങ്കിലും നിയമസഭയിൽ സി.പി.എമ്മിന് പ്രാതിനിധ്യം ലഭിക്കുന്നത് ഏറെ നാളുകൾക്കു ശേഷമാണ്. രാജസ്ഥാനിൽ 2008ൽ മൂന്ന് എം.എൽ.എമാരെ വിജയിപ്പിച്ചതായിരുന്നു മുമ്പത്തെ നേട്ടം.
കോൺഗ്രസിെൻറ സിറ്റിങ് സീറ്റിലാണ് സി.പി.എമ്മിെൻറ വിജയം. രാകേഷ് സിംഗക്ക് 24,791 വോട്ട് ലഭിച്ചു. 22,808 വോട്ട് ലഭിച്ച ബി.ജെ.പിയുടെ രാകേഷ് വർമയാണ് രണ്ടാമത്. മൂന്നാമത് എത്തിയ കോൺഗ്രസ് സ്ഥാനാർഥി ദീപക് രാഹോറിന് 9101 വോട്ട് മാത്രമാണ് ലഭിച്ചത്. രണ്ട് സ്വതന്ത്രരും മത്സരിച്ച ഇൗ മണ്ഡലത്തിൽ അവർക്ക് 641ഉം, 294ഉം വോട്ട് ലഭിച്ചു. നോട്ടക്ക് 383 വോട്ടാണ് വീണത്.
ജനകീയ സമരങ്ങളാണ് സി.പി.എമ്മിന് മണ്ഡലത്തിൽ വിജയം നേടിക്കൊടുത്തത്. ദലിതുകളെ കുടിയൊഴിപ്പിക്കുന്നതിന് എതിരായ ഭൂസമരം, സ്കൂൾ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം, മരങ്ങൾ മുറിക്കുന്നതിന് അനുമതി നിഷേധിച്ച വിഷയം തുടങ്ങിയവയിൽ നടത്തിയ സമരങ്ങളുടെ മുന്നിൽ അഖിലേന്ത്യ കിസാൻ സഭയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രാകേഷ് സിങ് ഉണ്ടായിരുന്നു.
കോൺഗ്രസിെൻറ മുതിർന്ന നേതാവും സിറ്റിങ് എം.എൽ.എയുമായ വിദ്യാ സ്റ്റോക്സിെൻറ പത്രിക തള്ളിപ്പോയതിനെ തുടർന്നാണ് ദീപക് കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയത്. എന്നാൽ, കോൺഗ്രസ് പിന്തുണ സി.പി.എം സ്ഥാനാർഥിക്ക് ലഭിച്ചുവെന്ന പ്രചാരണം വസ്തുതവിരുദ്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും ഷിംല മുൻ ഡെപ്യൂട്ടി മേയറുമായ സിക്കന്തർ സിങ് പൻവാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ബി.ജെ.പിയും കോൺഗ്രസും നാണയത്തിെൻറ രണ്ട് മുഖം മാത്രമാണെന്നും യഥാർഥ പ്രതിപക്ഷമായി പ്രവർത്തിക്കാൻ ഒരു വോട്ട് നൽകണമെന്ന തങ്ങളുടെ പ്രചാരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ഇൗ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സി.പി.എം 16 സീറ്റിലും സി.പി.െഎ രണ്ട് സീറ്റിലും വെവ്വേറെയാണ് മത്സരിച്ചത്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്തു. മത്സരിച്ച 10 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് എത്തിയതും സി.പി.എമ്മിന് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.