കോണ്‍ഗ്രസുമായി സഖ്യമില്ല; ‘അബദ്ധം’ തിരുത്താനും സി.പി.എം ഇല്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഹകരിച്ച് മുന്നോട്ടുപോവുകയാണ് സി.പി.എം ചെയ്യേണ്ടതെന്ന ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ അഭിപ്രായം പാര്‍ട്ടി പോളിറ്റ് ബ്യൂറോ തള്ളി. കേന്ദ്രഭരണത്തില്‍ പങ്കാളിയാകാന്‍ ഇനിയൊരിക്കല്‍ അവസരം കിട്ടിയാല്‍, 1986ല്‍ കാണിച്ച അബദ്ധം കാണിക്കരുതെന്ന അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടിനോടും പി.ബി യോജിച്ചില്ല. കാലാകാലങ്ങളില്‍ ചര്‍ച്ചചെയ്തെടുത്ത നിലപാടുകളാണ് ഇക്കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളതെന്ന് പോളിറ്റ് ബ്യൂറോ വിശദീകരിച്ചു. പാര്‍ട്ടി പ്ളീനത്തിലേക്കുള്ള രേഖകള്‍ തയാറാക്കുന്നതിന് പ്രത്യേകമായി ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം.

ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും വീണ്ടും ഒന്നിക്കണമെന്ന ചര്‍ച്ചകള്‍ക്കിടയിലാണ്, അതിനുള്ള സാധ്യതകള്‍ വിരളമാണെന്ന നിലപാട് പോളിറ്റ് ബ്യൂറോ ഇറക്കിയ കുറിപ്പില്‍ വിശദീകരിച്ചത്.
 രണ്ടാഴ്ച മുമ്പ് ഇംഗ്ളീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടിയെ ആവര്‍ത്തിച്ചു വിമര്‍ശിച്ചത്.

ദേശീയതലത്തിലും പശ്ചിമ ബംഗാളിലും സി.പി.എം കോണ്‍ഗ്രസുമായി സഹകരിച്ചുപോകണമെന്നാണ് തന്‍െറ അഭിപ്രായമെന്ന് സോമനാഥ് ചാറ്റര്‍ജി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മന്ത്രിസഭയില്‍ ചേരാന്‍ അവസരം കിട്ടിയാല്‍ പ്രയോജനപ്പെടുത്തണം. ജ്യോതിബസുവിന് ’86ല്‍ പ്രധാനമന്ത്രിയാകാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തിയത് മണ്ടത്തമായി.
കമ്യൂണിസ്റ്റുകള്‍ ദുര്‍ബലപ്പെടുന്നത് രാജ്യത്തിന് നല്ലതല്ളെന്ന് ജനങ്ങള്‍ തിരിച്ചറിയണം. സി.പി.എമ്മും കോണ്‍ഗ്രസും പ്രധാന എതിരാളികളായ കേരളത്തില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുസൃതമായി തീരുമാനമെടുക്കണം.
കഴിഞ്ഞ നേതൃത്വത്തിനു കീഴില്‍ ചിലതൊക്കെ ചീഞ്ഞുനാറി. ജനബന്ധം ഇല്ലാതെ പോകാന്‍ അതിടയാക്കി. പുതിയ നേതൃത്വം താഴത്തെട്ടില്‍നിന്നുതന്നെ ജനബന്ധം വളര്‍ത്തിയെടുക്കണമെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞിരുന്നു. നേതൃത്വത്തെക്കുറിച്ച് നടത്തിയ ഈ പരാമര്‍ശവും പി.ബി തള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.