ന്യൂഡല്‍ഹി: രാജ്യത്ത് അസ്വസ്ഥതയും അസഹിഷ്ണുതയും വര്‍ധിക്കുന്നതിനിടയില്‍ ബി.ജെ.പിയും സഖ്യകക്ഷികളും തമ്മില്‍ അകല്‍ച്ച വര്‍ധിച്ചു. സഖ്യകക്ഷികള്‍ക്ക് ബി.ജെ.പിയുടെ മേധാവിത്വ മനോഭാവത്തിലുള്ള അമര്‍ഷവും മടുപ്പുംകൂടിയാണ് പ്രതിഫലിക്കുന്നത്. സഖ്യകക്ഷി നിലപാടുകള്‍ ബിഹാര്‍ ഫലത്തിനൊത്ത് കര്‍ക്കശമാവുകയോ മയപ്പെടുകയോ ചെയ്യും. ശിവസേനയുമായും തെറ്റിനില്‍ക്കുന്നു.
മൗനം പാലിക്കുന്നുവെങ്കിലും, ബിഹാറിലെ സീറ്റ് പങ്കിടലില്‍ രാംവിലാസ് പാസ്വാന്‍െറ എല്‍.ജെ.പിയും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും നീരസത്തിലാണ്. സ്വന്തം വോട്ടുബാങ്കിനത്തെന്നെ ബാധിക്കുമെന്നിരിക്കെ, ഹിന്ദുത്വവാദികളുടെ വര്‍ഗീയ അസഹിഷ്ണുതക്കെതിരെ പ്രതികരിക്കാന്‍ അകാലിദള്‍, ജമ്മു-കശ്മീരിലെ പി.ഡി.പി, തെലുഗുദേശം എന്നീ സഖ്യകക്ഷികളും നിര്‍ബന്ധിതരായി.
സംഘ്പരിവാറിനെ വെല്ലുന്ന ഹിന്ദുത്വവീര്യമാണ് എന്ന് വരുത്തുക വഴി പഴയ ‘പ്രതാപം’ തിരിച്ചുപിടിക്കാനുള്ള ശ്രമം മാത്രമല്ല, മോദിയെയും ബി.ജെ.പിയേയും വെട്ടിലാക്കുന്ന തന്ത്രം കൂടിയാണ് ശിവസേന നടപ്പാക്കുന്നത്. പാക് ഗായകന്‍ ഗുലാം അലിയുടെ പരിപാടി മുടക്കിയത്, സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ചത്, ഇന്ത്യ-പാക് ബി.സി.സി.ഐ മേധാവികളുടെ കൂടിക്കാഴ്ചക്കെതിരെ നടത്തിയ പ്രതിഷേധം തുടങ്ങിയവ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്തപ്പോള്‍, പ്രതിസന്ധിയിലായത് കേന്ദ്രസര്‍ക്കാറാണ്.
മഹാരാഷ്ട്ര ഭരണത്തില്‍ പരിഗണന കിട്ടാത്തതില്‍ ശിവസേന അങ്ങേയറ്റം ക്ഷുഭിതരാണ്. റോളൊന്നുമില്ലാത്ത ബിഹാറില്‍ നിരവധി മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കാന്‍ ഇറങ്ങിയത് ബി.ജെ.പിയോടുള്ള രോഷംകൊണ്ടു മാത്രം. ശിവസേനയുടെ ചെയ്തികളെ തള്ളിപ്പറഞ്ഞ ബി.ജെ.പി നേതൃത്വത്തിനാകട്ടെ, അവര്‍ എത്രകാലം സഖ്യകക്ഷിയായി തുടരുമെന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ എന്‍.സി.പി ബന്ധം നന്നാക്കാന്‍ പിന്നാമ്പുറ ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം ശരദ്പവാറിന്‍െറ ആതിഥ്യം സ്വീകരിച്ച് അദ്ദേഹത്തിന്‍െറ വീട്ടില്‍ തങ്ങിയിരുന്നു. ഏതാനും ആഴ്ച മുമ്പാണ് ശരദ്പവാര്‍ ഡല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
ദാദ്രിയിലെ ഗോമാംസക്കൊല, എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചേല്‍പിക്കുന്നത് തുടങ്ങിയവ ചൂണ്ടിക്കാട്ടി ഹിന്ദുത്വവാദികളുടെ അസഹിഷ്ണുതക്കെതിരെ എല്ലാ സഖ്യകക്ഷികളും പ്രതികരിച്ചു. അധികാരത്തിന്‍െറ പങ്കുപറ്റുന്ന സാഹചര്യങ്ങളില്‍ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. എങ്കിലും 17 മാസമായി മോദിയും ബി.ജെ.പിയും അനുഭവിച്ചുപോന്ന അപ്രമാദിത്വത്തിനാണ് വിള്ളല്‍ വീണത്.
ഏറ്റവുമൊടുവില്‍ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പ്രതികരിച്ചത്. അസ്വസ്ഥതകള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ധാര്‍മിക പ്രതിബദ്ധതയുണ്ടെന്നാണ് നായിഡു പറഞ്ഞത്. ദാദ്രി അടക്കമുള്ള സംഭവങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറുകളുടെ ഉത്തരവാദിത്തമാണെന്നു പറഞ്ഞ് കേന്ദ്രം കൈകഴുകുമ്പോള്‍ തന്നെയാണിത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ ബീഫ് പരാമര്‍ശത്തിനു പിന്നാലെയാണ്, വിദ്വേഷ പ്രസംഗകര്‍ക്കെതിരെ നടപടി വേണമെന്ന് അകാലിദള്‍ എം.പി നരേഷ് ഗുജ്റാല്‍ ആവശ്യപ്പെട്ടത്. ജമ്മു-കശ്മീരിലെ പി.ഡി.പി-ബി.ജെ.പി ബന്ധം തുടക്കംതൊട്ടേ ആടിയുലഞ്ഞാണ്. ജമ്മു-കശ്മീര്‍ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ സ്വതന്ത്ര എം.എല്‍.എയെ മര്‍ദിച്ചത്, ഡല്‍ഹിയിലത്തെിയപ്പോള്‍ കരിഓയില്‍ ഒഴിച്ചത് എന്നിവയെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്തിന് തള്ളിപ്പറയേണ്ടി വന്നു. അത് അതൃപ്തിയുടെ പുറന്തൊലി മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.