പിന്നോട്ടില്ളെന്ന് ഗ്രൂപ്പുകളും കെ.പി.സി.സി പ്രസിഡന്‍റും

തിരുവനന്തപുരം: നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ളെന്ന് പ്രഖ്യാപിച്ച് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ഡല്‍ഹിക്ക്. മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചതിന്‍െറ തുടര്‍ച്ചയായാണ് നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ സുധീരനും ഒരുങ്ങുന്നത്. ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കാനാണ് പോകുന്നതെങ്കിലും സോണിയയും രാഹുലുമായും കേരളത്തിന്‍െറ ചുമതലയുള്ള ഭാരവാഹികളുമായും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തും.  

പാര്‍ട്ടി പുന$സംഘടനയിലെ പ്രതിസന്ധി, കണ്‍സ്യൂമര്‍ഫെഡിലെ പ്രശ്നങ്ങള്‍, പാര്‍ട്ടിപ്രവര്‍ത്തകന്‍െറ കൊലപാതകത്തെതുടര്‍ന്ന് തൃശൂരില്‍ ഉടലെടുത്തിട്ടുള്ള തര്‍ക്കം എന്നിവയില്‍ സുധീരന്‍ നിലപാട് വ്യക്തമാക്കും. ഹൈകമാന്‍ഡിന്‍െറ അനുമതിയോടെ നടത്തിയ പുന$സംഘടന അവസാനഘട്ടത്തില്‍ തടസ്സപ്പെട്ടത് പ്രവര്‍ത്തകരില്‍ നിരാശ ഉണ്ടാക്കിയതായും പുന$സംഘടന പൂര്‍ത്തിയാക്കി തദ്ദേശ തെരഞ്ഞെടുപ്പിനെ പുതിയ മുഖത്തോടെ നേരിടാനുള്ള ശ്രമത്തെയാണ് ഗ്രൂപ്പുകള്‍ ഒന്നിച്ച് എതിര്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഇക്കാര്യത്തില്‍ നേതൃത്വത്തിന്‍െറ  നിര്‍ദേശമനുസരിച്ച് മുന്നോട്ടുപോകാനുള്ള സന്നദ്ധത സുധീരന്‍ വ്യക്തമാക്കും. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റിനെ ഒഴിവാക്കണമെന്ന ആവശ്യം ഹൈകമാന്‍ഡിന് മുന്നിലും ആവര്‍ത്തിക്കുമെന്നാണ് സൂചന.

ചാവക്കാട്ട് പാര്‍ട്ടിപ്രവര്‍ത്തകന്‍ ഹനീഫയുടെ കൊലപാതകത്തെ തുടര്‍ന്ന് സ്വീകരിച്ച അച്ചടക്കനടപടി പ്രതിപക്ഷത്തിന്‍െറ കടന്നാക്രമണത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കുകയായിരുന്നു. സി.പി.എമ്മിന്‍െറ അക്രമരാഷ്ട്രീയത്തിനെതിരെ ജനവികാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെയാണ് ചാവക്കാട് സംഭവം. ഇതിന് ഉത്തരവാദികളെന്ന് കൊല്ലപ്പെട്ടയാളുടെ  കുടുംബാംഗങ്ങള്‍ ചൂണ്ടിക്കാട്ടിയവര്‍ക്കെതിരായ നടപടി വൈകിപ്പിച്ചിരുന്നെങ്കില്‍ അത് എതിരാളികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമാകുമായിരുന്നു. എന്നാല്‍, ഇതിന്‍െറ പേരില്‍ തൃശൂരില്‍ പാര്‍ട്ടിപ്രവര്‍ത്തനം തടസ്സപ്പെടുത്തുംവിധമാണ് ഒരുവിഭാഗത്തിന്‍െറ പ്രവര്‍ത്തനമെന്നാണ് സുധീരന്‍െറ നിലപാട്.
തനിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒരുമിച്ചുനില്‍ക്കുകയാണെങ്കിലും തല്‍ക്കാലം പ്രകോപനങ്ങള്‍ക്ക് അദ്ദേഹം ഒരുക്കമല്ല. അതേസമയം, സ്വന്തം നിലപാടില്‍ മാറ്റത്തിനും തയാറല്ല. കടുത്ത ഗ്രൂപ്പുകാരല്ലാത്ത നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ തന്‍െറ നിലപാടുകള്‍ക്ക് ഉണ്ടെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്.

അതേസമയം, സുധീരനുമായി തല്‍ക്കാലം വെടിനിര്‍ത്തല്‍ വേണ്ടെന്ന നിലപാടിലാണ് ഇരുഗ്രൂപ്പുകളും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി കണ്‍വെന്‍ഷനില്‍ സുധീരനുമായി വേദിപങ്കിടാതെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും വ്യക്തമാക്കിയത് അതാണ്. സുധീരന്‍െറ ഒറ്റയാന്‍ പോക്കിന് തടയിട്ടില്ളെങ്കില്‍ നിയസഭാസ്ഥാനാര്‍ഥി നിര്‍ണയത്തിലും തങ്ങളുടെ താല്‍പര്യം അംഗീകരിക്കപ്പെടില്ളെന്ന് ഗ്രൂപ്പുകള്‍ ആശങ്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.