ഹൈറേഞ്ച് സംരക്ഷണ സമിതി നിലപാട് നിര്‍ണായകം

മൂന്നാര്‍ തോട്ടം തൊഴിലാളി സമരം വഴി അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഇടുക്കിയില്‍ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനവും എസ്.എന്‍.ഡി.പി നിലപാടും സഭയുടെ ഇടപെടലും നിര്‍ണായകമായേക്കും. യു.ഡി.എഫ് പോലും പ്രതീക്ഷിക്കാത്ത അട്ടിമറി വിജയമായിരുന്നു കഴിഞ്ഞതവണ.  പ്രതിപക്ഷത്ത് പേരിനൊരാളെപ്പോലും കൊടുക്കാതെ മുഴുവന്‍ സീറ്റും നേടി 2010ല്‍ യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. ജില്ലാ കൗണ്‍സില്‍ തുടങ്ങിയ കാലം മുതല്‍ ഇടുക്കി ജില്ലാ ഭരണം എല്‍.ഡി.എഫിനായിരുന്നു. ഏകനഗരസഭയായ തൊടുപുഴയും എട്ടു ബ്ളോക് പഞ്ചായത്തുകളും 53ല്‍ 43 ഗ്രാമപഞ്ചായത്തും ലഭിച്ച യു.ഡി.എഫിന് പക്ഷേ, നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ കാലിടറിയിരുന്നു.

കോണ്‍ഗ്രസിന് എം.പിയോ എം.എല്‍. എയോ ഇല്ലാത്ത ജില്ലയാണ് ഇപ്പോള്‍ ഇടുക്കി. കേരള കോണ്‍ഗ്രസില്‍നിന്ന് മന്ത്രി പി.ജെ. ജോസഫും റോഷി അഗസ്റ്റിനും ജയിച്ചുകയറിയതിനാല്‍ യു.ഡി.എഫിന് രണ്ട് എം.എല്‍.എമാരെ കിട്ടി. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ചതിന്‍െറ ആത്്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനം നിര്‍ണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തേത് പോലുള്ള വിരോധം സമിതിക്ക് ഇപ്പോള്‍ തങ്ങളോടില്ളെന്നതാണ് യു.ഡി.എഫിന്‍െറ ആശ്വാസം. എന്നാല്‍, ഇ.എസ്.എ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമിതിയുടെ പരസ്യ നിലപാട് മുന്നണിയുടെ ആശങ്ക അകറ്റുന്നില്ളെന്നതാണ് യാഥാര്‍ഥ്യം.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയും മെഗാ പട്ടയമേളയുമൊന്നും വോട്ടര്‍മാര്‍ മറക്കില്ളെന്നും അരുവിക്കര ഫലം ആത്മവിശ്വാസം തരുന്നതാണെന്നുമുള്ള വിലയിരുത്തലിലാണ് യു.ഡി.എഫ്. കണ്‍സ്യൂമര്‍ ഫെഡ്-കശുവണ്ടി കോര്‍പറേഷന്‍ അഴിമതിയും സരിത, സലീംരാജ് വിഷയങ്ങളും കൃത്യമായി പ്രയോഗിച്ചാല്‍ ജില്ല തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി. കണ്‍സ്യൂമര്‍ ഫെഡ് അധ്യക്ഷനായിരുന്ന ജോയ് തോമസ് കോണ്‍ഗ്രസിന്‍െറ മുന്‍ ജില്ലാ അധ്യക്ഷനാണ് എന്നത് പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യും.

കഴിഞ്ഞ തവണ കോണ്‍ഗ്രസ് 11ഉം  കേരള കോണ്‍ഗ്രസ് അഞ്ചും സീറ്റ് നേടി പിടിച്ചടക്കിയ ജില്ലാ പഞ്ചായത്തില്‍  ഈ പ്രാവശ്യം പ്രസിഡന്‍റ് സ്ഥാനം വനിതക്കാണ്. ദേവികുളം, വട്ടവട, ചിന്നക്കനാല്‍, മാങ്കുളം, സേനാപതി, രാജാക്കാട്, ശാന്തമ്പാറ, ഉടുമ്പന്‍ചോല, രാജകുമാരി, കൊക്കയാര്‍ ഗ്രാമപഞ്ചായത്തുകളിലാണ് എല്‍.ഡി.എഫ് ഭരണം. മുമ്പേ നഗരമായി വികസിച്ച കട്ടപ്പനയെ സംബന്ധിച്ചിടത്തോളം നഗരസഭാ പദവിയില്‍ അദ്ഭുതമില്ല.

കേരള കോണ്‍ഗ്രസില്‍നിന്ന്  കോണ്‍ഗ്രസിലേക്ക് എത്തിയ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് വെട്ടിക്കുഴിയും മുന്‍ ഡി.സി.സി പ്രസിഡന്‍റും മുന്‍ എം.എല്‍.യുമായ ഇ.എം. ആഗസ്തിയുമടക്കമുള്ളവര്‍ക്ക് പ്രഥമ ചെയര്‍മാന്‍ പദവിയില്‍ കണ്ണുണ്ട്. 34 വാര്‍ഡുള്ള പുതിയ നഗരസഭ അങ്ങനെ ശ്രദ്ധാകേന്ദ്രമാവുകയാണ്. 16 ജനറല്‍ സീറ്റുകള്‍ക്കൊപ്പം അത്ര തന്നെ വനിതാ സംവരണവുമുള്ള നഗരസഭാ കൗണ്‍സിലില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ക്രൈസ്തവരും ഈഴവരുമൊക്കെ അംഗങ്ങളായ ഹൈറേഞ്ച് സംരക്ഷണ സമിതി നേരിട്ടല്ലാതെ വികസന സമിതികളുടെ ബാനറില്‍ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കാനാണൊരുങ്ങുന്നത്.

സി.പി.എമ്മിന്‍െറ ജില്ലയിലെ സമുന്നത നേതാവ് എം.എം. മണിക്ക് പുറമെ പാര്‍ലമെന്‍റ് അംഗവും സമിതിയുടെ നിയമോപദേഷ്ടാവുമായ ജോയ്സ് ജോര്‍ജ് എം.പിയുടെയും ഇടപെടലുകളിലൂടെ എല്‍.ഡി.എഫ് സമിതിയുമായി കൈ കോര്‍ക്കുമെന്നാണ് സൂചന. അത് സാധ്യമായാല്‍ ഇടത് മുന്നണിക്ക് ജില്ലാ പഞ്ചായത്തിലടക്കം തിരിച്ച് വരാനാകും. എസ്.എന്‍.ഡി.പി സഖ്യത്തിലൂടെ നില മെച്ചപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നാളുകളായി ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ഹൈറേഞ്ചില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടത്തുകയാണ്. ഡോ. പ്രവീണ്‍ തൊഗാഡിയ അടക്കമുള്ളവര്‍ കട്ടപ്പനയിലും മറ്റും അടിക്കടി വന്ന് പോകുന്നുണ്ട്.

എസ്.എന്‍.ഡി.പിയുമായി സഹകരിച്ച് മെഡിക്കല്‍ കോളജ് അടക്കമുള്ള വിപുല പദ്ധതികളാണ് അവര്‍ വിഭാവന ചെയ്യുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ ബി.ജെ.പിക്ക് നാല് അംഗങ്ങളുണ്ട്. പരമ്പരാഗത ക്രൈസ്തവ വോട്ടുകള്‍ കോണ്‍ഗ്രസിനും കേരള കോണ്‍ഗ്രസിനും പോകുമ്പോള്‍ കാലങ്ങളായി കമ്യൂണിസ്റ്റ് വോട്ടുകളിലധികവും ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടേതാണ്. എന്നാല്‍, എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തിന് ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള അടിമാലി, കട്ടപ്പന, ഉടുമ്പന്‍ചോല, രാജാക്കാട്, പീരുമേട് തുടങ്ങിയ ഹൈറേഞ്ച് മേഖലകളില്‍ ശക്തി തെളിയിക്കാനാകുമെന്നാണ് പ്രതീക്ഷ. മൈക്രോ ഫിനാന്‍സ് പദ്ധതി വഴി സ്ത്രീകളിലേക്ക് കടന്ന് ചെല്ലാന്‍ വെള്ളാപ്പള്ളി നടേശന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ വി.എസ് അച്യുതാനന്ദന്‍െറ അപ്രതീക്ഷിത ഇടപെടല്‍ ബൂമറാങായി മാറുമായെന്ന കാര്യം കണ്ടറിയണം.
ജില്ലാ പഞ്ചായത്ത്
16ല്‍ 16ഉം യു.ഡി.എഫിന്
മുനിസിപ്പാലിറ്റി
യു.ഡി.എഫ്
കോണ്‍ഗ്രസ് -14
മുസ്ലിംലീഗ് -ഏഴ്
കേരള കോണ്‍ഗ്രസ് -മൂന്ന്
സി.പി.എം -ആറ്
ബി.ജെ.പി -നാല്
എസ്.ഡി.പി.ഐ -ഒന്ന്
ബ്ളോക് പഞ്ചായത്ത്
എട്ടില്‍ എട്ടും യു.ഡി.എഫ്
ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് -43
എല്‍.ഡി.എഫ്-10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.