പാഠം പകര്‍ന്ന് പാലക്കാടന്‍ രാഷ്ട്രീയം

അരുവിക്കരയിലെ മികവാര്‍ന്ന പ്രകടനത്തോട് ഒ. രാജഗോപാലിന്‍െറ തട്ടകമായ പാലക്കാട്ടെ ബി.ജെ.പിയിലെ ഗണ്യമായ വിഭാഗത്തിന്‍െറ പ്രതികരണം പ്രായോഗികത നിറഞ്ഞതായിരുന്നു. രാജഗോപാലിന് പകരം മറ്റൊരാളായിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ പ്രകടനം ഇതാവുമായിരുന്നില്ളെന്ന അഭിപ്രായം പങ്കുവെക്കാന്‍ അവര്‍ മടിച്ചില്ല. എങ്കിലും, ആര്‍.എസ്.എസ് മെനയുന്ന തന്ത്രവുമായി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിയുടെ പ്രകടനം ജില്ലയില്‍ കഴിഞ്ഞതവണത്തേക്കാള്‍ മോശമാകില്ളെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, എസ്.എന്‍.ഡി.പി പിന്തുണ ബി.ജെ.പിക്ക് പിന്‍ബലമാവാന്‍ സാധ്യത കുറവാണെന്ന സൂചനയാണ് പാലക്കാടന്‍ തെരഞ്ഞെടുപ്പ് രംഗം നല്‍കുന്ന ഒന്നാംപാഠം. 
 
അടുത്തിടെ, നടന്ന പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുകളില്‍ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ബി.ജെ.പിക്ക് വോട്ട് കൂടുകയും വിഭാഗീയത പാളയത്തിലെ പകപ്പായി പലയിടത്തും സി.പി.എമ്മിനെ വേട്ടയാടുകയും ചെയ്യുന്നെന്നത് വസ്തുതയാണെങ്കിലും സ്വന്തം ശക്തിയില്‍ കവിഞ്ഞൊരു പിന്‍ബലം എസ്.എന്‍.ഡി.പി വഴി ബി.ജെ.പിക്ക് കിട്ടിക്കൊള്ളണമെന്നില്ല. കല്‍പാത്തി അഗ്രഹാര തെരുവുകളിലൂടെ കാല്‍നടയാത്ര സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന ചരിത്രപ്രസിദ്ധമായ ഈഴവ സമരമടക്കം പല ഘടകങ്ങളും ബി.ജെ.പിയുടെ മുന്നിലുണ്ട്. മോദി ഇഫക്ട് ഉയര്‍ത്തിക്കാണിച്ച് നില മെച്ചപ്പെടുത്താനുള്ള തകൃതിയായ ശ്രമമാണ് ബി.ജെ.പി തുടങ്ങിയിട്ടുള്ളത്. പക്ഷേ, കരിമ്പനനാട്ടിലെ എസ്.എന്‍.ഡി.പിയുടെ ഗതകാല ചരിത്രം സംഘ്പരിവാറിന് എത്രത്തോളം സഹായകമാവുമെന്നത് കണ്ടറിയണം. ഇടതുചേരിയോട് പൊതുവെ ആഭിമുഖ്യം പുലര്‍ത്തുന്ന പാരമ്പര്യം തുടരുന്ന ജില്ലയില്‍ സി.പി.എം ഇതുവരെ നേരിട്ടതില്‍ ഏറ്റവും കഠിനമായ പരീക്ഷണമായിരുന്നു 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. കിഴക്കന്‍മേഖലയിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായ മുന്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ ഇടതിനോട് വിട പറഞ്ഞ് യു.ഡി.എഫിന് വേണ്ടി പടച്ചട്ടയണിഞ്ഞതും ഷൊര്‍ണൂരിലെ എം.ആര്‍. മുരളി ഉയര്‍ത്തിയ വെല്ലുവിളിയില്‍ സി.പി.എമ്മിന് ആയുധം വെക്കേണ്ടി വന്നതും പ്രസ്തുത തെരഞ്ഞെടുപ്പിലാണ്. 
 
പലയിടത്തും സി.പി.ഐയും സി.പി.എമ്മിനെ ആവുംവിധം വിരട്ടി. തൊട്ടുമുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം നിലനിര്‍ത്താന്‍ ശരിക്കും നൂല്‍പാലം താണ്ടേണ്ട ഗതികേടാണ് സി.പി.എമ്മിനുണ്ടായത്. എന്നിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുചേരി മേല്‍ക്കൈ നേടി. വരുത്തിവെച്ച കൊടുംവിനകളുടെ ഫലമായി തങ്ങളുടേതെന്ന് ഉറപ്പിച്ച ഇടങ്ങളില്‍ ചെങ്കരുത്തിന് കാലിടറുന്ന അവസ്ഥ പലയിടത്തും പ്രകടമാണെങ്കിലും ഇടതിനെ സംബന്ധിച്ച് ആത്മവിശ്വാസം തകരുന്ന അവസ്ഥ ഇപ്പോഴില്ല. എം.ആര്‍. മുരളി പാര്‍ട്ടിയില്‍ തിരിച്ചത്തെി. ജനതാദള്‍ (എസ്) ഇടതുമുന്നണിയില്‍ സജീവമാണ്. 
 
യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് ജില്ലയില്‍ ചില തുരുത്തുകളും ഗ്രൂപ്പുകളുമായി മാറിയ അനുഭവമാണ് അടിത്തട്ട് വിശകലനത്തില്‍ ലഭിക്കുന്നത്. തന്‍കാര്യം നോക്കുന്നതിനപ്പുറം സംഘബലത്തിലൂന്നിയ പാര്‍ട്ടിഘടകങ്ങള്‍ കോണ്‍ഗ്രസിന് ഇനിയും സജീവമാക്കേണ്ടതുണ്ട്. ഗ്രൂപ്പുകളുടെ പിന്‍ബലത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയ കോണ്‍ഗ്രസ്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിന്‍െറ തോല്‍വിയെതുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിന്ന് മോചിതമായിട്ടില്ല. തോല്‍വിയെപറ്റി അന്വേഷിക്കാന്‍ നിയുക്തമായ യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. കോണ്‍ഗ്രസിന് വളക്കൂറുള്ള പഞ്ചായത്തുകള്‍ ഇല്ളെന്ന് പറയാനാവില്ല. എന്നാല്‍, മുസ്ലിംലീഗുമായി കോണ്‍ഗ്രസിന് സ്വരചേര്‍ച്ചയില്ലാത്ത ആറിലധികം ഗ്രാമപഞ്ചായത്തുകളുണ്ട്. യു.ഡി.എഫിനുള്ളിലെ ഐക്യത്തിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ ഏറെ പ്രാധാന്യമുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ അടക്കമുള്ള പാര്‍ട്ടികള്‍ ചില വാര്‍ഡുകളില്‍ ചെലുത്തുന്ന സ്വാധീനവും ഫലത്തില്‍ പ്രതിഫലിക്കും. 

ജില്ലാ പഞ്ചായത്ത് 
എല്‍.ഡി.എഫ് -20,  യു.ഡി.എഫ് -9
നഗരസഭ 
എല്‍.ഡി.എഫ് -2,  
യു.ഡി.എഫ് -2 
ബ്ളോക് പഞ്ചായത്ത്
എല്‍.ഡി.എഫ് -9,  
യു.ഡി.എഫ് -4. 
ഗ്രാമപഞ്ചായത്ത്
എല്‍.ഡി.എഫ് -49, 
യു.ഡി.എഫ് -39 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.