ഹൈദരാബാദ്: ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള രാഷ്ട്രീയ അടവുനയം രൂപവത്കരിക്കുന്നതിനെ ചൊല്ലി സി.പി.എമ്മില്‍ നടക്കുന്ന പോരാട്ടം വോട്ടെടുപ്പിലേക്ക്. കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലും ന്യൂനപക്ഷ അഭിപ്രായത്തിന്മേലും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്ന ഒന്നാം ദിവസത്തെ ചര്‍ച്ചയില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ കാരാട്ട് പക്ഷം അതിനുള്ള തയാറെടുപ്പിലാണ്. വെള്ളിയാഴ്ച ഉച്ചയോടെ പ്രതിനിധി ചര്‍ച്ച പൂര്‍ത്തിയായശേഷം കരട് പ്രമേയം അവതരിപ്പിച്ച പ്രകാശ് കാരാട്ട് മറുപടി നല്‍കും. തുടര്‍ന്ന് വോട്ടെടുപ്പിലൂടെ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന സൂചനയാണ് കാരാട്ട് പക്ഷം നല്‍കുന്നത്. കൈപൊക്കി വോട്ടെടുപ്പാണോ രഹസ്യ വോട്ടാണോ എന്നതില്‍ ആ സമയത്താവും ധാരണയിലെത്തുക. ബംഗാള്‍ ഘടകവും സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് ബന്ധം തുടര്‍ച്ചയായി പാര്‍ട്ടി വേദിയില്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ വോട്ടെടുപ്പിലൂടെ വിധി കല്പിക്കുകയാണ് ഏക മാര്‍ഗമെന്ന നിലപാടിലാണ് കാരാട്ട് പക്ഷവും കേരള ഘടകവും.
10 സംസ്ഥാന ഘടകങ്ങളില്നിന്നുള്ളവർ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ ധാരണയോ വേെണ്ടന്ന് ആഹ്വാനംചെയ്യുന്ന കരട് രാഷ്ട്രീയ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍, ആറ് സംസ്ഥാന ഘടകങ്ങളില്‍നിന്ന് സംസാരിച്ചവര്‍ മാത്രമേ സീതാറാം യെച്ചൂരി പിന്തുണക്കുന്ന കേന്ദ്ര കമ്മിറ്റിയിലെ ന്യൂനപക്ഷ അഭിപ്രായത്തെ പിന്തുണച്ചുള്ളൂ. കേരള ഘടകം ഒറ്റക്കെട്ടായി കാരാട്ടിന് പിന്നില്‍ അണിനിരന്നപ്പോള്‍ ബംഗാള്‍ ഘടകത്തില്‍നിന്ന് സംസാരിച്ച പ്രതിനിധികളിലൊരാള്‍ കോണ്‍ഗ്രസ് ബന്ധത്തെ തള്ളി പാര്‍ട്ടിയുടെ ഒൗദ്യോഗിക നിലപാടിനെ പിന്താങ്ങി. ആകെ 34 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേരളം, ത്രിപുര, ഹരിയാന, ഹിമാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, കർണാടക, അസം, രാജസ്ഥാന്, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് കാരാട്ട് പക്ഷത്തിെൻറ നിലപാടിനെ പിന്താങ്ങിയത്. ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ് പ്രതിനിധികളാണ് യെച്ചൂരിയുടെ അഭിപ്രായത്തെ പിന്താങ്ങിയത്. ഛത്തിസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ രണ്ട് പക്ഷത്തോടും ചേര്‍ന്നില്ല. ഛത്തിസ്ഗഢില്‍നിന്നുള്ള പ്രതിനിധി പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈന്‍ തന്നെ ശരിയല്ലെന്ന് വിമര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍നിന്നുള്ള പ്രതിനിധി സമവായത്തിലെത്തണമെന്ന് അഭ്യർഥിച്ചു.
കേരളത്തില്‍നിന്ന് സംസാരിച്ച പി. രാജീവും കെ.എൻ. ബാലഗോപാലും കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി എതിര്‍ത്തു. കേരളം പോലെ സി.പി.എമ്മിെൻറ ശേഷിക്കുന്ന ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ബന്ധം വലിയ ദോഷം സൃഷ്ടിക്കുമെന്ന് രാജീവ് പറഞ്ഞു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ വര്‍ഗ നിലപാടാണ്. നയസമീപനവും ഒന്ന് തന്നെയാണ്. ബി.ജെ.പിയെ നേരിടാന്‍ അതേ വര്‍ഗ, നയസമീപനമുള്ള കോണ്‍ഗ്രസിനെ പുല്കുക തെറ്റായ നിലപാടാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ബന്ധത്തെ നിശിതമായി വിമര്‍ശിച്ച ബാലഗോപാല്‍ കേരളം ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണെന്ന് പറഞ്ഞു. ബംഗാളില്‍നിന്ന് സംസാരിച്ചവരില്‍ ഒരു പ്രതിനിധിയാണ് കോണ്‍ഗ്രസ് ബന്ധത്തെ തള്ളി കാരാട്ട് നിലപാടിനെ പിന്താങ്ങിയത്. കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മത്സരിച്ചപ്പോഴൊക്കെ സി.പി.എമ്മിെൻറ വോട്ട് അവര്‍ക്ക് ലഭിച്ചു. എന്നാല്‍, കോണ്‍ഗ്രസ് മത്സരിക്കാത്ത മണ്ഡലങ്ങളില്‍ സി.പി.എം സ്ഥാനാർഥികള്‍ക്ക് വോട്ട് ലഭിച്ചില്ല. പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാനേ ഈ ബന്ധം ഇടവരുത്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.