മറിയുമോ ഈ ചുവപ്പുകോട്ട?

തിരുവനന്തപുരം: രണ്ടര പതിറ്റാണ്ടിലേറെയായി ചുവപ്പിച്ചുനിര്‍ത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ചെടുക്കുമെന്ന വാശിയില്‍ യു.ഡി.എഫ്. നിലനിര്‍ത്തുമെന്ന് ഉറപ്പിച്ച്  എല്‍.ഡി.എഫ്. ഇരുമുന്നണികളെയും തറപറ്റിച്ച് തങ്ങള്‍ അധികാരം കൈയാളുമെന്ന് ബി.ജെ.പിയും. തലസ്ഥാനനഗരത്തില്‍ മൂന്നു മുന്നണികളുടെയും പോരാട്ട വീര്യത്തിന് ഒട്ടും കുറവില്ല. മൂന്നാംഘട്ട പ്രചാരണം വരെ എല്‍.ഡി.എഫും ബി.ജെ.പിയും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിനാല്‍ യു.ഡി.എഫ് പ്രചാരണം ഇഴഞ്ഞാണ് ആരംഭിച്ചതെങ്കിലും അവരും ഇപ്പോള്‍ ഒപ്പത്തിനൊപ്പം എത്തിക്കഴിഞ്ഞു.

20 വര്‍ഷത്തിലേറെയായി പിടിച്ചടക്കിയിരിക്കുന്ന ഭരണത്തുടര്‍ച്ചയാണ് എല്‍.ഡി.എഫ് ലക്ഷ്യമെങ്കില്‍ അധികാരം പിടിക്കലാണ് യു.ഡി.എഫ് ഉന്നം. വിമത ശല്യത്തില്‍ കൂടുതല്‍ വലയുന്നത് യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ്. മുന്നണിയുടെ 10ലേറെ വിമതര്‍ ഒൗദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണി ഉയര്‍ത്തുകയാണ്. കെ.പി.സി.സി പ്രസിഡന്‍റിന്‍െറ വാര്‍ഡായ പട്ടത്തും കോണ്‍ഗ്രസിന് വിമതനുണ്ട്. എല്‍.ഡി.എഫില്‍ വിമതര്‍ കാര്യമായി ഇല്ളെങ്കിലും പാളയത്തില്‍പ്പടയാണ് നേരിടുന്ന ഭീഷണി.

ഇന്നലെ ഒപ്പമുണ്ടായിരുന്നവര്‍ പലരും മറുകണ്ടം ചാടി സ്ഥാനാര്‍ഥിയായതിന്‍െറ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. പത്രിക സമര്‍പ്പിക്കുന്നതിന്‍െറ തലേന്നുവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നയാള്‍  ജനതാദള്‍- യു അംഗ്വതമെടുത്ത് കഴക്കൂട്ടം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിന്‍െറ പേരിലെ കലഹം ഇനിയും ഒടുങ്ങിയിട്ടില്ല. നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥിയെ ഒഴിവാക്കി യു.ഡി.എഫില്‍നിന്നുവന്നയാള്‍ക്ക് കമലേശ്വരത്ത് പാര്‍ട്ടി ചിഹ്നം നല്‍കി മത്സരരംഗത്തിറക്കിയതിലും സി.പി.എമ്മില്‍ പ്രാദേശികതലത്തില്‍ അമര്‍ഷമുണ്ട്.

ആര്‍.എസ്.പി ജില്ലാ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ട് സി.പി.എം ചിഹ്നത്തില്‍ മത്സരിക്കുന്ന പേട്ട യു.ഡി.എഫിന് തലവേദനയാണ്. സഹോദരങ്ങള്‍ പരസ്പരം പോരടിക്കുന്ന പേരൂര്‍ക്കട വാര്‍ഡും കോര്‍പറേഷനിലാണ്. കോണ്‍ഗ്രസിന്‍െറ യു.ഡി.എഫ് സ്ഥാനാര്‍ഥി മണ്ണാമ്മൂല രാജനും അനുജന്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രമോഹനനുമാണ് ഏറ്റുമുട്ടുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് റെബലായി ബന്ധു മണ്ണാമ്മൂല രാജേഷും പത്രിക പിന്‍വലിക്കാതെ രംഗത്തുണ്ട്. വനിതാ വാര്‍ഡായ കാലടിയില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും വിമതരുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.