പി. ജയരാജന് പകരക്കാരനെ നിശ്ചയിക്കാനാവാതെ സി.പി.എം

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസിലുള്‍പ്പെട്ട് റിമാന്‍ഡിലായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന് പകരക്കാരനെ നിശ്ചയിക്കാനാവാതെ സി.പി.എം കണ്ണൂര്‍ നേതൃത്വം. കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ 25ാം പ്രതിയായി ചേര്‍ത്ത പി. ജയരാജന്‍ ഫെബ്രുവരി 12നാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരായത്. കോടതി അന്നുതന്നെ ഒരുമാസത്തേക്ക് റിമാന്‍ഡ് ചെയ്ത ജയരാജന്‍ ഇപ്പോള്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എമ്മിന്‍െറ ജില്ലാ സെക്രട്ടേറിയറ്റും സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും ചേര്‍ന്നാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ സെക്രട്ടറി സ്ഥലത്തില്ലാതിരിക്കുകയോ രോഗപീഡകളാല്‍ ചികിത്സയില്‍ പ്രവേശിപ്പിക്കപ്പെട്ടാലോ ചുമതല സെന്‍ററില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അംഗത്തിന് കൈമാറുക പതിവായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലും പി. ജയരാജന് പകരക്കാരനായി ആര് എന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത സ്ഥിതിയിലാണ് ജില്ലയിലെ നേതാക്കളും അണികളും.
സെക്രട്ടറി സ്ഥാനത്തുനിന്നും ഉടന്‍ നീക്കിയാല്‍, കുറ്റാരോപിതനായ ജയരാജനെ പാര്‍ട്ടിയും തള്ളുന്നുവെന്ന നിലയില്‍ ശത്രുക്കള്‍ പ്രചാരണം നടത്തുമെന്നത് ചുമതല കൈമാറുന്നതിന് തടസ്സമാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള അടക്കംപറച്ചില്‍. നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടുന്ന ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടക്കേണ്ടതുണ്ട്. അപ്പോഴേക്കും സെക്രട്ടറിയുടെ ചുമതല കൈമാറാതെ സി.പി.എമ്മിന് മറ്റ് നിര്‍വാഹമുണ്ടാവുകയില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.