കേരള കോണ്‍ഗ്രസിനെതിരെ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ്

കോട്ടയം: ബാര്‍ കോഴക്കേസ് വിവാദം ഉയര്‍ത്തി പാര്‍ട്ടിയെയും പ്രമുഖ നേതാക്കളെയും നിരന്തരം ആക്ഷേപിക്കുന്ന കേരള കോണ്‍ഗ്രസിനും കെ.എം. മാണിക്കും എതിരെ രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസിലെ പ്രബല വിഭാഗം തയാറെടുക്കുന്നു. മധ്യകേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് ഈനീക്കത്തിന് പിന്നില്‍.
മാണിയും ചില നേതാക്കളും പരിധിവിട്ടു നടത്തുന്ന വിമര്‍ശത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനാണ് നീക്കം. യു.ഡി.എഫ് ഘടകകക്ഷികള്‍ക്കു മുന്നില്‍ പലപ്പോഴും വഴങ്ങുന്ന നേതാക്കള്‍ക്കെതിരെയും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രം കോണ്‍ഗ്രസിനെയും നേതാക്കളെയും സ്നേഹിക്കുകയും പിന്നീട് രൂക്ഷവിമര്‍ശം നടത്തി അപഹാസ്യപ്പെടുത്തുകയും ചെയ്യുന്ന മാണിയെയും കൂട്ടരെയും പാഠം പഠിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

ബാര്‍ കോഴക്കേസിലെ ഗൂഢാലോചനക്ക് പിന്നില്‍ രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് മാണിയും പാര്‍ട്ടി പ്രസിദ്ധീകരണമായ ‘പ്രതിച്ഛായ’യും നിരന്തരം നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കണം. ഘടകകക്ഷികളുടെ വിമര്‍ശം അതിരുവിട്ടിട്ടും നേതൃത്വം മൗനം വെടിയാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുറുമുറുപ്പുണ്ട്. പലതവണ കോട്ടയത്തുനിന്ന് പാര്‍ലമെന്‍റിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച രമേശ് ചെന്നിത്തലയെയും മാണിയുടെയും മകന്‍െറയും പാര്‍ട്ടി എം.എല്‍.എമാരുടെയും തെരഞ്ഞെടുപ്പ് വിജയത്തിനും രാഷ്ട്രീയ നിലനില്‍പിനും അഹോരാത്രം കഷ്ടപ്പെടുന്ന ഉമ്മന്‍ ചാണ്ടിയെയും അപമാനിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.

മധ്യകേരളത്തില്‍ കേരള കോണ്‍ഗ്രസ് വിരുദ്ധവികാരം ശക്തമാക്കാനും തീരുമാനിച്ചു. ഇവിടെ രമേശിന്‍െറ സ്വാധീനം കേരള കോണ്‍ഗ്രസ് നേതാക്കള്‍ കാണാതെ പോകരുതെന്ന മുന്നറിയിപ്പും ചിലര്‍ നല്‍കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാണിക്കും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും എതിരെ മധ്യകേരളത്തില്‍ പരസ്യമായി രംഗത്തത്തെിയവരുടെ പിന്തുണയോടെയാണ് പുതിയ നീക്കം. മാണിയും കേരള കോണ്‍ഗ്രസും പരിധി വിടുകയാണെന്നും ബാര്‍ കോഴക്കേസില്‍ കുടുങ്ങുമായിരുന്ന മാണിയെ ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷിച്ചവരത്തെന്നെ ഇപ്പോള്‍ അപമാനിക്കുന്നത് രാഷ്ട്രീയ അല്‍പത്തരമാണെന്നും ഏതാനും നേതാക്കള്‍ കുറ്റപ്പെടുത്തി. മാണിക്കും മകന്‍ ജോസ് കെ. മാണിക്കും എതിരെ ശക്തമായ പ്രചാരണം നടത്താനും തീരുമാനിച്ചു.

ഇനിയും വിമര്‍ശം തുടര്‍ന്നാല്‍ തിരിച്ചടി നല്‍കണമെന്നും ഇക്കാര്യത്തില്‍ മുന്‍മന്ത്രി ആര്യാടന്‍െറ നിലപാടുകളാണ് ശരിയെന്നും ചൂണ്ടിക്കാട്ടി. ജോസ് കെ. മാണിയെ ഒറ്റപ്പെടുത്തുന്ന നിലപാടും ഇവര്‍ സ്വീകരിക്കുമെന്നാണ് സൂചന. ഇക്കാര്യം ജോസ് കെ. മാണിയെ അറിയിക്കാനും ഏതാനും നേതാക്കളെ ചുമതലപ്പെടുത്തി. ചരല്‍കുന്നില്‍ കേരള കോണ്‍ഗ്രസ് എന്തുനിലപാടെടുത്താലും കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നടപടിയുമായി മുന്നോട്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.