ജേക്കബ് തോമസിന്‍െറയും തച്ചങ്കരിയുടെയും സ്ഥാനമാറ്റത്തില്‍ സുധീരന് അതൃപ്തി

തിരുവനന്തപുരം: ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി ജേക്കബ് തോമസിനെയും കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന്‍ തച്ചങ്കരിയെയും മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍  കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് അതൃപ്തി. വിവാദങ്ങള്‍ക്കിടയാക്കുന്ന തീരുമാനങ്ങളെടുക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഇരുവരുടെയും സ്ഥാനചലനത്തിലുള്ള  അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് സുധീരന്‍  മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങളില്‍ തന്‍െറ അഭിപ്രായങ്ങള്‍ ചര്‍ച്ചചെയ്യേണ്ട വേദികളില്‍ ഉന്നയിക്കും. അരുവിക്കരയിലെ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അതിനുശേഷം നടന്ന കെ.പി.സി.സിയുടെയും യു.ഡി.എഫിന്‍െറയും യോഗങ്ങളില്‍ ഈ വിജയത്തിന്‍െറ സ്പിരിറ്റ് ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്.
പാര്‍ട്ടി പുന$സംഘടന നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡില്‍നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ല. നിര്‍ദേശം വന്നാല്‍ സന്തോഷപൂര്‍വം സ്വീകരിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് പുന$സംഘടന പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമായിരുന്നു. നേതാക്കളെല്ലാം സഹകരിച്ച് മുന്നോട്ടുപോകുന്നത് നല്ലകാര്യമാണ്. തര്‍ക്കങ്ങള്‍ അതത് തലത്തിലെ നേതാക്കള്‍ പരിഹരിക്കുന്നതാണ് നല്ലത്. അതിനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. സുധീരന്‍െറ ഇടപെടലിന് അവസരം നല്‍കാതെ തൃശൂരിലെ ഗ്രൂപ്തര്‍ക്കം പരിഹരിക്കാന്‍ ഗ്രൂപ്നേതാക്കള്‍ യോഗം ചേര്‍ന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍, പാര്‍ട്ടിക്ക് നന്മ വരുന്ന കാര്യമാണെങ്കില്‍ തന്നെ ഉള്‍പ്പെടുത്തിയില്ളെങ്കിലും സന്തോഷമേയുള്ളൂവെന്ന് സുധീരന്‍ പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.