ഐസ്ക്രീം കേസ്: കോടതിയിലും വി.എസ്–പിണറായി പോര്

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ വി.എസിനെ തുണക്കുമോ..? ഇല്ലയോ..?  ഐസ്ക്രീം കേസില്‍ വി.എസിന്‍െറ ഹരജി  സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കിയത് അതായിരുന്നു. പിണറായി കൈവിട്ടപ്പോള്‍ അത് കുഞ്ഞാലിക്കുട്ടിക്കെതിരായ പടനീക്കത്തില്‍ വി.എസിന് ആഘാതമായി.
പിണറായിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരനോടുള്ള എതിര്‍പ്പ് പരസ്യമാക്കിയാണ് വി.എസ് തിരിച്ചടിച്ചത്. ഐസ്ക്രീം കേസ് അട്ടിമറിച്ചതില്‍ എം.കെ. ദാമോദരനുള്ള പങ്ക് വി.എസിന്‍െറ അഭിഭാഷകന്‍ കോടതിയില്‍ തുറന്നടിച്ചു. ഇതോടെ വി.എസും പിണറായി സര്‍ക്കാറും തമ്മിലുള്ള ഭിന്നത ആദ്യമായി മറനീക്കി. വി.എസും പിണറായി സര്‍ക്കാറും തമ്മില്‍ പുതിയ പോരിന് വഴിതുറക്കുകയാണ് ഐസ്ക്രീം കേസ്.
   ഐസ്ക്രീം കേസ് അട്ടിമറിയെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റഊഫിന്‍െറ വെളിപ്പെടുത്തലിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് വി.എസ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇതേക്കുറിച്ച് സുപ്രീംകോടതി നിലപാട് ചോദിച്ചപ്പോള്‍ വി.എസിന്‍േറത് രാഷ്ട്രീയപ്രേരിതമായ ആവശ്യമാണെന്ന സത്യവാങ്മൂലം കുഞ്ഞാലിക്കുട്ടി അംഗമായ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ അറിയിച്ചത് സ്വാഭാവികം. എന്നാല്‍, വി.എസിന്‍െറ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാര്‍ വി.എസിനെ  തള്ളിപ്പറഞ്ഞ അപൂര്‍വതയാണ് തിങ്കളാഴ്ച സുപ്രീംകോടതിയിലുണ്ടായത്.
 ഭരണം മാറുമ്പോള്‍ സര്‍ക്കാറിന്‍െറ നിലപാട് മാറുന്നതും അക്കാര്യം അറിയിച്ച് കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നതും പതിവാണ്.  ഐസ്ക്രീം കേസില്‍ അതുണ്ടാകാതെ പോയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം.കെ. ദാമോദരന്‍െറ സ്വാധീനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഐസ്ക്രീം കേസ് കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന ദാമോദരനാണ് കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്നും  വി.എസ് വിശ്വസിക്കുന്നു. ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി നിയമിച്ചതില്‍ വി.എസിന് അതൃപ്തിയുമുണ്ട്.
ഇക്കാര്യത്തില്‍ വി.എസിന്‍െറ നിലപാടില്‍ മാറ്റമില്ളെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് വി.എസിന്‍െറ അഭിഭാഷകന്‍ ഐസ്ക്രീം കേസ് അട്ടിമറിക്ക് പിന്നില്‍ ദാമോദരന്‍െറ പങ്ക് കോടതിയില്‍  ആവര്‍ത്തിച്ചത്.
സി.ബി.ഐ അന്വേഷണ ആവശ്യം തള്ളിയത് തിരിച്ചടിയാണെങ്കിലും ഐസ്ക്രീം കേസില്‍ പിന്നോട്ടുപോകാന്‍ വി.എസ് തയാറല്ല.  വിചാരണ കോടതിയില്‍ ഹരജി നല്‍കുമെന്നാണ് വി.എസുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങള്‍ നല്‍കുന്ന വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.