കണ്‍സ്യൂമര്‍ഫെഡ്: സുധീരന്‍െറ താല്‍പര്യത്തിന് വഴങ്ങേണ്ടെന്ന് ഐ ഗ്രൂപ്പില്‍ ധാരണ

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍െറ താല്‍പര്യങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന് ഐ ഗ്രൂപ്പില്‍ ധാരണ. പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജോയി തോമസിനെ നീക്കണമെന്നാവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും ഏകപക്ഷീയമായി അദ്ദേഹത്തെ മാറ്റാനാവില്ളെന്നാണ് ഐ പക്ഷത്തിന്‍െറ നിലപാട്.
ജോയി തോമസിനെ നീക്കുന്നതിനെക്കാള്‍ ഇക്കാര്യത്തില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനോടുള്ള വ്യക്തിവൈരാഗ്യമാണ് സുധീരന്‍െറ നീക്കത്തിനു പിന്നിലെന്നാണ് ഐ ഗ്രൂപ് വാദം. എന്നാല്‍, തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ സര്‍ക്കാറിന്‍െറ മികച്ച പ്രതിച്ഛായ മാത്രമാണ് തന്‍െറ ലക്ഷ്യമെന്ന വാദത്തില്‍ സുധീരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ഉറച്ചുനില്‍ക്കുന്നു. ഇരുപക്ഷവും സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വിഷയം കൂടുതല്‍ സങ്കീര്‍ണമായി.
ജോയി തോമസിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിനെപ്പറ്റി ഇതുവരെ ആലോചിച്ചിട്ടുപോലും ഇല്ളെന്നാണ് ഐ ഗ്രൂപ് പറയുന്നത്. യോഗ്യതയില്ലാത്ത ആരെങ്കിലും നല്‍കിയ എന്തെങ്കിലും റിപ്പോര്‍ട്ടിന്‍െറ പേരില്‍ ഏകപക്ഷീയമായി നിലപാടെടുക്കാന്‍ കഴിയില്ല.  സ്വന്തം ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കാതെ  ജോയി തോമസിനെതിരെ ഒരുനടപടിയും അംഗീകരിക്കില്ളെന്ന് ഐ പക്ഷം വ്യക്തമാക്കുന്നു.
ചാവക്കാട് ഹനീഫവധക്കേസില്‍ മന്ത്രി ബാലകൃഷ്ണന്‍െറ അടുത്ത അനുയായി ഗോപപ്രതാപനെതിരെ തിരക്കിട്ട് കൈക്കൊണ്ട അച്ചടക്കനടപടിയും മുന്‍വിരോധത്തിന്‍െറ ബാക്കിപത്രമാണെന്നാണ് അവരുടെ നിലപാട്. മന്ത്രി ബാലകൃഷ്ണനിലേക്ക് സംശയം എത്തിക്കുകയായിരുന്നു അച്ചടക്കനടപടിയിലൂടെ സുധീരന്‍ ഉന്നമിട്ടതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.അതേസമയം, കണ്‍സ്യൂമര്‍ഫെഡ്, ചാവക്കാട് സംഭവങ്ങളുമായി ബന്ധപ്പെട്ട് കൈക്കൊണ്ട തീരുമാനങ്ങളില്‍ ഗ്രൂപ് പ്രശ്നമോ വ്യക്തിവൈരാഗ്യമോ ഇല്ളെന്നാണ് സുധീരനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.
പൊതുവിതരണരംഗത്ത് സര്‍ക്കാര്‍ പരാജയപ്പെടാന്‍ കാരണം കണ്‍സ്യൂമര്‍ഫെഡിന്‍െറ തകര്‍ച്ചയാണെന്നും അതിന് മാറ്റം വരുത്താനാണ് പ്രസിഡന്‍റിനെ മാറ്റണമെന്ന നിര്‍ദേശം കെ.പി.സി.സി മുന്നോട്ടുവെച്ചതെന്നും സുധീരനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നു. സദുദ്ദേശ്യത്തോടെ കെ.പി.സി.സി പ്രസിഡന്‍റ് മുന്നോട്ടുവെച്ച നിര്‍ദേശത്തെ ഗ്രൂപ്പിന്‍െറ നിറംനല്‍കി ചിത്രീകരിക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനുള്ള നീക്കമാണെന്നും അത് അനുവദിക്കാനാവില്ളെന്നും  അവര്‍ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.