വികസനത്തിലും കുഞ്ഞാപ്പ തന്നെ ലീഡര്‍

കേരള രാഷ്ട്രീയത്തിലേക്ക് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന അതികായന്‍െറ രണ്ടാംവരവിന് നിദാനമായത് 2011ലെ വേങ്ങര തെരഞ്ഞെടുപ്പാണ്. 2006ലെ തെരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പരാജയത്തിന്‍െറ കയ്പ്പുനീര് കുടിച്ച കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്തുതന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷത്തിനാണ് ഇവിടത്തുകാര്‍ നിയമസഭയിലത്തെിച്ചത്. കുറ്റിപ്പുറത്ത് വീണപ്പോള്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ളെന്നുവരെ പ്രചാരണം നടന്നു. പാര്‍ട്ടിയിലും ‘ഒറ്റപ്പെട്ട’ പ്രതീതി. എന്നാല്‍, വേങ്ങരയിലെ യു.ഡി.എഫുകാര്‍ മാത്രമല്ല, ഒരുവിഭാഗം ഇടതന്മാര്‍ പോലും വോട്ടു ചെയ്തപ്പോള്‍ വിജയം കുഞ്ഞാലിക്കുട്ടിക്കൊപ്പമായി. പിന്നീട് കുറഞ്ഞ കാലംകൊണ്ട് പ്രതിച്ഛായയുടെ സ്കോറുയര്‍ത്തിയപ്പോള്‍ കുഞ്ഞാലിക്കുട്ടി പാര്‍ട്ടിയിലും സര്‍ക്കാറിലും രണ്ടാമനായി വളര്‍ന്നു.

ഊരകം, ഒതുക്കുങ്ങല്‍, വേങ്ങര, പറപ്പൂര്‍, എ.ആര്‍ നഗര്‍, കണ്ണമംഗലം ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നാല്‍ വേങ്ങര മണ്ഡലമായി. തിരൂരങ്ങാടി, മലപ്പുറം, താനൂര്‍ നിയമസഭാ മണ്ഡലങ്ങള്‍ മുറിച്ചാണ് വേങ്ങരക്ക് രൂപംനല്‍കിയത്. കുഞ്ഞാലിക്കുട്ടിയുടെ പാണക്കാട് കാരാത്തോട്ടെ പാണ്ടിക്കടവത്ത് വീടിനുമുന്നില്‍ രണ്ടാംനമ്പര്‍ സ്റ്റേറ്റ് കാര്‍ കണ്ടാല്‍ മതി, ഓരോ ആവശ്യങ്ങളുമായി ആളുകളത്തെും. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 11 വരെ മന്ത്രി കുഞ്ഞാലിക്കുട്ടി ഈ വീട്ടിലുണ്ടാകും.

കേരളയാത്ര തുടങ്ങുന്നതിന്‍െറ  തൊട്ടടുത്ത വെളുപ്പാന്‍ കാലം. നാനാഭാഗത്തുനിന്നുമത്തെിയ ധാരാളം പേര്‍ കുഞ്ഞാലിക്കുട്ടിയുടെ വീടിന്‍െറ പൂമുഖത്ത്  ഇരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ കയറിവന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.വി പ്രകാശടക്കം അവിടെയുണ്ടായിരുന്നു. ശീതീകരിച്ച മുറിയില്‍ അല്‍പസമയം വിശ്രമിക്കുന്നതിനിടെ സമദാനിയുടെ ചോദ്യം: ‘എല്ലാ മന്ത്രിമാരുടെയും വീട്ടില്‍ ഈ സമയത്ത് ഇങ്ങനെ വലിയ ആള്‍ക്കൂട്ടമുണ്ടാകുമോ? സമദാനിയുടെ ചോദ്യം വെറും ചോദ്യമല്ല. ഒരുപക്ഷേ, കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയും ആര്‍ജിച്ചെടുത്ത ജനസമ്മിതി പോലെയാണിത്.

പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാര്‍ക്ക് വെറും മന്ത്രിയല്ല. സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനായ അദ്ദേഹം സര്‍ക്കാറിന്‍െറയും യു.ഡി.എഫിന്‍െറയും നെടുംതൂണാണ്. ലീഗിന് അവസാനവാക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണെങ്കില്‍ പടത്തലവന്‍ മറ്റാരുമല്ല, കുഞ്ഞാലിക്കുട്ടിതന്നെ. അതുകൊണ്ടുതന്നെ പുതിയ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളയാത്ര നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചത് കുഞ്ഞാലിക്കുട്ടിയെയാണ്. ആരോപണങ്ങളില്‍പെട്ട് ആടിയുലഞ്ഞ യു.ഡി.എഫിന്‍െറ വഴികളിലൂടെ കേരളയാത്ര കടന്നുപോയപ്പോള്‍ ജനം ആര്‍ത്തിരമ്പി. ഒരുകാലത്ത് സി.എച്ചിന്  ലഭിച്ചതിനെക്കാള്‍ വലിയ സ്വീകരണമാണ് ലീഗണികളില്‍നിന്ന് കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയത്.
വേങ്ങര മണ്ഡലം പിറവികൊണ്ടപ്പോള്‍ ആദ്യ എം.എല്‍.എയാകാന്‍ ചരിത്രനിയോഗം കുഞ്ഞാലിക്കുട്ടിക്കായിരുന്നു. അതുകൊണ്ടുതന്നെ വികസനക്കുതിപ്പിന്‍െറ കാര്യത്തിലും മറ്റു മണ്ഡലങ്ങളെ പിന്നിലാക്കി വേങ്ങര. മണ്ഡലത്തിലെ പ്രധാന റോഡുകള്‍ മുഴുവനും റബറൈസ്ഡ് ചെയ്ത് ദേശീയ നിലവാരത്തിലേക്കത്തെിക്കാന്‍ ചെലവിട്ടത് കോടികളാണ്. ഒതുക്കുങ്ങല്‍-വേങ്ങര റോഡിന് 270 ലക്ഷവും വേങ്ങര-കുന്നുംപുറം റോഡിന് 310 ലക്ഷവും വേങ്ങര-കൂരിയാട് റോഡിന് 515 ലക്ഷവും അധികാരത്തൊടി-കുറ്റാളൂര്‍ റോഡിന് 800 ലക്ഷവും. ഇങ്ങനെ പോകുന്നു റോഡുകളുടെ വികസനം.

മലപ്പുറം-പരപ്പനങ്ങാടി റോഡ്, മലപ്പുറം മുതല്‍ കക്കാട് വരെ നവീകരിച്ച് ബി.എം.ബി.സി പ്രവൃത്തി നടന്നുവരുകയാണ്. വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന കൊണ്ടോട്ടി-കൊളപ്പുറം റോഡ് നവീകരണത്തിന് കേന്ദ്ര റോഡ് ഫണ്ടില്‍നിന്ന് 18 കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. ഉമ്മിണിക്കടവ് പാലം ഉദ്ഘാടനം ചെയ്തതും തയ്യിലക്കടവ് പാലം നാടിന് സമര്‍പ്പിച്ചതും മഞ്ഞാമാട് പാലം തുറന്നതും പുത്തൂര്‍ പാലം നവീകരണത്തിന് നാലുകോടി നബാര്‍ഡില്‍നിന്ന് നേടിയെടുത്തതും മറ്റും വികസന വഴികളില്‍ ചിലതുമാത്രം. നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതി ആവിഷ്കരിച്ചത് നേട്ടംതന്നെ. എന്നാല്‍, പലതും പാതിവഴിയിലാണെന്നാണ് ‘പ്രതിപക്ഷ’ത്തിന് വിമര്‍ശമായി പറയാനുള്ളത്.  

വേങ്ങര ടൗണിലെ തിരക്കൊഴിവാക്കാന്‍ പുതിയ ബൈപാസ് നിര്‍മിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബൈപാസിന് 15 മീറ്റര്‍, 20 മീറ്റര്‍ വരെ വീതിയാണ് ലക്ഷ്യമിടുന്നത്. ഊരകം, വേങ്ങര, പറപ്പൂര്‍ പഞ്ചായത്തുകളിലെ ജലനിധി പദ്ധതിയും കണ്ണമംഗലം കുടിവെള്ള പദ്ധതിക്ക് 20 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതും ചെറിയ കാര്യമല്ല. ഒതുക്കുങ്ങല്‍-പൊന്മള കുടിവെള്ള പദ്ധതിക്ക് 32 കോടിയാണ് അനുവദിച്ചത്. അതിന്‍െറ പ്രവൃത്തി പുരോഗമിക്കുകയാണ്. എ.ആര്‍ നഗര്‍ കുടിവെള്ള പദ്ധതിക്ക് എട്ടുകോടിയുടെ പ്രവൃത്തിക്ക് തുടക്കമിട്ടു.

വിദ്യാഭ്യാസ രംഗത്ത് പിന്നാക്കംനിന്ന വേങ്ങരയില്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ആരംഭിച്ചതാണ് മറ്റൊരു നേട്ടം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍, ഇത് സര്‍ക്കാര്‍ കോളജ് അല്ല, എയ്ഡഡ് ആണ്. വേങ്ങരയില്‍ സബ്ട്രഷറി വന്നതും നേട്ടംതന്നെ. കൊളപ്പുറത്ത് മൈനോറിറ്റി കോച്ചിങ് സെന്‍ററും ആരംഭിച്ചു. നിരവധി സ്കൂളുകള്‍ക്ക് കോടികള്‍ ചെലവഴിച്ച് പുതുതായി കെട്ടിടംപണി പൂര്‍ത്തിയാക്കി. ചിലത് നിര്‍മാണ ഘട്ടത്തിലാണ്. ഊരകത്ത് പുതിയ ഐ.ടി.ഐ സ്ഥാപിക്കുന്നതിന് അനുമതിയായിട്ടുണ്ട്. വേങ്ങര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ മോഡല്‍ സ്കൂളായി ഉയര്‍ത്താനുള്ള നടപടികള്‍ മറ്റൊരു നേട്ടമാണ്. എല്ലാ എല്‍.പി സ്കൂളുകളിലും സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍ സ്ഥാപിക്കുന്നതിനും യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ക്ളാസ് മുറികള്‍ തുറക്കുന്നതിനും ഐ.ടി ലാബുകളിലേക്ക് കമ്പ്യൂട്ടര്‍ നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്.

അമേരിക്കന്‍ നിര്‍മിത ടെലസ്കോപ് സംവിധാനം മുണ്ടോത്തുപറമ്പ് ഗവ. എല്‍.പി സ്കൂളില്‍ സ്ഥാപിച്ചത് എം.എല്‍.എയുടെ ഇടപെടല്‍ തന്നെ. എട്ടുലക്ഷം രൂപ ചെലവില്‍ പ്രത്യേക ക്ളാസ് മുറികളിലാണ് ആകാശഗോളങ്ങളെ 700 ഇരട്ടി വലുപ്പത്തില്‍ കാണാനുപകരിക്കുന്ന ഉപകരണം സ്ഥാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ബസ് അറ്റ് സ്കൂള്‍ പദ്ധതി നടപ്പാക്കി. 600 പേര്‍ക്ക് നേരിട്ട് തൊഴില്‍നല്‍കുന്ന സിഡ്കോ യൂനിറ്റിന്‍െറ പ്രവൃത്തി കണ്ണമംഗലം പഞ്ചായത്തില്‍ ആരംഭിച്ചു. എ.ആര്‍ നഗര്‍ പഞ്ചായത്തിലെ കൊളപ്പുറത്താണ് വേങ്ങര ഫയര്‍ സ്റ്റേഷന്‍ വരാന്‍പോകുന്നത്. എ.ആര്‍ നഗര്‍ കണ്ണമംഗലം പഞ്ചായത്തുകള്‍കൂടി കണക്കിലെടുത്ത് ആയുര്‍വേദ ആശുപത്രി പാക്കടപ്പുറായയില്‍ തുടങ്ങിയിട്ടുണ്ട്.

നിയോജക മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിലായി നിലവിലെ ലക്ഷംവീട് കോളനികളിലെ ഒറ്റ വീടുകള്‍ വേര്‍പെടുത്തി ഇരട്ടവീടുകളാക്കി മാറ്റി താമസസൗകര്യം നവീകരിച്ചത് വേങ്ങരയിലാണ്. ഇത് സംസ്ഥാനത്ത് ആദ്യത്തെ പദ്ധതിയാണ്. ഇങ്ങനെ 100 വീടുകള്‍ നിര്‍മിക്കുന്നതിന് വികസന ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ നീക്കിവെച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നു മാത്രം നാലര കോടിയുടെ ധനസഹായമാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്.

വേങ്ങര വി.ഐ.പി മണ്ഡലത്തിന്‍െറ പ്രത്യേകത എടുത്തുപറയുമ്പോള്‍ ശ്വാസംമുട്ടി കഴിയുന്ന ലക്ഷം വീട് കോളനികളുടെ മോചനം മാത്രമല്ല, 50,000 പേര്‍ക്ക് സുരക്ഷാ പദ്ധതിയും ഉണ്ട്. ആര്‍.എസ്.ബി.വൈയില്‍ അംഗത്വമുള്ള മണ്ഡലത്തിലെ 10,000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയുടെ അധിക ചികിത്സ ഉറപ്പാക്കുന്ന ‘സുരക്ഷ’ ആരോഗ്യസംരക്ഷണ പദ്ധതി മണ്ഡലത്തില്‍ നടപ്പാക്കി. 500 രൂപയാണ് കുടുംബത്തിന്‍െറ പ്രീമിയം. സൗജന്യമായി നല്‍കുന്ന  ഈ തുക കുടുംബങ്ങള്‍ക്ക് കാരാതോട് പ്രവര്‍ത്തിക്കുന്ന കൂളിപ്പിലാക്കല്‍ പാത്തുമ്മക്കുട്ടി മെമ്മോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റാണ് വഹിക്കുന്നത്. വര്‍ഷന്തോറും പ്രീമിയം പുതുക്കും. മണ്ഡലത്തിലെ 10,000 കുടുംബങ്ങളിലെ 50,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.