മുഖ്യ എതിരാളി സി.പി.എം, പക്ഷേ; എതിര്‍പ്പിന്‍െറ കുന്തമുനയില്‍ ബി.ജെ.പി

കൊച്ചി: ‘മുഖ്യശത്രു സി.പി.എം ആണ്. അത് മറക്കരുത്’. ചര്‍ച്ചകള്‍ ബി.ജെ.പിയിലേക്ക് വഴിമാറി പോകുന്നത് കണ്ട് കോണ്‍ഗ്രസ് ദേശീയ നേതാവ് എ.കെ. ആന്‍റണി പ്രാദേശിക നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം രാജ്യത്ത് മാറിവീശുന്ന വര്‍ഗീയ കാറ്റിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി. ഈ കാറ്റ് കേരളത്തില്‍ അടിച്ച് വീശുന്നത് തടഞ്ഞ് നിര്‍ത്തണമെന്നും നിര്‍ദേശിച്ചു.

എസ്.എന്‍.ഡി.പി-ബി.ജെ.പി ബാന്ധവത്തിന്‍െറ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള നീക്കം തടയണമെന്ന കോണ്‍ഗ്രസ് നേതൃതീരുമാനം അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുന്ന വിധത്തിലുള്ളതായിരുന്നു ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന യു.ഡി.എഫ് നേതൃയോഗം. കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ ശക്തമായി ആഞ്ഞടിച്ചപ്പോള്‍ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും തന്ത്രപരമായ മൗനം പാലിച്ചു. കേരളത്തില്‍ മുഖ്യശത്രു സി.പി.എമ്മാണെങ്കിലും ഇക്കുറി പ്രചാരണ രംഗത്ത് എതിര്‍പ്പിന്‍െറ കുന്തമുന തിരിച്ചുവെക്കുക ബി.ജെ.പി-എസ്.എന്‍.ഡി.പി സഖ്യത്തിന് നേര്‍ക്കാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്കും14 ജില്ലകളില്‍നിന്ന് കൊച്ചിയിലത്തെിയ യു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ക്കും നല്‍കിയത്.

ബീഫ് കഴിച്ചുവെന്നുപറഞ്ഞ് നിരപരാധികളെ അടിച്ചുകൊല്ലുന്ന വിധം ജനമനസ്സുകളില്‍ അസഹിഷ്ണുത കുത്തിവെക്കുന്ന കാലമാണിതെന്ന് പറഞ്ഞ് എ.കെ. ആന്‍റണിയാണ് ആദ്യം ആക്രമണമാരംഭിച്ചത്. മോദിയുടെ ഭരണത്തില്‍ മതത്തിന്‍െറ പേരില്‍ ജനങ്ങളെ തട്ടുകളാക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും നരേന്ദ്രമോദി ഇപ്പോള്‍ കേരളത്തിന്‍െറ രാഷ്ട്രീയ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്. അമിത്ഷായും സിംഗാളുമടക്കമുള്ളവര്‍ ഇടക്കിടെ പെട്ടിയും കിടക്കയുമായി കേരളത്തില്‍ എത്തുന്നു. കേരളത്തിലെ മതസൗഹാര്‍ദം രാജ്യത്തിന് മാതൃകയായി മാറുന്നത് സഹിക്കാന്‍ കഴിയാതെയാണ് അവരുടെ നീക്കങ്ങള്‍. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ശ്രീനാരായണ ഗുരുവിന്‍െറ തത്വങ്ങള്‍ മുറുകെ പിടിക്കുന്നവരും വിശേഷ ദിവസങ്ങളില്‍ അന്യമതസ്ഥരുമായ അന്നം പങ്കുവെക്കുന്നവരുമാണ് കേരളീയര്‍. ഇങ്ങനെ മതസൗഹാര്‍ദ പാരമ്പര്യമുള്ള കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന് എസ്.എന്‍.ഡി.പിയുടെ പേര് പറയാതെ ആന്‍റണി പറഞ്ഞുവെച്ചു.

തുടര്‍ന്ന് സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ശക്തമായ ആക്രമണമാണ് ബി.ജെ.പിക്ക് എതിരെ തൊടുത്തുവിട്ടത്. മാംസം കഴിക്കുന്നതിന്‍െറ പേരില്‍ സഹജീവികളെ തല്ലിക്കൊല്ലുന്ന സംസ്കാരമാണ് രാജ്യത്ത് വളര്‍ന്നുവരുന്നതെന്നും മോദിയുടെയും അമിത്ഷായുടെയും കൈകളില്‍ ചോരക്കറയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കേരളത്തില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അത് വിലപ്പോവില്ളെന്നും വിഭാഗീയതക്ക് കേരളം കൂട്ടുനില്‍ക്കില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കി.

കോണ്‍ഗ്രസ് ശക്തമായ വിമര്‍ശവുമായി രംഗത്തിറങ്ങിയപ്പോള്‍ ഘടകകക്ഷികള്‍ ബി.ജെ.പി-എസ്.എന്‍.ഡി.പി വിഷയത്തില്‍ തന്ത്രപരമായ മൗനം പാലിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളമാകെ പെയ്ത മഴ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ദിവസം മാറിനിന്ന് തെളിഞ്ഞ കാലാവസ്ഥയുണ്ടായതും ഇത് യു.ഡി.എഫിന് ശുഭസൂചനയാണ് നല്‍കുന്നതെന്നും ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞപ്പോള്‍ കാരുണ്യ ലോട്ടറി വഴി പതിനായിരങ്ങള്‍ക്ക് സഹായമത്തെിച്ച കാര്യമാണ് മാണി വിശദീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.