തൃണമൂൽ കോൺഗ്രസിൽ ലയിച്ച ജനതാദൾ സെക്കുലർ ദേശീയ സമിതി അംഗം ഇസ്മായിൽ എരഞ്ഞിക്കലിനെയും പ്രവർത്തകരെയും പി.വി. അൻവർ സ്വീകരിക്കുന്നു

ജനതാദൾ സെക്കുലറിലെ ഒരു വിഭാഗം തൃണമൂൽ കോൺഗ്രസിൽ ലയിച്ചു

നിലമ്പൂർ: നിലമ്പൂരിൽ ജനതാദൾ സെക്കുലറിലെ ഒരു വിഭാഗം തൃണമൂൽ കോൺഗ്രസിൽ ലയിച്ചു. ജനതാദൾ സെക്കുലർ ദേശീയ കൗൺസിൽ അംഗവും ജില്ല പ്രസിഡന്‍റുമായ ഇസ്മായിൽ എരഞ്ഞിക്കലിന്‍റെ നേതൃത്വത്തിലാണ് ഒരു വിഭാഗം തൃണമൂലിൽ ചേർന്നത്. നിലമ്പൂർ മുനിസിപ്പൽ കൗൺസിലറുംകൂടിയാണ് ഇസ്മായിൽ എരഞ്ഞിക്കൽ.

വെള്ളിയാഴ്ച നിലമ്പൂരിൽ ചേർന്ന യോഗത്തിലാണ് ലയനതീരുമാനമുണ്ടായത്. ശേഷം തൃണമൂൽ കോൺഗ്രസിന്‍റെ നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പി.വി. അൻവറിന്‍റെ കൂടെ നടത്തിയ വാർത്തസമ്മേളനത്തിൽ ലയനം പ്രഖ‍്യാപിച്ചു. പി.വി. അൻവർ ഷാളണിയിച്ച് ഇസ്മായിൽ എരഞ്ഞിക്കലിനെയും പ്രവർത്തകരെയും സ്വീകരിച്ചു. ജനതാദൾ സെക്കുലർ ജില്ല എക്സിക‍്യൂട്ടിവ് അംഗം ജയരാജൻ, ചുങ്കത്തറ, വഴിക്കടവ്, നിലമ്പൂർ, മൂത്തേടം മണ്ഡലത്തിലെ നിയോജക മണ്ഡലം ഭാരവാഹികൾ എന്നിവരുൾപ്പെടെ 50ഓളം പേർ ലയനത്തിൽ പങ്കാളികളായി. അതേസമയം, ജനതാദൾ നിയോജക മണ്ഡലം പ്രസിഡന്‍റ് രാജ്മോഹൻ വിട്ടുനിന്നു.

എൽ.ഡി.എഫ്-ബി.ജെ.പി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നതെന്ന് ഇസ്മായിൽ എരഞ്ഞിക്കൽ പറഞ്ഞു. പി.വി. അൻവർ പ്രതിനിധാനംചെയ്യുന്ന ജനകീയ പ്രതിരോധ മുന്നണിയുമായി സഹകരിച്ച് പി.വി. അൻവറിന്‍റെ വിജയത്തിനായി പ്രവർത്തിക്കും. സ്വതന്ത്ര ചിഹ്നത്തിൽ മത്സരിച്ചാണ് താൻ കൗൺസിലറായതെന്നും അതിനാൽ നിലമ്പൂർ നഗരസഭ കൗൺസിലർ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.