നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിലെ മൂന്ന് മന്ത്രിമാര്‍ മത്സരിക്കാനിടയില്ല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മൂന്ന് മന്ത്രിമാര്‍ ഇത്തവണ മത്സരരംഗത്തുണ്ടാകാന്‍ ഇടയില്ല. സിറ്റിങ് എം.എല്‍.എമാരില്‍ ചിലര്‍ക്ക് മണ്ഡലംമാറി മത്സരിക്കേണ്ടിയും വരും. യു.ഡി.എഫില്‍ പ്രത്യേക ക്ഷണിതാക്കളെന്ന പരിഗണനയുള്ള സി.എം.പി, ജെ.എസ്.എസ് കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യവും സംശയത്തിലാണ്. 22ന് വൈകീട്ട് ഡല്‍ഹിയില്‍ ഹൈകമാന്‍ഡുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം മുന്നണിയില്‍ സീറ്റ്വിഭജനത്തിനും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിനുമുള്ള ചര്‍ച്ചകള്‍ക്ക് ജീവന്‍വെക്കും. ഡല്‍ഹി ചര്‍ച്ചക്ക് പിന്നാലെ സ്ഥാനാര്‍ഥിനിര്‍ണയത്തിന് കോണ്‍ഗ്രസില്‍ മാനദണ്ഡവും തയാറാക്കും.ജയസാധ്യതയും ജനസ്വാധീനവും കണക്കിലെടുത്തേ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിനിര്‍ണയം നടത്താവൂയെന്നാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്ന കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ ഉയര്‍ന്ന പൊതുവികാരം. അനിവാര്യരായവര്‍ ഒഴികെ തുടര്‍ച്ചയായി മത്സരിക്കുന്നവരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും സജീവമാണ്.
 കുറഞ്ഞത് 40 പുതുമുഖങ്ങളെയെങ്കിലും ഇത്തവണ മത്സരത്തിനിറക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. സ്ഥാനാര്‍ഥിനിര്‍ണയഘട്ടത്തില്‍ നേതൃത്വത്തിന് ഇക്കാര്യങ്ങളെല്ലാം പരിഗണിക്കേണ്ടിവരും. ഏതെങ്കിലും വ്യക്തിയെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ്പ്രചാരണം നടത്തുന്നതിനുപകരം കൂട്ടായ നേതൃത്വമെന്ന വികാരം സമൂഹത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുംവിധമാകും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. അതിന്‍െറഭാഗമായി കോണ്‍ഗ്രസിനെ നയിക്കുന്ന മൂന്ന് പ്രമുഖ നേതാക്കളും മത്സരത്തിനുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി.എന്‍. ബാലകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവര്‍ ഇത്തവണ മത്സരരംഗത്തുണ്ടാവില്ളെന്നാണ് സൂചന. ആര്യാടനും കെ.സി. ജോസഫും നിരവധിതവണ നിയമസഭാംഗങ്ങളായവരാണ്. ഇനി മത്സരത്തിനില്ളെന്ന് ആര്യാടന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, ഒരവസരംകൂടി ലഭിച്ചാല്‍കൊള്ളാമെന്ന് കെ.സി. ജോസഫിന് ആഗ്രഹമുണ്ട്.
വേണമെങ്കില്‍ മണ്ഡലംമാറി മത്സരത്തിനിറങ്ങാനും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ അദ്ദേഹം തയാറാണ്. എന്നാല്‍, ഇത് സ്വീകാര്യമാകാന്‍ സാധ്യത കുറവാണ്. പകരം യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചേക്കും. സീനിയര്‍ നേതാവാണെങ്കിലും സി.എന്‍. ബാലകൃഷ്ണന്‍ കഴിഞ്ഞതവണയാണ് ആദ്യമായി നിയമസഭാംഗമായത്. ആദ്യ അവസരത്തില്‍ത്തന്നെ മന്ത്രിയാവുകയും ചെയ്തു. കുറച്ചുനാളായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുകയാണ്. അതിനാല്‍ ഇത്തവണ മാറ്റിനിര്‍ത്താനാണ് സാധ്യത.
ചില എം.എല്‍.എമാര്‍ക്ക് സിറ്റിങ് സീറ്റ് നഷ്ടപ്പെടുമെന്നും ഉറപ്പായിട്ടുണ്ട്. സീനിയര്‍ നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണനാണ് ഇവരില്‍ പ്രധാനി. ആരോഗ്യപ്രശ്നങ്ങളാണ് ഇദ്ദേഹത്തിനും വിലങ്ങുതടിയാകുന്നത്. കെ. അച്യുതന്‍െറ കാര്യത്തില്‍ തീര്‍ച്ചയുണ്ടായിട്ടില്ല. അച്യുതന്‍ മത്സരിച്ചില്ളെങ്കില്‍ ചിറ്റൂര്‍ സീറ്റ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് പ്രയാസകരമാകും. അതിനാല്‍ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയാറാകുമെന്ന് തോന്നുന്നില്ല. കെ. സുധാകരന്‍ മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ കണ്ണൂരിലെ സിറ്റിങ് എം.എല്‍.എ അബ്ദുല്ലക്കുട്ടിക്ക് മാറിനില്‍ക്കേണ്ടതായോ മണ്ഡലംമാറി മത്സരിക്കേണ്ടതായോവരും. കെ.പി.സി.സി പ്രസിഡന്‍റ് മത്സരിക്കണമെന്ന് യോഗങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. മത്സരിക്കാനില്ളെന്ന് സുധീരന്‍ തീര്‍ത്ത് പറഞ്ഞിട്ടില്ല. പാര്‍ട്ടി തീരുമാനിക്കട്ടേയെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്.
സുധീരന്‍ മത്സരിച്ചാല്‍ പഴയ തട്ടകമായ മണലൂര്‍ അല്ളെങ്കില്‍ കൊല്ലം സീറ്റാകും തെരഞ്ഞെടുക്കുക. മണലൂരാണെങ്കില്‍ സിറ്റിങ് എം.എല്‍.എ പി.എ. മാധവന് ഇത്തവണ മാറി നില്‍ക്കേണ്ടി വരും.അതേസമയം, സീറ്റ് ഉന്നമിട്ട് നേതാക്കള്‍ അണിയറനീക്കങ്ങള്‍ ആരംഭിച്ചു. പോഷകസംഘടനാ ഭാരവാഹികള്‍ മുതല്‍ കെ.പി.സി.സി ഭാരവാഹികള്‍വരെ ഇക്കൂട്ടത്തിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.