ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പാര്‍ട്ടിക്ക് നാല് സീറ്റിന് സി.പി.എം ധാരണ

കൊച്ചി: ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കും മുന്തിയ പരിഗണന നല്‍കാന്‍ സി.പി.എം നടത്തിയ സീറ്റ് ചര്‍ച്ചയില്‍ ധാരണ. ഇതനുസരിച്ച് നാല് സീറ്റുകള്‍ ഉറപ്പിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഒരെണ്ണം കൂടി ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലുമാണ്. എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്ന മറ്റ് കേരള കോണ്‍ഗ്രസുകള്‍ നിലനില്‍പ്പിന് തന്നെ ക്ളേശിക്കുമ്പോഴാണ് ഒടുവിലത്തെിയ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കോളടിച്ച് നില്‍ക്കുന്നത്.  കേരള കോണ്‍ഗ്രസ് ലേബലില്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പാര്‍ട്ടിയെ മാത്രം അംഗീകരിച്ചാല്‍ മതിയെന്ന സി.പി.എം നേതൃത്വത്തിന്‍െറ തീരുമാനമാണ് ഇവര്‍ക്ക് തുണയായത്. മധ്യകേരളത്തില്‍ നാല് സീറ്റിന് സി.പി.എമ്മുമായി ധാരണയുണ്ടാക്കിയ പാര്‍ട്ടി, ഒരെണ്ണം മലബാര്‍ മേഖലയില്‍ കൂടി വേണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. പി.സി. ജോര്‍ജിന്‍െറ കേരള കോണ്‍ഗ്രസിനെ തള്ളാനും മറ്റ് കേരള കോണ്‍ഗ്രസുകള്‍ക്ക് പേരിന് പ്രാതിനിധ്യം മാത്രം നല്‍കാനും ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, ഫ്രാന്‍സിസ് ജോര്‍ജിന് ഗുണമായത് കത്തോലിക്ക സഭയുടെ പിന്തുണയാണ്.
 മുന്നണിയോട് ഒട്ടി നില്‍ക്കുന്ന ഘടക കക്ഷികളല്ലാത്ത ചെറുപാര്‍ട്ടികളുടെ കാര്യത്തിലും  ഒന്നുകില്‍ സീറ്റില്ലാതെ സഹകരിപ്പിക്കുക, അതല്ളെങ്കില്‍ നാമമാത്ര പ്രാതിനിധ്യം നല്‍കി കൂടെ നിര്‍ത്തുക എന്നതാണ് സി.പി.എം നിലപാടെന്നിരിക്കെ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പാര്‍ട്ടിക്ക് ‘വോട്ട് ബാങ്ക്’ പിന്തുണയുണ്ടെന്നതാണ് വ്യത്യസ്ത സമീപനത്തിന് കാരണമത്രെ.  കേരള കോണ്‍ഗ്രസ് പിള്ള, സ്കറിയ തോമസ് വിഭാഗങ്ങള്‍ക്ക് ഒരുസീറ്റിനപ്പുറം ഉണ്ടാകില്ളെന്ന് വ്യക്തമാക്കി കഴിഞ്ഞു. പിള്ള ഗ്രൂപ്പിന് പത്തനാപുരവും സ്കറിയ തോമസ് വിഭാഗത്തിന് കടുത്തുരുത്തിയും. സുരേന്ദ്രന്‍ പിള്ളയുടെ സീറ്റിന്‍െറ കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതോടെ ഘടകകക്ഷിയാകുമെന്ന് ‘ഉറപ്പായ’ കേരള കോണ്‍ഗ്രസും ഫ്രാന്‍സിസ് ജോര്‍ജിന്‍േറതാകുമെന്നാണ് സൂചന.
ഇടുക്കി, ചങ്ങനാശ്ശേരി, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍െറ നേതൃത്വത്തിലെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിത്വം ഉറപ്പായത്. നാലാമത്തെ സീറ്റ് പൂഞ്ഞാറോ കോതമംഗലമോ ആകും. അഞ്ചാമത്തേത് ലഭിച്ചാല്‍ ഇരിക്കൂര്‍, തിരുവമ്പാടി, പേരാമ്പ്ര എന്നിവയിലേതെങ്കിലുമാകും. ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജും തിരുവനന്തപുരത്ത് ആന്‍റണി രാജുവും ചങ്ങനാശ്ശേരിയില്‍ ഡോ. കെ.സി. ജോസഫും മത്സരിക്കും. കോതമംഗലത്ത് ജില്ലാകമ്മിറ്റി അംഗം ആര്‍. അനില്‍കുമാറിനെയോ  സ്വതന്ത്രനെയോ നിര്‍ത്താനാണ് സി.പി.എമ്മില്‍ ആലോചന. ഇതാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിന്‍െറ ആവശ്യം അംഗീകരിക്കുന്നതിന് തടസ്സമെന്നാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.