പച്ചക്കോട്ടയില്‍ പടയൊരുക്കം

കോണ്‍ഗ്രസ്^ലീഗ് തര്‍ക്ക മാണ്യു.ഡി.എഫി നെ അലട്ടുന്നത്. നിലമ്പൂര്‍ മേഖലയിലെ വിഭാഗീയത സി.പി.എമ്മിന് വെല്ലുവിളിയാണ്. ജില്ല വിഭജിക്കണമെന്ന അഭിപ്രായം ശക്തിപ്പെടുന്ന സമയത്ത് കൂടിയാണ് ഇത്തവണ തെരഞ്ഞെടുപ്പ്. മലപ്പുറം ഇന്നും മുസ്ലിംലീഗിന്‍െറ സ്വന്തം കോട്ടയാണ്. അതിനാല്‍ തന്നെ തനിയാവര്‍ത്തനത്തില്‍ ഒരു പണത്തൂക്കം മുന്നിലല്ലാതെ ലീഗ് നേതാക്കള്‍ ഇത്തവണയും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല. 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനുശേഷം വന്ന നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ലീഗിന് സമ്മാനിച്ചത് പത്തരമാറ്റ് വിജയമാണ്. ഇത്തവണ തെരഞ്ഞെടുപ്പ് ചൂടിലേക്ക് ആദ്യം കടന്നത് ലീഗും സി.പി.എമ്മുമാണ്.

അടിത്തട്ടില്‍ അവര്‍ എല്ലാ ഒരുക്കങ്ങളും നേരത്തേ പൂര്‍ത്തിയാക്കി. ലീഗുമായുള്ള തര്‍ക്കങ്ങളും മറ്റുമായി കോണ്‍ഗ്രസ് വൈകിയാണ് കരുക്കള്‍ നീക്കിത്തുടങ്ങിയത്. ചിലയിടങ്ങളില്‍ ദുര്‍ബലമായ യു.ഡി.എഫ് സംവിധാനത്തില്‍ നിന്ന് നേട്ടം കൊയ്യാന്‍ എല്‍.ഡി.എഫ് കാത്തിരിക്കുകയാണ്. എന്നാല്‍, നിലമ്പൂര്‍ മേഖലയിലെ വിഭാഗീയതയില്‍ അവര്‍ വിയര്‍ക്കുകയാണ്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ തട്ടകത്തില്‍ സി.പി.എമ്മിലെ ഭിന്നത മുതലെടുക്കാന്‍ കോണ്‍ഗ്രസും ആഞ്ഞുപിടിക്കുന്നുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും പി.ഡി.പിയും ഇടതുമുന്നണിക്കൊപ്പം ഐ.എന്‍.എല്ലും ജില്ലയില്‍ മത്സരത്തിന് കച്ചമുറുക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടുവര്‍ധനയുടെ പ്രതീക്ഷയുമായി ബി.ജെ.പി അവരുടെ പോക്കറ്റുകളില്‍ മത്സരരംഗത്തുണ്ട്.

എത്ര മറന്നാലും മറക്കാനാവാത്ത ഭിന്നതയും സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച തര്‍ക്കങ്ങളും യു.ഡി.എഫിനെ അലട്ടുന്നുണ്ടെങ്കിലും കോണ്‍ഗ്രസും ലീഗും ഒരുമിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വണ്ടൂര്‍ മണ്ഡലത്തിലെ കരുവാരകുണ്ട്, ചോക്കാട്, കാളികാവ്, പോരൂര്‍, നിലമ്പൂര്‍ മണ്ഡലത്തിലെ മൂത്തേടം, കോട്ടക്കല്‍ മണ്ഡലത്തിലെ മാറാക്കര, മഞ്ചേരി, കൊണ്ടോട്ടി, താനൂര്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് തര്‍ക്കം രൂക്ഷം. തെരഞ്ഞെടുപ്പില്‍ ഇത് അടിയൊഴുക്കുകള്‍ക്ക് കാരണമായേക്കും. യു.ഡി.എഫിന്‍െറ ഭാഗമായ  സോഷ്യലിസ്റ്റ് ജനതക്കകത്തും കലഹമടങ്ങിയിട്ടില്ല.
കഴിഞ്ഞ തവണ ഏഴ് നഗരസഭകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 12 ആയിട്ടുണ്ട്. കൊണ്ടോട്ടിയും പരപ്പനങ്ങാടിയും താനൂരും വളാഞ്ചേരിയും തിരൂരങ്ങാടിയും നഗരസഭാപദവിയിലേക്ക് ഉയരുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. പുതിയ നഗരസഭകള്‍ വന്നതോടെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 94 ആയി കുറഞ്ഞു.

ജില്ലാപഞ്ചായത്ത് ഭരണമെന്നാല്‍ ലീഗിന്‍െറ കൂടാരമാണ്. പ്രതിപക്ഷമെന്ന് പറയാന്‍ സി.പി.എം പേരിന് മാത്രം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയും വോട്ടര്‍മാരുമുള്ള ജില്ല വിഭജിക്കണമെന്ന അഭിപ്രായം ശക്തിപ്പെടുന്ന സമയത്താണ് ഇത്തവണ തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്തും ജില്ലാ വികസന സമിതിയും സാധ്യതാപഠനം ആവശ്യപ്പെട്ട് പ്രമേയം പാസാക്കി നല്‍കിയിട്ടുണ്ട്. സി.പി.എം ഈ വാദത്തെ അംഗീകരിക്കുന്നില്ല. തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലയാണ് വിഭജനവാദക്കാരുടെ ഒരു സ്വപ്നം. നിയമസഭയില്‍ 16 എം.എല്‍.എമാരാണ് മലപ്പുറത്തിന്‍െറ ശക്തി. ജില്ലയില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മന്ത്രിമാരായപ്പോള്‍ മലപ്പുറത്തിന് മാത്രം ലീഗിന്‍െറ മൂന്നുപേരടക്കം അഞ്ച്  മന്ത്രിമാര്‍. രാഷ്ട്രീയത്തിലും മറ്റും പൊതുവെ വനിതാ പ്രാതിനിധ്യം കുറഞ്ഞ ജില്ലയില്‍ സംവരണം വന്നതോടെ കൂടുതല്‍ വനിതാസ്ഥാനാര്‍ഥികളെ കണ്ടത്തൊനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വരികയാണ് മിക്ക പാര്‍ട്ടികളും.
ജില്ലാ പഞ്ചായത്ത്
യു.ഡി.എഫ് -30
എല്‍.ഡി.എഫ് -2
നഗരസഭകള്‍:
യു.ഡി.എഫ് -6
എല്‍.ഡി.എഫ് -1
ബ്ളോക്ക് പഞ്ചായത്തുകള്‍
യു.ഡി.എഫ് -14
എല്‍.ഡി.എഫ് -1
ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് -89
എല്‍.ഡി.എഫ് -10
മറ്റുള്ളവര്‍: ഒന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.