കോഴിക്കോട് ജില്ലാ ലീഗിന് ജന. സെക്രട്ടറിയില്ലാത്തതിന് എതിരെ വിമര്‍ശമുയരും

കോഴിക്കോട്: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗിന് ജന. സെക്രട്ടറിയെ കണ്ടത്തൊനാവാത്ത നേതൃത്വത്തിന്‍െറ കഴിവുകേടിനെതിരെ ഇന്ന് നടക്കുന്ന സംസ്ഥാന ലീഗ് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശമുയരും. ആറുമാസമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജനറല്‍ സെക്രട്ടറിയായിരുന്ന എം.എ. റസാഖ് മാസ്റ്റര്‍ കൊടുവള്ളിയില്‍ നിയമസഭാ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. പകരം നിയമനം നടത്താത്തതിനെതിരെ ജില്ലയില്‍നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ തുറന്നടിക്കുമെന്നാണറിയുന്നത്. 

ജൂണ്‍ ആദ്യത്തില്‍ ജില്ലാ ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ യോഗം വിളിച്ച്, സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദും നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സെക്രട്ടറിയാരാകണമെന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തിയിരുന്നു. ഓരോരുത്തരെ സ്വകാര്യമായി വിളിച്ചാണ് അഭിപ്രായമാരാഞ്ഞിരുന്നത്. എന്നാല്‍, ഇതുവരെ ഭൂരിപക്ഷാഭിപ്രായപ്രകാരം സെക്രട്ടറിയെ തീരുമാനിക്കാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന കൗണ്‍സില്‍ യോഗത്തിന്‍െറ പ്രധാന അജണ്ട ഭരണഘടനാ ഭേദഗതിയും പാര്‍ട്ടി പ്രവര്‍ത്തനത്തിന് കര്‍മപദ്ധതി അംഗീകരിക്കലും മെംബര്‍ഷിപ് കാമ്പയിന്‍െറയും സംഘടനാ തെരഞ്ഞെടുപ്പിന്‍െറയും ഷെഡ്യൂള്‍ തയാറാക്കലുമാണ്.

ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി കോഴിക്കോട്ട് യോഗം ചേര്‍ന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ഫലം അവലോകനമായിരുന്നു പ്രധാന അജണ്ട. തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളിലെ തോല്‍വി കണക്കിലെടുത്ത് രണ്ടിടത്തെയും പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചിരുന്നു. തോല്‍വി അന്വേഷിച്ച അഡ്വ. കെ.എന്‍.എ. ഖാദറിന്‍െറ നേതൃത്വത്തിലെ ഉപസമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. ഒന്നര മാസമായിട്ടും ഈ രണ്ടു മണ്ഡലങ്ങളിലും പുതിയ കമ്മിറ്റികള്‍ പ്രഖ്യാപിക്കാനും നേതൃത്വത്തിനായിട്ടില്ല. ഇതുകാരണം രണ്ടു മണ്ഡലങ്ങളിലും ലീഗിലെ വിഭാഗീയത മൂര്‍ധന്യാവസ്ഥയിലാണ്. നേതൃത്വത്തിന്‍െറ ഈ പിടിപ്പുകേട് കാരണം പാര്‍ട്ടിക്കുണ്ടാവുന്ന ബലക്ഷയവും ഇന്നത്തെ യോഗത്തില്‍ തുറന്ന ചര്‍ച്ചയാവാനിടയുണ്ട്.

മുസ്ലിം യൂത്ത് ലീഗ് പുന$സംഘടനയും അനിശ്ചിതമായി നീളുകയാണ്. 2015 ഫെബ്രുവരിയില്‍ കാലാവധി കഴിഞ്ഞ കമ്മിറ്റിയാണിപ്പോള്‍ തുടരുന്നത്. യൂത്ത് ലീഗിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇനിയും എവിടെയുമത്തെിയിട്ടില്ല. പല ജില്ലകളിലും പഞ്ചായത്ത് കമ്മിറ്റികള്‍ പോലും പൂര്‍ണമായി നിലവില്‍ വന്നിട്ടില്ല. ഇത് യുവാക്കളിലും കടുത്ത അസന്തുഷ്ടി വളര്‍ത്തിയിട്ടുണ്ട്. യൂത്ത് ലീഗിന്‍െറ പ്രശ്നത്തില്‍ സമയാസമയം ഇടപെടാനോ നേരാംവണ്ണം ചലിപ്പിക്കാനോ ലീഗ് നേതൃത്വം ഒന്നും ചെയ്യുന്നില്ളെന്നാണാക്ഷേപം. വനിതാ ലീഗിലെയും പുന$സംഘടന ഒന്നുമായിട്ടില്ല. എം.എസ്.എഫിന് മാത്രമാണ് ഇതിനകം പുന$സംഘടന പൂര്‍ത്തിയായത്. ഈ വിഷയങ്ങളൊക്കെയും ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.