‘ജിജി തോംസണും കെ.എം. എബ്രഹാമും സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നു’

തിരുവനന്തപുരം: ചീഫ്സെക്രട്ടറി ജിജി തോംസണും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമും സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നുവെന്ന് കെ.പി.സി.സിയുടെ വിശാല നിര്‍വാഹകസമിതി യോഗത്തില്‍ വിമര്‍ശം. എല്ലാകാര്യങ്ങളിലും ഇടപെട്ട് ഇരുവരും വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവരെ നിയന്ത്രിക്കണമെന്ന് ജോര്‍ജ് മേഴ്സിയര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.ഘടകകക്ഷികള്‍ നടത്തുന്ന മുഴുവന്‍ അഴിമതികള്‍ക്കും പാര്‍ട്ടിക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്നുവെന്ന് എന്‍. അഴകേശന്‍ കുറ്റപ്പെടുത്തി. വി.എം. സുധീരന്‍ ആദര്‍ശം പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല.  പ്രായോഗികമാക്കാന്‍ ശ്രമിക്കണം. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സുധീരന്‍ ഇരുവശത്തുമായി നിര്‍ത്തിയാല്‍ മാത്രംപോരാ. അവര്‍ക്ക് ചുറ്റും നില്‍ക്കുന്നവരില്‍ നല്ലപങ്കും അഴിമതിക്കാരാണ്. അവരില്‍ നല്ലവരെകൂട്ടി മൂന്നുപേരും ഒരുമിച്ച് നിന്നാല്‍  ഭരണത്തുടര്‍ച്ചയുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സി.എന്‍. ബാലകൃഷ്ണനെ കൊലപാതകിയെന്ന് സി.പി.എം ആക്ഷേപിച്ചിട്ടും പ്രതിരോധിക്കാന്‍ തൃശൂര്‍ ഡി.സി.സി നേതൃത്വം ശ്രമിച്ചില്ളെന്ന് കെ.കെ. കൊച്ചുമുഹമ്മദ് പറഞ്ഞു.

ചാവക്കാട് ഹനീഫവധത്തില്‍ മന്ത്രി ബാലകൃഷ്ണന്‍െറപേര് അനാവശ്യമായി വലിച്ചിഴച്ചത് ശരിയായില്ല. തൃശൂരില്‍ ഡി.സി.സി യോഗംപോലും പ്രസിഡന്‍റ് വിളിച്ചുചേര്‍ക്കുന്നില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചുമുഹമ്മദിന്‍െറ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ച ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹ്മാന്‍ കുട്ടി, ഡി.സി.സി യോഗങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്നും തന്നെ ക്ഷീണിപ്പിക്കാനാണ്  ചിലര്‍ ശ്രമിക്കുന്നതെന്നും തിരിച്ചടിച്ചു. കഴിഞ്ഞദിവസം രാത്രി വൈകിയും തുടര്‍ന്ന കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി തര്‍ക്കവിഷയമായി.

അവിടത്തെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സമിതിയില്‍ അംഗങ്ങളായ സുമ ബാലകൃഷ്ണനും സതീശന്‍ പാച്ചേനിയുമാണ് ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടിയത്.എന്നാല്‍  അവിടെ അഴിമതിയുണ്ടെന്ന കാര്യത്തില്‍ ഇരുവരും യോജിക്കുകയും ചെയ്തു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത എം.ഡി ടോമിന്‍ തച്ചങ്കരിയെ  മാറ്റരുതെന്ന് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.
അവിടെ അഴിമതിയുണ്ടാകാമെങ്കിലും അതേപ്പറ്റി അന്വേഷിക്കാന്‍ എം.ഡി ചുമതലപ്പെടുത്തിയ  മൂന്നംഗസമിതിയിലുള്ളവര്‍ അതിന് യോഗ്യതയില്ലാത്തവരാണെന്ന് സുമ ബാലകൃഷ്ണന്‍ പറഞ്ഞു.

തച്ചങ്കരിയുടെ ഇപ്പോഴത്തെ നിലപാടിനെ വി.എം. സുധീരനും പിന്തുണച്ചു. പൂര്‍വാശ്രമത്തില്‍ തച്ചങ്കരി കുഴപ്പക്കാരനായിരുന്നെങ്കിലും ഇപ്പോഴത്തെ അദ്ദേഹത്തിന്‍െറ നിലപാട് അംഗീകരിക്കപ്പെടേണ്ടതാണെന്നായിരുന്നു  സുധീരന്‍െറ അഭിപ്രായം. റിജി ജി. നായരുടെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിനുണ്ടായ നഷ്ടം വെറും 50കോടി രൂപ മാത്രമായിരുന്നുവെന്നാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ തച്ചങ്കരി വന്നശേഷം കണക്കുകള്‍ ശരിയായി പുറത്തുവന്നപ്പോഴാണ് അത് ആയിരം കോടിയാണെന്ന് വ്യക്തമായതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
കണ്‍സ്യൂമര്‍ഫെഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍  മുഖ്യമന്ത്രിയും ആഭ്യന്തര, സഹകരണ മന്ത്രിമാരും കൂടിയാലോചിച്ച്  പരിഹരിക്കുമെന്ന് വിശാല നിര്‍വാഹകസമിതിയോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ച സുധീരന്‍, അതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരിക്കാനില്ളെന്ന് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.