തിരുവനന്തപുരം : വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്‍റെ ഭാഗമായി കെപിസിസിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം വളര്‍ത്തി അധികാരം നിലനിര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്.
രാജ്യത്തിന്‍റെ ഐക്യവും ബഹുസ്വരതയും അഖണ്ഡതയും സംരക്ഷിക്കുന്നതിനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്. ജാതി,മതം,വര്‍ഗ്ഗം,വര്‍ണ്ണം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശം പകര്‍ന്ന് അവരില്‍ ഒരാളായാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്താനുള്ള ദൗത്യത്തിന്‍റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയത്. വര്‍ഗീയ ശക്തികളെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ നിന്നും തൂത്തെറിയാനുള്ള രണ്ടാംഘട്ടത്തിന്‍റെ തുടക്കം കൂടിയാണ് ഭാരത് ജോഡോ യാത്രയുടെ സമാപനം. അത് പൂര്‍ത്തിയാക്കുമ്പോഴാണ് നമ്മുടെ ലക്ഷ്യം പൂർണമായി വിജയിക്കുന്നത്.
വിവിധ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് പോയവരെയും മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാത്തവരെയും ഒപ്പം നിര്‍ത്തണം. വിശാല ജനാധിപത്യ ഐക്യത്തിനാണ് ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസ് ശ്രമിച്ചത്. ഭാരത് ജോഡോ യാത്രയില്‍ നിന്നും അകലം പാലിച്ചവര്‍ ഭാവിയില്‍ ഒപ്പം ചേരുമെന്നാണ് പ്രതീക്ഷ. അഹിംസാ മാര്‍ഗത്തിലൂടെ ബ്രട്ടീഷുകാരുടെ അടിമത്വത്തില്‍ നിന്നും മോചനം നേടിത്തന്ന മഹാത്മാഗാന്ധിയുടെ ഓര്‍മ്മകള്‍ ആവേശം പകരുന്നതാണ്. വെറുപ്പിനും വിദ്വേഷത്തിനും എതിരെ പൊരുതിയത് കൊണ്ടാണ് മതഭ്രാന്തന്‍ ഗാന്ധിജിയെ വെടിവെച്ച് വധിച്ചതെന്നും ആന്‍റണി പറഞ്ഞു.
ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ടുനിന്ന സി.പി.എം നടപടി ഹിമാലയന്‍ മണ്ടത്തരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങുകളുടെ ഭാഗമായി രാഹുല്‍ ഗാന്ധി കാശ്മീരില്‍ പതാക ഉയര്‍ത്തിയ സമയത്ത് ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പതാക ഉയര്‍ത്തി.തുടര്‍ന്ന് നേതാക്കള്‍ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടത്തി.കൂടാതെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തത്തോടെ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' പരിപാടികള്‍ സംഘടിപ്പിച്ചു.
യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ ഡിസിസി പ്രസിഡന്‍റ് പാലോട് രവി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.