കന്നിപ്പോരിന് ബലാബലപ്പെരുമ

എതിരാളികളില്ലാത്തതിന്‍െറ ആലസ്യത്തില്‍ മയങ്ങിയവര്‍ക്ക് തലക്കടി കിട്ടിയ അവസ്ഥയിലാണ് കോര്‍പറേഷനായ ശേഷം കന്നിയങ്കത്തിന് കച്ചകെട്ടിയ കണ്ണൂരിലെ ചിത്രം. കണ്ണൂര്‍ നഗരസഭയുടെ ചരിത്രമെന്നത് യു.ഡി.എഫിന്‍െറ വിജയചരിത്രം മാത്രമാണ്. ലീഗിന്‍െറയും കോണ്‍ഗ്രസിന്‍െറയും ഇളകാത്ത വോട്ടുബാങ്കുകള്‍ ഈ നഗരസഭയെ എന്നും കോണ്‍ഗ്രസിനും ലീഗിനുമുള്ള വീതംവെപ്പ് വേദിയാക്കി.  കണ്ണൂര്‍ ജില്ലയില്‍ ജില്ലാ പഞ്ചായത്തും നഗരസഭകളും ഭൂരിഭാഗം പഞ്ചായത്തുകളും ചുവപ്പണിഞ്ഞപ്പോഴും ജില്ലയുടെ ഭരണസിരാ കേന്ദ്രത്തിന്‍െറ ഈ വലതുപക്ഷപ്പകിട്ടിനാണിപ്പോള്‍ മങ്ങലേറ്റത്. ഒറ്റനോട്ടത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ബലാബലത്തിലാണ്.

ആദ്യം ഒളിഞ്ഞ് നിന്ന് ഒടുവില്‍ ഒമ്പതു ഡിവിഷനുകളില്‍ തെളിഞ്ഞ് മത്സരിക്കുന്ന  കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികളാണ് യു.ഡി.എഫിന്‍െറ പാര. കോര്‍പറേഷനില്‍ ലയിച്ച പള്ളിക്കുന്ന് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ പി.കെ. രാഗേഷിന്‍െറ നേതൃത്വത്തില്‍ ഐക്യജനാധിപത്യ സംരക്ഷണ സമിതി എന്ന നിലയില്‍ സംഘടനാ മെയ്വഴക്കത്തോടെയാണ് വിമതപ്പടയോട്ടം. രാഗേഷിന്‍െറ നേതൃത്വത്തില്‍ വിമതരായി പത്രിക നല്‍കിയത് ഏഴു പേരാണ്. റെബല്‍ സ്ഥാനാര്‍ഥികളായി പത്രിക നല്‍കിയ മറ്റുള്ളവരും പിന്നീട് ഇവരുടെ കൂടെ ചേരുകയായിരുന്നു. കെ. സുധാകരന്‍ എന്ന കോണ്‍ഗ്രസിന്‍െറ ഇരട്ടച്ചങ്കുള്ള നേതാവിന്‍െറ മാനസപുത്രനായിരുന്നു പി.കെ. രാഗേഷ്.  ഐ ഗ്രൂപ്പില്‍ നിന്ന് വിട്ടു മാറിയ രാഗേഷ് പിന്നീട് എ ഗ്രൂപ്പിന്‍െറ തണലിലായി. യഥാര്‍ഥത്തില്‍ പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായിരുന്ന സൗന്ദര്യപ്പിണക്കത്തിന്‍െറ പരിണാമമാണീ വിമതഭീഷണി.  ഈസിവാക്കോവറല്ളെന്ന് ആദ്യം കരുതിയ ഇടതുമുന്നണി വിമതസാന്നിധ്യത്തിന്‍െറ ഗുണം കൊയ്യാനാവുമെന്ന പ്രതീക്ഷയിലാണ്.

വിമതപ്പേടിയോടൊപ്പം സീറ്റ് വിഭജനത്തില്‍ തഴഞ്ഞെന്ന ലീഗുകാരുടെ അമര്‍ഷവും കോണ്‍ഗ്രസ് ഭയക്കുന്നുണ്ട്. പഴയ  നഗരസഭ കോണ്‍ഗ്രസും ലീഗും രണ്ടര വര്‍ഷം വീതം ഭരിച്ചു പോന്നിരുന്നതാണ്. കോര്‍പറേഷനിലും ഈ രീതി തന്നെയായിരിക്കും എന്ന മന:പായസം കുടിച്ചിരുന്ന ലീഗുകാരെയാണ് വല്യേട്ടന്‍ ചമഞ്ഞ് യു.ഡി.എഫ് 19 സീറ്റുകളില്‍ ഒതുക്കിയത്. 18 സീറ്റുകള്‍ നല്‍കിയപ്പോള്‍ ഒന്ന് ലീഗുകാര്‍ പിടിച്ചെടുക്കുകയായിരുന്നു. മുനിസിപ്പാലിറ്റിയായിരുന്നപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം നായകത്വം വഹിച്ച ലീഗിപ്പോള്‍ കോണ്‍ഗ്രസ് വല്യേട്ടന്‍െറ കീഴിലായി. ആകെയുള്ള 55 വാര്‍ഡുകളില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് 35 സീറ്റുകളിലും ലീഗ് 19 സീറ്റുകളിലും സി.എം.പി (സി.പി. ജോണ്‍) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

എല്‍.ഡി.എഫില്‍ സി.പി.എം 40ഉം സി.പി.ഐ ആറും, ഐ.എന്‍.എല്‍ നാലും, ജനതാദള്‍ എസ് രണ്ടും, എന്‍.സി.പി, സി.എം.പി (അരവിന്ദാക്ഷന്‍ ഗ്രൂപ്)  ഓരോ സീറ്റിലും മത്സരിക്കുന്നു. മേയര്‍ സ്ഥാനം വനിതാ സംവരണമാണെന്നതിനാല്‍ പ്രമുഖരായ വനിതാ സ്ഥാനാര്‍ഥികളെയും മുന്നണികള്‍ നിര്‍ത്തിയിട്ടുണ്ട്. യു.ഡി.എഫില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സുമാ ബാലകൃഷ്ണനാണ് മേയര്‍ സ്ഥാനാര്‍ഥി. സുരക്ഷിതമെന്ന് കരുതിയ കിഴുന്ന ഡിവിഷനില്‍ ഇവര്‍ കടുത്ത മത്സരത്തിലാണ്. മഹിളാകോണ്‍ഗ്രസ് ജില്ലാ നേതാവായിരുന്ന എ.  ജയലത റെബലായി മത്സരിക്കുന്നതിനൊപ്പം, എല്‍.ഡി.എഫിന്‍െറ സ്ഥാനാര്‍ഥിയായി എം.വി. രാഘവന്‍െറ മകള്‍ എം.വി.  ഗിരിജയും രംഗത്തുള്ളതിനാല്‍ മണ്ഡലം ശ്രദ്ധാകേന്ദ്രമായി.

നിലവില്‍ കണ്ണൂര്‍ നഗരസഭാ  ചെയര്‍പേഴ്സന്‍ ആയ റോഷ്നി ഖാലിദും മത്സര രംഗത്തുണ്ട്. എല്‍.ഡി.എഫിന്‍െറ അഡ്വ. വിമലാ കുമാരിയാണ്  എതിരാളി. ബി.ജെ.പിയും എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. മൂന്ന് സ്വതന്ത്രര്‍ ഉള്‍പ്പെടെ എല്ലാ ഡിവിഷനുകളിലും ബി.ജെ.പിയുമുണ്ട്. കൂടുതല്‍ വോട്ടുകള്‍ നേടുക എന്ന അഭിമാന പോരാട്ടമാണ് ബി.ജെ.പിയുടേത്. വെല്‍ഫെയര്‍ പാര്‍ട്ടി 15 ഡിവിഷനുകളിലും എസ്.ഡി.പി.ഐ പത്തിടത്തും പോരിനിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ നഗരസഭയിലെ കസാനക്കോട്ട വാര്‍ഡില്‍ എസ്.ഡി.പി.ഐ വിജയിച്ചിരുന്നു.

വിമതര്‍ ഭിന്നിപ്പിക്കുന്ന വോട്ടുകളും എസ്.ഡി.പി.ഐയുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും സാന്നിധ്യവും  യു.ഡി.എഫിനെ ഉറക്കം കെടുത്തുമ്പോള്‍ എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. സി.പി.എം പ്രചാരണത്തില്‍ ഏറെ മുന്നിലത്തെിയിട്ടുണ്ട്. പ്രതിസന്ധികള്‍ നേരിട്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസും ഒപ്പം പിടിക്കാനുള്ള ഓട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.