സി.പി.എം കമ്മിറ്റികളില്‍ 60 കഴിഞ്ഞവരെ പുതുതായി ഉള്‍പ്പെടുത്തില്ല

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ വിവിധ കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാനും പുതിയ കമ്മിറ്റികള്‍ രൂപവത്കരിക്കുമ്പോള്‍ 60 കഴിഞ്ഞവരെ പുതുതായി ഉള്‍പ്പെടുത്താതിരിക്കാനുമുള്ള നിര്‍ദേശം പാര്‍ട്ടി പ്ളീനത്തിന്‍െറ പരിഗണനയിലേക്ക്. കമ്മിറ്റികളില്‍ നിലവിലുള്ള അംഗങ്ങള്‍ക്ക് 60 എന്ന പ്രായപരിധി ബാധകമാവില്ല.
ഡിസംബറില്‍ കൊല്‍ക്കത്തയിലാണ് സി.പി.എം പ്ളീനം നടക്കുന്നത്. ഇതിലേക്ക് പരിഗണിക്കേണ്ട വിഷയങ്ങള്‍ അടങ്ങുന്ന രേഖ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗം ചര്‍ച്ചചെയ്തിരുന്നു. അതിലെ നിര്‍ദേശങ്ങളാണ് ഇവ. മതചടങ്ങുകളുടെ കാര്യത്തില്‍ പ്രായോഗികമായ സമീപനം സ്വീകരിക്കണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്.
പ്രധാന കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യമില്ളെന്ന പോരായ്മ വിവിധ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, അതു തിരുത്താനുള്ള ചുവടുവെപ്പുണ്ടാകുന്നത് ഇപ്പോഴാണ്. പി.ബി അടക്കമുള്ള സമിതികളില്‍നിന്ന് 80 കഴിഞ്ഞവരെ ഒഴിവാക്കാന്‍ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ സമയത്ത് നിര്‍ദേശമുണ്ടായിരുന്നു.
വിവിധ കമ്മിറ്റികളിലേക്ക് അംഗങ്ങളെ പുതുതായി ഉള്‍പ്പെടുത്തുന്നതിന് പ്രായപരിധി കൊണ്ടുവരാനാണ് ഇപ്പോഴത്തെ ഒരുക്കം. 40നു താഴെയുള്ളവര്‍ക്ക് കമ്മിറ്റികളില്‍ മുന്‍ഗണന നല്‍കണമെന്ന നിര്‍ദേശമുണ്ട്. 60 കഴിഞ്ഞവരെ പുതുതായി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തേണ്ടതില്ളെന്ന് പശ്ചിമബംഗാള്‍ ഘടകം തീരുമാനിച്ചിരുന്നു. അത് അഖിലേന്ത്യ തലത്തില്‍ നടപ്പാക്കാനാണ് ശ്രമം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.