തിരുവനന്തപുരം: സി.പി.െഎക്ക് ലഭ്യമായ നാല് ലോക്സഭ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർണയിക്കുന്നത് സംബന്ധിച്ച് അവ ഉൾക്കൊള്ളുന്ന എട്ട് ജില്ല കൗൺസിലുകൾ വ്യാഴാഴ്ച നിലപാട് വ്യക്തമാക്കും. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലേക്ക് മൂന്നംഗ സാധ്യതാ സ്ഥാനാർഥി പട്ടികയാണ് തയാറാക്കുന്നത്.
തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലെ സാധ്യതാ പട്ടികക്കായി അതത് ജില്ല കൗൺസിലുകൾതന്നെ ചേരും. മാവേലിക്കര മണ്ഡലത്തിലെ സാധ്യതാ പട്ടിക അവ ഉൾപ്പെടുന്ന കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ല കൗൺസിലുകളും വയനാട് മണ്ഡലത്തിലെ പട്ടിക കോഴിക്കോട്, വയനാട്, മലപ്പുറം ജില്ല കൗൺസിലും തയാറാക്കും. ചുരുങ്ങിയത് മൂന്നുപേരുടെ സാധ്യതാ പട്ടിക സമർപ്പിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ നിർദേശം.
രാവിലെ 9.30 മുതൽ ജില്ല നിർവാഹകസമിതിയും തുടർന്ന് ജില്ല കൗൺസിലുകളും ചേരും. രണ്ട് ഡസനിലധികം പേരുകളാവും സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തുക. മാർച്ച് മൂന്നിന് ചേരുന്ന സംസ്ഥാന നിർവാഹകസമിതി ഒാരോ മണ്ഡലത്തിലും മൂന്നുപേരുടെ കരട് പട്ടികക്ക് രൂപംനൽകും. നാലിന് ചേരുന്ന സംസ്ഥാന കൗൺസിൽ ഇതിന് അംഗീകാരം നൽകും. മുൻകാലത്ത് സംസ്ഥാന നിർവാഹകസമിതി അംഗീകരിക്കുകയായിരുന്നു പതിവെങ്കിലും 2014ലെ തിരുവനന്തപുരം പേമെൻറ് സീറ്റ് വിവാദത്തെതുടർന്ന് സംസ്ഥാന കൗൺസിലിെൻറ അംഗീകാരം നിർബന്ധമാക്കി. സംസ്ഥാന കൗൺസിൽ അംഗീകരിച്ച പട്ടിക അഞ്ചുമുതൽ ഏഴുവരെയുള്ള ദേശീയ നേതൃയോഗത്തിന് മുമ്പാകെ വെക്കും. അഞ്ചിന് കേന്ദ്ര സെക്രേട്ടറിയറ്റും ആറിനും ഏഴിനും ദേശീയ നിർവാഹകസമിതിയും ചേരും. ആറിന് സ്ഥാനാർഥി നിർണയം പൂർത്തിയാവും.
ജില്ല നിർവാഹകസമിതി ചേർന്ന് സാധ്യതാ പട്ടികയുടെ കരട് തയാറാക്കി ജില്ല കൗൺസിലിൽ വെക്കാനാണ് നിർദേശം. കൗൺസിലിലെ ചർച്ചക്കുശേഷം കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തും. എം.എൽ.എമാരെ അടക്കം നിർദേശിക്കുന്നത് സംസ്ഥാന നേതൃത്വം വിലക്കാത്തതിനാൽ പല എം.എൽ.എമാരും ചില പട്ടികയിലെങ്കിലും ഇടംപിടിക്കാൻ സാധ്യതയുണ്ട്.
മണ്ഡലങ്ങളിൽ ആരൊക്കെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താനാണ് സി.പി.െഎ തീരുമാനം. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പന്ന്യൻ രവീന്ദ്രനും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ യോഗ്യനായ സ്ഥാനാർഥിയെ കണ്ടെത്താൻ സി.പി.െഎ വിഷമിക്കുകയാണ്. ജില്ല സെക്രട്ടറി അഡ്വ. ജി.ആർ. അനിൽ മത്സരിക്കണമെന്ന നിലപാട് വിലയൊരു വിഭാഗത്തിനുണ്ട്.
കേന്ദ്ര നിർവാഹക സമിതിയംഗം ആനി രാജയുടെ പേരിനോട് ജില്ലയിൽ എതിർപ്പുണ്ട്. ജില്ലയിൽ അറിയപ്പെടുന്ന നേതാവ് വേണമെന്ന വാദമാണ് അവർ ഉന്നയിക്കുന്നത്. കേന്ദ്ര നേതൃത്വം നിർബന്ധം പിടിച്ചാൽ ഒടുവിൽ വനിതാ നേതാവിന് വേണ്ടി വഴേങ്ങണ്ടിവരും. സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പ്രകാശ്ബാബു, ജനയുഗം എഡിറ്റർ രാജാജി മാത്യു േതാമസ് എന്നിവരുടെ പേരും ഉയർന്നേക്കാം.
മാവേലിക്കരയിൽ ചിറ്റയം േഗാപകുമാർ എം.എൽ.എ, ചെങ്ങറ സുരേന്ദ്രൻ, കൊല്ലം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ദേവകി, ആർ.എസ്. സുനിൽ എന്നിവരുടെ പേര് ചർച്ചയായേക്കും. വയനാട് കഴിഞ്ഞതവണ മത്സരിച്ച അസിസ്റ്റൻറ് സെക്രട്ടറി സത്യൻ മൊകേരിക്കോ മലപ്പുറം മുൻ ജില്ല സെക്രട്ടറി പി.പി. സുനീറിനോ ആണ് കൂടുതൽ സാധ്യത. മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും നാഷനൽ കൗൺസിൽ അംഗവുമായ പി. വസന്തവും സാധ്യതാപട്ടികയിൽ കടന്നേക്കാം.
പാർട്ടിക്ക് ലോക്സഭയിലുള്ള ഏക അംഗം പ്രതിനിധീകരിക്കുന്ന തൃശൂരിൽ സി.എൻ. ജയദേവനും എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ കെ.പി. രാജേന്ദ്രനുമാണ് മുൻതൂക്കം. ജനയുഗം എഡിറ്ററും ഒല്ലൂർ മുൻ എം.എൽ.എയുമായിരുന്ന രാജാജി മാത്യു തോമസ്, മന്ത്രി വി.എസ്. സുനിൽകുമാർ, എൻ. രാജൻ എം.എം.എ എന്നിവരുടെ പേരുകളും ഉയർന്നുവന്നേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.