പൗരത്വ ഭേദഗതി നിയമം (സി.എ.എ) മുസ്ലിംങ്ങൾക്കെതിരല്ലെന്നും ഒരൊറ്റ മുസ്ലിമിനെയും പുറത്താക്കില്ലെന്നും ആഭ്യന ്തരമന്ത്രി അമിത് ഷാ പറയുന്നുണ്ട്. എന്നാൽ, സംഘ്പരിവാറിൻെറ വാട്സാപ് ഗ്രൂപ്പുകളിൽ ശക്തമായ പ്രചാരണം നടക്കുന്നത് മുസ്ലിം വിമുക്തമായ ഹിന്ദുരാജ്യത്തിലേക്കുള്ള ചുവടുവെയ്പ്പ് എന്ന നിലയിലാണ്. ‘ദ വയർ.കോമി’നു വേണ്ടി കുനാൽ പുരോഹിത് നടത്തിയ അന്വേഷണത്തിലാണ് അണിയറയിലെ സംഘ്പരിവാർ കോലാഹലത്തിൻെറ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നത്. അത്തരം വാട്സാപ് ഗ്രൂപ്പുകളിലെ ചർച്ചയുടെ സ്ക്രീൻ ഷോട്ട് അടക്കമാണ് കുനാൽ പുരോഹിത് റിപ്പോർട്ട് ചെയ്യുന്നത്.
പൗരത്വ ഭേദഗതി നിമയം പാർലമെൻറിൽ അവതരിപ്പിച്ചതുമുതൽ സംഘ്പരിവാർ വൃത്തങ്ങളിൽ വളരെ ആസൂത്രിതമായാണ് വാട്സാപ് പ്രചരണങ്ങൾ നടക്കുന്നതെന്ന് പുരോഹിത് പറയുന്നു. ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നിലവിൽ വരുന്നതോടെ മുസ്ലിങ്ങൾ രാജ്യത്തിനു പുറത്താകുമെന്ന് സൂചിപ്പിച്ച് വ്യാജമായ വിവരങ്ങളുടെ പിൻബലത്തോടെയാണ് ഗ്രൂപ്പുകളിൽ വിദ്വേഷപ്രചാരണം നടക്കുന്നത്. മുസ്ലിംങ്ങൾക്കെതിരെ അക്രമത്തിനും ചില ഗ്രൂപ്പുകളിൽ ആഹ്വാനം നടക്കുന്നുണ്ട്.
നരേന്ദ്ര മോദിയുടെ ചിത്രം പ്രൊഫൈൽ ആക്കിയ പത്തോളം വാട്സാപ് ഗ്രുപ്പുകളിൽ കടന്നുകൂടി നടത്തിയ അന്വേഷണത്തിൻെറ വെളിച്ചത്തിലാണ് കുനാൽ പുരോഹിതിൻെറ റിപ്പോർട്ട്. അതിൽ ഒരു ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത് നേരിട്ട് നരേന്ദ്ര മോദിയുമായി ബന്ധപ്പെടാമെന്നാണ്. ഇന്ത്യക്കെതിരെ മുസ്ലിംങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാെണന്ന് ചില ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നു. ഹിന്ദുക്കളുടെ ജനസംഖ്യ 78 കോടിയായി താഴ്ന്നപ്പോൾ മുസ്ലിംങ്ങളുടെത് 23 കോടിയായി ഉയർന്നുവെന്ന വ്യാജമായ കണക്കുകളാണ് പൗരത്വ പട്ടികയെ ന്യായീകരിക്കാനായി പ്രചരിപ്പിക്കുന്നത്. എന്നാൽ, 2011ലെ സെൻസസസ് പ്രകാരം പോലും ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 96.7 കോടിയായിരുന്നു. മുസ്ലിംങ്ങളുടെത് 17.2 കോടി. വസ്തുത ഇതായിരിക്കെയാണ് വ്യാജ പ്രചാരണങ്ങളിലുടെ ആസൂത്രിതമായി കലാപത്തിന് കോപ്പ് കൂട്ടുന്നതെന്ന് പുരോഹിത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനെ എതിർക്കുന്ന കോൺഗ്രസിനോട് പൊറുക്കരുതെന്നാണ് എല്ലാ ഗ്രൂപ്പുകളിലും പൊതുവായി പങ്കിടുന്ന സന്ദേശം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പേരിൽ നാലോളം ഗ്രൂപ്പുകളിൽ വൻ വ്യാജ പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനെ താൻ എതിർക്കുന്നുവെന്നും ഇസ്ലാമിക രാജ്യമാക്കുകയാണ് തൻെറ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറയുന്നതായാണ് സന്ദേശം പ്രചരിക്കുന്നത്.
(Courtesy: The Wire.com)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.