പുതുമുഖങ്ങള്‍ക്കായി സുധീരന്‍; പ്രമുഖര്‍ക്ക് ചങ്കിടിപ്പ്

തിരുവനന്തപുരം: പുതുമുഖ സ്ഥാനാര്‍ഥികള്‍ക്കായി കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ രണ്ടും കല്‍പിച്ച് രംഗത്തിറങ്ങിയതോടെ മത്സരിക്കാന്‍ വീണ്ടും കച്ചമുറുക്കിയിരിക്കുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചങ്കിടിപ്പേറുന്നു. തുടര്‍ച്ചയായി നാല് ടേം പൂര്‍ത്തീകരിച്ച കോണ്‍ഗ്രസ് സാമാജികരില്‍ അനിവാര്യമായവര്‍ ഒഴികെയുള്ളവര്‍ മാറിനില്‍ക്കണമെന്ന സുധീരന്‍െറ നിലപാടാണ് നേതാക്കളില്‍ ആശങ്ക വളര്‍ത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച ചേരുന്ന യോഗത്തില്‍ നിലപാട് വ്യക്തമാക്കാനാണ് സുധീരന്‍െറ തീരുമാനം.

തോല്‍ക്കുന്ന സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് നല്‍കുകയും ഉറച്ച സീറ്റുകളില്‍നിന്ന് ചിലര്‍ സ്ഥിരമായി മത്സരിച്ച് എം.എല്‍.എമാരായി തുടരുകയും ചെയ്യുന്നതിലെ അധാര്‍മികതയെയാണ് സുധീരന്‍ ചോദ്യം ചെയ്യുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ചിലര്‍ക്ക് ഇളവ് നല്‍കുന്നതില്‍ യോജിപ്പാണെങ്കിലും എല്ലാവരോടും അതേ സമീപനം സാധിക്കില്ളെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധീരന്‍െറ ഇടപെടല്‍ പരമാവധി ഒഴിവാക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയിലത്തെിയിരുന്നു.

കഴിവതും ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ച് തങ്ങളുടെ താല്‍പര്യക്കാര്‍ക്ക് സീറ്റുറപ്പിക്കാനായിരുന്നു ധാരണ. എന്നാല്‍ മൂന്ന് ടേം പൂര്‍ത്തീകരിച്ച തന്നെ ഇത്തവണ പരിഗണിക്കേണ്ടെന്ന് സിറ്റിങ് എം.എല്‍.എ ടി.എന്‍ പ്രതാപനെക്കൊണ്ട് കത്തെഴുതിച്ചാണ് ഗ്രൂപ്പുകളെ സുധീരന്‍ മലര്‍ത്തിയടിച്ചത്. പ്രതാപനെ മാതൃകയാക്കണമെന്നാണ് സുധീരന്‍െറ നിലപാട്. നാല് ടേം പൂര്‍ത്തീകരിച്ചവരെയാണ് അദ്ദേഹം ഉന്നമിടുന്നത്. വിജയം ഉറപ്പുള്ളതും പകരക്കാരാകാന്‍ അര്‍ഹരായവര്‍ ഉള്ളതുമായ മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ വരണമെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യം ഭാഗികമായെങ്കിലും നടപ്പാക്കാനായാല്‍ സ്ഥിരംമുഖങ്ങളില്‍ കുറച്ചുപേരെയെങ്കിലും മാറ്റിനിര്‍ത്താനാകും. തങ്ങളുടെ അടുപ്പക്കാര്‍ പിന്തള്ളപ്പെടുമെന്നതിനാല്‍ മുഖ്യമന്ത്രിക്കും മന്ത്രി രമേശ് ചെന്നിത്തലക്കും ഈ നിര്‍ദേശത്തോട് യോജിക്കാനാവില്ല. അങ്ങനെ വന്നാല്‍ സ്ഥിരംമുഖക്കാരുടെ സീറ്റുകളിലേക്ക് ഒന്നിലേറെ പേരുകള്‍ നിര്‍ദേശിച്ച് വിഷയം ഹൈകമാന്‍ഡിലത്തെിക്കാനായിരിക്കും സുധീരന്‍ ശ്രമിക്കുക. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുംമുമ്പ് മാനദണ്ഡം നിശ്ചയിക്കണമെന്ന ആവശ്യവും അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിക്കും.

ഡി.സി.സി ഉപസമിതികള്‍ നിര്‍ദേശിച്ച പേരുകള്‍ കെ.പി.സി.സി വരുത്തിയ ഭേദഗതികളോടെ ഇപ്പോള്‍ ഹൈകമാന്‍ഡിന്‍െറ പരിഗണനയിലാണ്. ഇവരുടെ സ്വീകാര്യത സംബന്ധിച്ച് എ.ഐ.സി.സി രഹസ്യമായി അന്വേഷിക്കുന്നുണ്ട്. സിറ്റിങ് എം.എല്‍.എമാരുടെ ജനസ്വീകാര്യതയും ഇതേ സംഘം പരിശോധിച്ചുവരുകയാണ്. 28ന് സംസ്ഥാന സ്ഥാനാര്‍ഥി പട്ടിക പരിഗണനക്ക് എത്തുമ്പോള്‍ ഇവരുടെ രഹസ്യ റിപ്പോര്‍ട്ടും കേന്ദ്ര നേതൃത്വത്തിന് ലഭിക്കും.
അതേസമയം, സീറ്റ്വിഭജനം സംബന്ധിച്ച് മുസ്ലിം ലീഗ് ഒഴികെ ഒരുഘടകകക്ഷിയുമായും ധാരണയിലത്തൊന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇന്നലെയും ചൊവ്വാഴ്ചയും നടത്താനിരുന്ന ഉഭയകക്ഷിചര്‍ച്ചകള്‍ മാറ്റിവെച്ചു.

28ന് ചര്‍ച്ച നടത്താമെന്നാണ് എല്ലാവരോടും കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. അന്നുതന്നെയാണ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക് പോകുന്നത്. അന്നും കാര്യമായ ചര്‍ച്ചക്ക് സാധ്യതയില്ല. അതിനാല്‍ ഘടകകക്ഷികള്‍ കോണ്‍ഗ്രസിന്‍െറ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. കോണ്‍ഗ്രസിന്‍െറ താല്‍പര്യം അടിച്ചേല്‍പിക്കാനുള്ള തന്ത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അവര്‍ സംശയിക്കുന്നത്. അങ്ങനെ വന്നാല്‍, വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് അവര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.