കൊച്ചി: എസ്.എന്‍.ഡി.പി^ബി.ജെ.പി സഖ്യവിഷയത്തില്‍ ഉര്‍വശീശാപം ഉപകാരമായെന്ന മട്ടില്‍ ഇടതുമുന്നണി. ഇക്കുറി കാര്യമായ തര്‍ക്കമൊന്നും കൂടാതെ സീറ്റ് വിഭജനം പൂര്‍ത്തിയായതിനുപിന്നില്‍ ‘എസ്.എന്‍.ഡി.പി പേടി’യുണ്ടെന്ന് ഇടതുമുന്നണി നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുമുമ്പേ സീറ്റ് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയിരുന്നു. ആര്‍.എസ്.പി മത്സരിച്ചിരുന്ന സീറ്റുകള്‍ ഇക്കുറി ഇടതുപക്ഷത്ത് ഒഴിഞ്ഞുകിടക്കുകയാണ്. ഗൗരിയമ്മയാകട്ടെ ഇടതുപക്ഷത്തേക്ക് പൂര്‍ണമായി വന്നിട്ടുമില്ല. ആര്‍.എസ്.പിയുടെ സീറ്റിനായി ഘടകകക്ഷികളില്‍ ചിലര്‍ അവകാശവാദമുന്നയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് എസ്.എന്‍.ഡി.പി^ബി.ജെ.പി സഖ്യം സജീവമായത്. ഈ സഖ്യം വഴി നഷ്ടമുണ്ടാകാന്‍ സാധ്യത ഇടതുമുന്നണിക്കാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
നല്ളൊരു ശതമാനം എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും സി.പി.എം, സി.പി.ഐ എന്നീ ഇടതുപാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിക്കുന്നവരാണ്. മധ്യകേരളത്തില്‍ കാര്യമായ നഷ്ടമുണ്ടാകുമെന്നും വിലയിരുത്തിയിരുന്നു. ഇത് വിശ്വസിച്ചാണ് കോണ്‍ഗ്രസ് നേതൃത്വവും ആദ്യ ദിവസങ്ങളില്‍ മൗനം പാലിച്ചത്. എന്നാല്‍, കാര്യങ്ങള്‍ കൈവിട്ടുപോയതോടെയാണ് സി.പി.എമ്മിന്‍േറതിനേക്കാള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയത്.
എസ്.എന്‍.ഡി.പി^ബി.ജെ.പി സഖ്യം രൂപപ്പെട്ടതോടെ, ഭിന്നിച്ചുനിന്നാല്‍ താഴെതലങ്ങളിലുള്ള പ്രവര്‍ത്തകര്‍ക്കാണ് നഷ്ടമുണ്ടാവുക എന്ന തിരിച്ചറിവില്‍ ഇടത് നേതാക്കളും ഇക്കുറി കാര്യമായ തര്‍ക്കത്തിന് മുതിര്‍ന്നില്ല. ഇതിന്‍െറ ഫലമായി മധ്യകേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നേരത്തേതന്നെ ഇടതുമുന്നണി സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. മിക്ക സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ പ്രചാരണവുമായി ഇറങ്ങിക്കഴിഞ്ഞു. എറണാകുളം കോര്‍പറേഷനിലേക്കുള്ള സീറ്റ് വിഭജനം വ്യാഴാഴ്ചയോടെ പൂര്‍ത്തിയായി.
യു.ഡി.എഫ് സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാകുംമുമ്പുതന്നെ തങ്ങളുടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇടതുമുന്നണി. അതേസമയം, എസ്.എന്‍.ഡി.പി തങ്ങളുടെ ക്യാമ്പിലേക്ക് ചേക്കേറിയതോടെ വെട്ടിലായത് ബി.ജെ.പിയാണ്. എസ്.എന്‍.ഡി.പി സ്വന്തം നിലക്ക് പാര്‍ട്ടി രൂപവത്കരിക്കുന്നതിനാല്‍ നിലവില്‍ അവരെ സ്വതന്ത്രരായി നിര്‍ത്തി പിന്തുണക്കാനാണ് ധാരണയായത്. ഇതോടെ ബി.ജെ.പിക്ക് നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന മുന്നാക്ക സമുദായ വോട്ടുകളില്‍ വിള്ളലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.