ശാശ്വതീകാനന്ദയുടെ മരണം വിവാദങ്ങളില്‍ നിസ്സംഗത പാലിക്കേണ്ടതില്ളെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട്  ഉയരുന്ന വിവാദങ്ങളില്‍ നിസ്സംഗത പാലിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. പ്രശ്നത്തില്‍ ശക്തമായ രാഷ്ട്രീയ ഇടപെടല്‍ നടത്താന്‍  കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ തമ്മില്‍ നടന്ന കൂടിയാലോചനയില്‍ ധാരണയായി.
 വെള്ളാപ്പള്ളി നടേശനെ ദുര്‍ബലനാക്കാന്‍ ലഭിക്കുന്ന അവസരം നഷ്ടപ്പെടുത്തേണ്ടെന്നാണ് നേതൃയോഗത്തിലെ തീരുമാനം. പുനരന്വേഷണവും മറ്റും നിയമപരമായി മാത്രമേ നടത്താന്‍ കഴിയൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ എല്ലാ പരിശോധനകളും പൂര്‍ത്തീകരിച്ച് യുക്തമായ സമയം അന്വേഷണം നടത്തിയാല്‍ മതിയെന്നും സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കേണ്ടെന്നും കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്.
 ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശിവഗിരിമഠം ഉള്‍പ്പെടെ ആശങ്ക വ്യക്തമാക്കിയ സാഹചര്യത്തില്‍ അത് ദൂരീകരിക്കേണ്ടത് സര്‍ക്കാറിന്‍െറയും പാര്‍ട്ടിയുടെയും കടമയാണ്. ശിവഗിരിയില്‍നിന്ന് ഉണ്ടാകുന്ന ആവശ്യം അവഗണിക്കാന്‍ പാടില്ളെന്ന കാഴ്ചപ്പാടാണ് നേതാക്കള്‍ക്കുള്ളത്. എന്നാല്‍, സി.ബി.ഐ അന്വേഷണത്തിന് തീരുമാനിച്ചാല്‍ വെള്ളാപ്പള്ളിയെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പിക്ക് അവസരം കിട്ടും. അതിനാല്‍ സി.ബി.ഐയെ ഒഴിവാക്കി മരണവുമായി ബന്ധപ്പെട്ട ആശങ്ക ദൂരീകരിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് ധാരണ. ഇതനുസരിച്ചാണ് തുടരന്വേഷണ സാധ്യത പരിശോധിക്കാന്‍ നേരത്തേ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബി.ജെ.പിയുമായി കൂട്ടുകൂടാന്‍ വെള്ളാപ്പള്ളി നടേശന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച വിവാദം വീണ്ടും ഉയര്‍ന്നത്. ഈ ആരോപണം പ്രത്യക്ഷമായും പരോക്ഷമായും വെള്ളാപ്പള്ളിയെ ദുര്‍ബലനാക്കുന്നതാണ്. ഇത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. അതിനാല്‍ പ്രശ്നത്തില്‍ മൗനം പാലിക്കാതെ രാഷ്ട്രീയമായി കൈകാര്യം ചെയ്യണമെന്നാണ് കൂടിയാലോചനയില്‍ ഉരുത്തിരിഞ്ഞ ധാരണ. സംഭവത്തില്‍ നേരത്തേ അന്വേഷണം നടത്തിയെന്നതും അന്ന് കാര്യമായി ഒന്നും കണ്ടത്തെിയില്ളെന്നതും ഭരണപരമായ വിഷയമാണ്. പുതിയ എന്തെങ്കിലും തെളിവുണ്ടെങ്കിലേ പുനരന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയൂ. എന്നാല്‍ ഇപ്പോള്‍ വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അതില്‍ എന്തെങ്കിലും പുതിയ തെളിവുകളുണ്ടോയെന്ന് പരിശോധിക്കണമെന്ന് യോഗത്തില്‍ സുധീരന്‍ നിര്‍ദേശിച്ചു. വെള്ളാപ്പള്ളിയും ബി.ജെ.പിയും ഒന്നിച്ചാലും കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കില്ളെന്നും യോഗം വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.