തിരുവനന്തപുരം: കർണാടകയിൽ ഭരണം കൈയാളാൻ നടത്തിയ കുതന്ത്രങ്ങൾ പരാജയപ്പെട്ടത് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമോ എന്ന ആശങ്കയിൽ ബി.ജെ.പി. കർണാടകയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി നേട്ടമുണ്ടാക്കിയത് ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിലും തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ നേതാക്കൾ. അവർ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കർണാടകയിലെ നീക്കം പാളിയതോടെ ബി.ജെ.പിക്കെതിരായി ചെങ്ങന്നൂരിലും സഖ്യമുണ്ടാകുമോയെന്ന ആശങ്ക അവരെ കുഴക്കുന്നുണ്ട്. കർണാടകയിലെ വിജയം ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് വേരോട്ടം വർധിപ്പിക്കാനും കേരളത്തിൽ പ്രവർത്തകരിൽ ആവേശം വളർത്താനും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. എന്നാൽ, ഇപ്പോഴുണ്ടായ തിരിച്ചടി പ്രവർത്തകരുടെ ആത്മവിശ്വാസം കുറച്ചു. മുതിർന്ന നേതാവ് പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർഥിയാക്കിയത് വിജയം പ്രതീക്ഷിച്ചാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ശേഷിക്കെ കാര്യങ്ങൾ ബി.ജെ.പിക്ക് ശുഭകരമല്ലാത്ത നിലക്കാണ് നീങ്ങുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിലകൊണ്ട ബി.ഡി.ജെ.എസ് പരസ്യ പ്രചാരണത്തിൽനിന്നുൾപ്പെടെ വിട്ടുനിൽക്കുകയാണ്.
എസ്.എൻ.ഡി.പിക്ക് സ്വാധീനമുള്ള ആലപ്പുഴ ജില്ലയിൽ അവർ തങ്ങളുടെ നിലപാട് ഉടൻ വ്യക്തമാക്കും. എസ്.എൻ.ഡി.പി കൈക്കൊള്ളുന്ന നിലപാടാകും ബി.ഡി.ജെ.എസിനെയും സ്വാധീനിക്കുക. അത് പാളിയാൽ ബി.ജെ.പിക്ക് തങ്ങളുടെ പ്രതീക്ഷ കൈവിടേണ്ടിവരും. കർണാടക മാതൃകയിൽ രാജ്യത്തെങ്ങും ബി.ജെ.പി വിരുദ്ധ മുന്നണികളുടെ രൂപവത്കരണം ആരംഭിച്ച ഘട്ടത്തിൽ ചെങ്ങന്നൂരിൽ ബി.ജെ.പി വിരുദ്ധ വോട്ടുകളുടെ ഏകീകരണമുണ്ടാകുമോയെന്ന ആശങ്കയാണ് ബി.ജെ.പി നേതൃത്വത്തെ ഇപ്പോൾ കുഴക്കുന്നത്.
സാമുദായിക േവാട്ടുകൾ തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷ ബി.ജെ.പി പുലർത്തുന്നുണ്ടെങ്കിലും യു.ഡി.എഫ് സ്ഥാനാർഥിയുടെ സ്വാധീനം അതിന് മങ്ങലേൽപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.