Image Courtesy: Hindustan Times

വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ബി.ജെ.പി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുന്നു -ശിവസേന

മുംബൈ: ബി.ജെ.പിക്കെതിരെ കടുത്ത ആരോപണവുമായി മുൻ സഖ്യകക്ഷിയായ ശിവസേന. വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ബി.ജെ.പി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കുകയാണെന്ന് മുഖപത്രമായ സാമ്നയിലെ ലേഖനത്തിൽ ശിവസേന ആരോപിച്ചു. ബി.ജെ.പി നേതാക്കളുടെ വർഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റുകൾക്ക് നേരെ ഫേസ്ബുക് കണ്ണടക്കുകയാണെന്ന റിപ്പോർട്ട് രാഷ്ട്രീയ വിവാദമായി ഉയർന്ന പശ്ചാത്തലത്തിലാണ് സേനയുടെ വിമർശനം.

അഭിപ്രായങ്ങൾ പങ്കുവെക്കാനായി സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാം. എന്നാൽ, രാജ്യത്തെ വിഭജിക്കാനായി വിദ്വേഷം പരത്തുക ലക്ഷ്യമിട്ട് ഉപയോഗിച്ചാൽ അവരുടെ രാഷ്ട്രീയ പശ്ചാത്തലം നോക്കാതെ നടപടിയെടുക്കണം. വിദ്വേഷം പരത്തുന്നയാൾ ഭരണകക്ഷിയിൽ പെട്ടയാളാണെന്ന കാരണത്താൽ ഫേസ്ബുക് നടപടിയെടുക്കാതിരിക്കരുത് -സാമ്നയിലെ ലേഖനത്തിൽ പറയുന്നു.

വ്യത്യസ്ത അഭിപ്രായങ്ങൾ ഫേസ്ബുക് പോലെയുള്ള സമൂഹമാധ്യമത്തിൽ പങ്കുവെക്കുന്നത് തെറ്റല്ല. എന്നാൽ, ഹിന്ദുവിനും മുസ്ലിമിനും ഇടയിൽ വേർതിരിവ് സൃഷ്ടിക്കാനുള്ള ഇടമല്ല അത്.

സമൂഹവുമായി ബന്ധപ്പെടുന്നതിന് പകരം സമൂഹമാധ്യമങ്ങളെ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ഇന്ന്, എണ്ണമില്ലാത്തത്ര ഗീബൽസുമാർക്ക് അവരുടേതായ നിയമങ്ങളും കോടതികളും ജയിലുകളുമാണ്. രാഷ്ട്രീയ പാർട്ടികളുടെ ശമ്പളപ്പട്ടികയിലാണ് സമൂഹമാധ്യമങ്ങൾ. 2014ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി വിജയിച്ചതിൽ സമൂഹമാധ്യമങ്ങളിലെ പടയാളികൾ വലിയ പങ്ക് വഹിച്ചു -ലേഖനത്തിൽ പറയുന്നു.

കഴിഞ്ഞ ഏഴു വർഷമായി സത്യം വളച്ചൊടിക്കുകയും അസത്യം പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. മതവിദ്വേഷവും അഭ്യൂഹങ്ങളും രാഷ്ട്രീയ നേട്ടത്തിനായി പ്രചരിപ്പിക്കുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.

അതേസമയം, മഹാരാഷ്ട്ര ബി.ജെ.പി വക്താവ് കേശവ് ഉപാധ്യായ ആരോപണങ്ങൾ നിഷേധിച്ചു. കോൺഗ്രസോ ശിവസേനയോ ഉന്നയിക്കുന്ന ഇത്തരം അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. കഴിഞ്ഞ വർഷത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുമ്പ്, വലതുപക്ഷ പ്രചാരണങ്ങളുള്ള 700 ഫേസ്ബുക് പേജുകൾ നിരോധിച്ചു. മോദിക്കെതിരെ എഴുതിയ മെറ്റീരിയലുകൾ ഇന്നും ഫേസ്ബുക്കിൽ ലഭ്യമാണ്. ബി.ജെ.പിക്ക് ഇത്തതരത്തിൽ ഒരു തെരഞ്ഞെടുപ്പ് നേട്ടവുമുണ്ടായിട്ടില്ല -അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.