കോഴിക്കോട്: തലയെടുപ്പുള്ള നേതാക്കളെ ഗോദയിലിറക്കി കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും സമുദായ സമവാക്യങ്ങൾ അട്ടിമറിച്ചതായി ആക്ഷേപം. ഏറ്റവും വലിയ ഹൈന്ദവ സമുദായമായ ഈഴവ വിഭാഗത്തിൽനിന്ന് രണ്ടു പേർ മാത്രമാണ് കോൺഗ്രസ് പട്ടികയിൽ ഇടംപിടിച്ചത്. അതേസമയം, നായർ വിഭാഗത്തിൽ നിന്ന് അഞ്ചു പേർ മത്സരരംഗത്തുണ്ട്.
ആറ്റിങ്ങലിൽ അടൂർ പ്രകാശും കണ്ണൂരിൽ കെ. സുധാകരനും മാത്രമാണ് കോൺഗ്രസ് പട്ടികയിലെ ഈഴവ പ്രാതിനിധ്യം. രാജ്മോഹൻ ഉണ്ണിത്താൻ (കാസർകോട്), കെ. മുരളീധരൻ (വടകര), എം.കെ. രാഘവൻ (കോഴിക്കോട്), വി.കെ. ശ്രീകണ്ഠൻ (പാലക്കാട്), ശശി തരൂർ (തിരുവനന്തപുരം) എന്നിവർ നായർ വിഭാഗത്തിൽപെട്ടവരാണ്. കൊല്ലത്തെ ആർ.എസ്.പി സ്ഥാനാർഥി എൻ.കെ. പ്രേമചന്ദ്രനെകൂടി ഉൾപ്പെടുത്തുമ്പോൾ യു.ഡി.എഫിൽ ഇതു ആറായി ഉയരും. കോൺഗ്രസ് പട്ടികയിൽ ഇൗഴവ വിഭാഗത്തിന് ഇത്രയും പ്രാതിനിധ്യം കുറയുന്നത് നടാടെയാണ്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അഞ്ചും 2014ൽ നാലും ഈഴവ സ്ഥാനാർഥികൾ കോൺഗ്രസിനുണ്ടായിരുന്നു. അതാണ് രണ്ടായി കുറഞ്ഞത്.
എൽ.ഡി.എഫ് പട്ടികയിൽ ഈഴവ സമുദായത്തിൽ നിന്ന് നാലു പേർക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. സി.പി.എമ്മിൽനിന്ന് എ. സമ്പത്ത് (ആറ്റിങ്ങൽ), വി.എൻ. വാസവൻ (കോട്ടയം), പി. ജയരാജൻ (വടകര) എന്നിവരും സി.പി.ഐയിലെ സി. ദിവാകരനും (തിരുവനന്തപുരം). എൻ.ഡി.എയുടെ പുറത്തുവരാനിരിക്കുന്ന പട്ടികയിൽ കൂടുതൽ ഈഴവ പ്രാതിനിധ്യം ഉള്ളതായാണ് അറിയുന്നത്.
ഈഴവരെ ആകർഷിക്കാൻ നവോത്ഥാന പദ്ധതികളുമായി സി.പി.എമ്മും ബി.ഡി.ജെ.എസിലൂടെ ഈഴവ വോട്ടുബാങ്ക് സ്വന്തമാക്കാൻ ബി.ജെ.പിയും ശ്രമിക്കുമ്പോഴാണ് കോൺഗ്രസും യു.ഡി.എഫും ഈ വിഭാഗത്തെ അവഗണിക്കുന്നത്.
സംഘടനക്കകത്ത് ഇതു കടുത്ത പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കേരള നിയമസഭയിൽ കോൺഗ്രസിന് ഒരൊറ്റ എം.എൽ.എ മാത്രമാണ് ഈഴവ വിഭാഗത്തിൽനിന്നുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.