കുത്തക മണ്ഡലത്തില്‍ ഇത്ര കണ്ടാല്‍ പോര

പല ആവശ്യങ്ങള്‍ക്കായി വരുന്നവരോട് ആദ്യചോദ്യം ഭക്ഷണംകഴിച്ചോയെന്നാണ്. വീട്ടിലത്തെുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുകയെന്നത് പണ്ടുമുതല്‍ക്കേ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ശീലമാണ്. പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും. ഈ ശീലംകൂടിയാണ് ആര്യാടനെ നിലമ്പൂരിന്‍െറ പ്രിയ നേതാവാക്കിയതും. 1982ല്‍ ടി.കെ. ഹംസക്ക് മുന്നില്‍ അടിതെറ്റിയപ്പോള്‍ ആര്യാടന്‍െറ രാഷ്ട്രീയഭാവിക്ക് തിരശ്ശീലവീണെന്നാണ് രാഷ്ട്രീയ എതിരാളികള്‍ കരുതിയത്. എന്നാല്‍, വര്‍ധിതവീര്യത്തോടെ 1987ല്‍ ദേവദാസ് പൊറ്റക്കാടിനെ പതിനായിരത്തിലേറെ വോട്ടിന് പരാജയപ്പെടുത്തി തിരിച്ചുവന്നു. പിന്നീട് എതിരാളി ആരായാലും വിജയം ആര്യാടന്‍െറ പക്ഷത്തായിരുന്നു.

1954ല്‍ വണ്ടൂരില്‍ ഐ.എന്‍.ടി.യു.സി നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആര്യാടന്‍ 1965ല്‍ നിലമ്പൂര്‍ മണ്ഡലം രൂപവത്കൃതമായ പ്രഥമ തെരഞ്ഞെടുപ്പില്‍തന്നെ സ്ഥാനാര്‍ഥിയായി. 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ സി.പി.എമ്മിലെ സെയ്താലിക്കുട്ടിയെ തോല്‍പിച്ച് ആദ്യമായി നിയമസഭയിലത്തെി.

എന്നാല്‍, 1979ന്‍െറ അവസാനം അഖിലേന്ത്യാ തലത്തില്‍ കോണ്‍ഗ്രസിനുണ്ടായ പിളര്‍പ്പിനെതുടര്‍ന്ന് ഇന്ദിരപക്ഷത്തുനിന്ന് മാറി ബ്രഹ്മാനന്ദ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസില്‍ എ.കെ. ആന്‍റണിക്കും ഉമ്മന്‍ ചാണ്ടിക്കുമൊപ്പം നില്‍ക്കുകയും ഇടതുപക്ഷത്ത് ചേരുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ ആര്യാടനെ മത്സരിപ്പിച്ചു. അന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറിയായ ജി.എം. ബനാത്ത്വാലയോട് 54,000 വോട്ടിന് പരാജയപ്പെട്ടു. ആര്യാടന്‍െറ രാഷ്ട്രീയജീവിതം കഴിഞ്ഞെന്ന് കരുതിയവരെ ഞെട്ടിച്ച് തെരഞ്ഞെടുപ്പില്‍ നില്‍ക്കാതെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ വനം, തൊഴില്‍മന്ത്രിയായി. 1981 ഡിസംബറില്‍ യു.ഡി.എഫില്‍ തിരിച്ചത്തെിയ ആര്യാടനെ 1982ലെ തെരഞ്ഞെടുപ്പില്‍ ടി.കെ. ഹംസയെ സ്വതന്ത്രനാക്കി മത്സരിപ്പിച്ച് എല്‍.ഡി.എഫ് പരാജയപ്പെടുത്തി. എന്നാല്‍, 87ലെ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ വീണ്ടും തിരിച്ചത്തെി. 1987നുശേഷം ആര്യാടന്‍ നിലമ്പൂരിന്‍െറ സ്വന്തം എം.എല്‍.എയായി.

മുസ്ലിം ലീഗിനെ വിമര്‍ശിച്ചും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ സുഖിപ്പിച്ചും നേട്ടംകൊയ്യുന്ന ആര്യാടന്‍ രാഷ്ട്രീയ കുതന്ത്രങ്ങളുടെ ആള്‍രൂപം തന്നെയാണെന്ന് ആരും തലകുലുക്കി സമ്മതിക്കും. പാണക്കാട് തങ്ങളെപ്പോലും രൂക്ഷമായി വിമര്‍ശിച്ചിട്ടും ആര്യാടനെ താക്കീത് ചെയ്യാന്‍ കോണ്‍ഗ്രസിലെ ഒരു നേതാവും ധൈര്യപ്പെടാത്തതും അതിനാലാണ്. ഇനിയൊരു അങ്കത്തിനില്ളെന്ന് അദ്ദേഹം ആവര്‍ത്തിക്കുമ്പോഴും നിലമ്പൂരുകാര്‍ അതത്ര വിശ്വാസത്തിലെടുത്തിട്ടില്ല.
നിലമ്പൂരില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ, ഐ.ടി.ഐക്ക് സ്വന്തംകെട്ടിടം, ഫയര്‍ഫോഴ്സ്, മുപ്പിനി പാലം, പനങ്കയം പാലം, കൈപ്പിനി പാലം, പുതുക്കിയ വടപുറം പാലം, ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി, വഴിക്കടവ്, നിലമ്പൂര്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകള്‍, നിലമ്പൂരില്‍ വൈദ്യുതി ഭവന്‍ എന്നിവയെല്ലാം ഇദ്ദേഹത്തിന്‍െറ വികസനപട്ടികയിലെ നാഴികക്കല്ലുകളാണ്. മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകള്‍, ഗ്രാമീണ റോഡ് പുനരുദ്ധാരണം, കേന്ദ്രഫണ്ട് ഉപയോഗിച്ചുള്ള മലയോരപാതകളുടെ നിര്‍മാണവും നവീകരണവും, എല്ലാ പഞ്ചായത്തുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഗവ. കോളജ് എന്നിവയും പ്രധാനം. മലയോരപാതകളുടെ വികസനത്തിനും നിര്‍മാണത്തിനുമായി 100 കോടിയുടെ ഫണ്ടാണ് മണ്ഡലത്തിന് അനുവദിച്ചത്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ സാന്നിധ്യമുള്ള വൈദ്യുതി ഭവനാണ് നിലമ്പൂരിന് സ്വന്തമായി ലഭിച്ചത്. കാഞ്ഞിരപ്പുഴയിലെ ജലസമൃദ്ധി ഉപയോഗിച്ച് മിനി ജലവൈദ്യുതി പദ്ധതി കൊണ്ടുവരാനായി.

അതേസമയം, പോരായ്മകള്‍ മണ്ഡലത്തെ പിറകോട്ടടിപ്പിച്ചെന്ന വിമര്‍ശവും വലുതാണ്. മൂന്നരപ്പതിറ്റാണ്ട് മണ്ഡലത്തില്‍ മന്ത്രിയും എം.എല്‍.എയുമായിട്ടും ഒരു ചെറുകിട വ്യവസായ യൂനിറ്റ് പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വനംവകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഏക പൊതുമേഖലാസ്ഥാപനമായ നിലമ്പൂരിലെ വുഡ് ഇന്‍ഡസ്ട്രീസ് ഇന്നും അടഞ്ഞുകിടക്കുകയാണ്. വനംമന്ത്രിയായിട്ടുപോലും ഇത് തുറക്കാന്‍ ആര്യാടന് കഴിഞ്ഞില്ല. നിലമ്പൂര്‍ ബൈപാസ് റോഡിന് തുരങ്കംവെച്ചത് പ്രതിപക്ഷ എം.എല്‍.എയായിരിക്കെ ആര്യാടനാണെന്ന് തെളിവുകള്‍ നിരത്തി സി.പി.എം ആരോപിക്കുന്നു. ഭൂമി വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരത്തുക പോലും നല്‍കാതെയാണ് ഇപ്പോള്‍ ബൈപാസ് റോഡിന്‍െറ ശിലാസ്ഥാപനം നടത്തിയത്.

വന്യമൃഗശല്യം ഏറെയുള്ള മണ്ഡലത്തില്‍ ഫലപ്രദമായ പദ്ധതി കൊണ്ടുവരുന്നതില്‍ വനംമന്ത്രിയായിട്ടുപോലും കഴിഞ്ഞില്ല. ഗതാഗതവകുപ്പു കൂടി കൈകാര്യംചെയ്തിരുന്ന ആര്യാടന് ഇടതുസര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന കെ.എസ്.ആര്‍.ടി.സി ടി.ടി സര്‍വിസുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. എറണാകുളം-നിലമ്പൂര്‍ ലോ ഫ്ളോര്‍ ബസും നിലനിര്‍ത്താനായില്ല. നിലമ്പൂരില്‍ അനുമതിയായ നിര്‍ദിഷ്ട മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കുന്ന കാര്യത്തിലും പരാജയമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.