ആറന്മുളയില്‍ നിന്ന് പാഠംപഠിച്ച് മുന്നണികള്‍

ആറന്മുള സമരം ഒരു കൂട്ടുകൃഷിയായിരുന്നു. ഇടത്^ബി.ജെ.പി സഹകരണത്തിന്‍െറ വിത്താണ് അവിടത്തെ ചതുപ്പില്‍ പരീക്ഷിച്ചത്. അങ്ങനെയിരിക്കെ കടന്നുവന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആറന്മുളയിലെ ഐക്യ സമരത്തിന്‍െറ വിളവെടുപ്പായി. കൊയ്ത്തുകഴിഞ്ഞപ്പോഴാണ് ഇടതര്‍ക്ക് ബോധ്യമായത് കുടുതല്‍ വിളവ് ലഭിച്ചത് ബി.ജെ.പിക്കാണെന്ന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ 5,000 മുതല്‍ 10,000 വരെയായിരുന്ന ബി.ജെ.പി വോട്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 18,000 മുതല്‍ 23,000 വരെയായി പെരുകി. ഇടതുമുന്നണിക്ക് കാര്യമായ നേട്ടം ഉണ്ടായതുമില്ല. അത് ഇടതര്‍ക്കും യു.ഡി.എഫിനും ബി.ജെ.പിക്കും പാഠമായിരുന്നു.
കൂടുതല്‍ നേട്ടം കൊയ്യാനുള്ള ബി.ജെ.പിയുടെ പുറപ്പാടും ഉള്ളത് നഷ്ടപ്പെടാതെ സൂക്ഷിച്ച് ബി.ജെ.പി മുന്നേറ്റം തടയാനുള്ള എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ തത്രപ്പാടുകളുമാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന് ചൂട് പകരുന്നത്. 2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭൂരിപക്ഷം ഐക്യ ജനാധിപത്യ മുന്നണിയെയാണ് തുണച്ചത്.

അന്ന് ജില്ലാ പഞ്ചായത്തിലും എട്ടില്‍ ആറ് ബ്ളോക് പഞ്ചായത്തുകളിലും 54ല്‍ 41 ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഭരണം നേടി. മൂന്നുനഗരസഭകളില്‍ രണ്ടിലും ഭരണം സ്വന്തമാക്കി. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 62 അംഗങ്ങളെ ബി.ജെ.പിക്ക് വിജയിപ്പിക്കാനായി. ബ്ളോക്, ജില്ലാ പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിക്കായില്ല. ഇത്തവണ തദ്ദേശ ജനപ്രതിനിധികളുടെ എണ്ണം നൂറിലത്തെിക്കലാണ് ബി.ജെ.പി ലക്ഷ്യം.

പുതിയ പഞ്ചായത്തീരാജ് നിയമം വന്ന ശേഷം 1995ല്‍ നടന്ന ആദ്യ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പു മുതല്‍ ഇതുവരെയുള്ള നാലു ടേമുകളില്‍ 2005ല്‍ മാത്രമാണ് ജില്ലാഭരണവും ഭൂരിപക്ഷം ബ്ളോക്, ഗ്രാമപഞ്ചായത്തുഭരണവും ഇടതുമുന്നണി നേടിയെടുത്തത്. 2005 ഇത്തവണ ആവര്‍ത്തിക്കുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. 2010ലേതില്‍നിന്ന് പിന്നോട്ടുപോകുന്ന അവസ്ഥ ഉണ്ടാകില്ളെന്നാണ് ഡി.സി.സി നേതൃത്വത്തിന്‍െറ അവകാശവാദം. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കം വികസന പദ്ധതികളെല്ലാം നടപ്പായത് കോന്നി നിയമസഭാ മണ്ഡലത്തിലായതിനാല്‍ അവ മറ്റിടങ്ങളില്‍ പറയാനാകാത്ത പരിമിതിയിലാണ് യു.ഡി.എഫ്. കേരള കോണ്‍ഗ്രസാണ് യു.ഡി.എഫിലെ പ്രബല കക്ഷി.

റബര്‍ വിലയിടിവിലും സര്‍ക്കാറിനെതിരായ കോഴ ആരോപണങ്ങളിലുമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. ജില്ലയിലെ വോട്ടെടുപ്പില്‍ സഭകളുടെയും സമുദായ സംഘടനകളുടെയും നിലപാട് സ്വാധീനം ചെലുത്താറുണ്ട്. കത്തോലിക്കാ സഭയോട് കലഹമില്ലാത്തതും ഇടതുപക്ഷത്തിന് പ്രതീക്ഷ പകരുന്നു. ഒപ്പം പി.സി. ജോര്‍ജ് വിഭാഗം, ജെ.എസ്.എസ്, സി.എം.പിയിലെ അരവിന്ദാക്ഷന്‍ വിഭാഗം എന്നിവര്‍ക്ക് ജില്ലയില്‍ അണികളുണ്ട്.

അവരുടെ പ്രചാരണവും  മൈലേജ് കൂട്ടുമെന്നാണ് സി.പി.എം വിലയിരുത്തല്‍. ആറന്മുളയില്‍നിന്ന് ഇത്തവണ ജില്ലാ, ബ്ളോക് പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. അതിനിടയില്‍ ഡല്‍ഹിയിലത്തെിയ വെള്ളാപ്പള്ളിയുടെ തോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൈയിട്ട് ഭായി ഭായി മുദ്രാവാക്യം മുഴക്കിയത് പുലിവാലാകുമെന്നാണ് ബി.ജെ.പി ജില്ലാ നേതൃത്വം കരുതുന്നത്. ജില്ലയില്‍ തങ്ങളുടെ അടിത്തറ നായര്‍ സമുദായമാണെന്നിരിക്കെ അവരെ അപ്പാടെ പിണക്കുന്ന നടപടിയാണ് ഉണ്ടായതെന്ന് ബി.ജെ.പിയില്‍ ഒരുവിഭാഗം കരുതുന്നു. എവിടെ ബി.ജെ.പി സ്ഥാനാര്‍ഥി വിജയിച്ചാലും അത് എസ്.എന്‍.ഡി.പിയുടെ നേട്ടമായി വരുമെന്നതിനാല്‍ എന്‍.എസ്.എസ് അതിന് ഇടനല്‍കാത്ത നിലപാടെടുക്കുമെന്ന് അവര്‍ ഭയക്കുന്നു. ആം ആദ്മി പാര്‍ട്ടി, വെല്‍ഫയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ എന്നിവ മത്സരരംഗത്തുണ്ടാവും. ആര്‍.എസ്.പിക്ക് ജില്ലയില്‍ ഒരു ജനപ്രതിനിധി പോലുമില്ല. യു.ഡി.എഫിനൊപ്പമുള്ള അവര്‍ ഇത്തവണ അക്കൗണ്ട് തുറക്കാനുള്ള നീക്കങ്ങളിലാണ്. പന്തളം നഗരസഭയായതാണ് ഇത്തവണ ഉണ്ടായ മാറ്റം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.