അരുവിക്കര കണ്ട് ബി.ജെ.പി പനിക്കേണ്ട -ആന്‍റണി

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അരുവിക്കരയിലെ ഫലം കണ്ട് ബി.ജെ.പി പനിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. കൊച്ചിയില്‍ യു.ഡി.എഫ് സംസ്ഥാനതല നേതൃകണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. അരുവിക്കരയില്‍ പല കാരണങ്ങളാല്‍ ബി.ജെ.പിക്ക് കുറച്ചധികം വോട്ടു കിട്ടി എന്നത് യാഥാര്‍ഥ്യമാണ്. പക്ഷേ, അത് മറ്റെല്ലാ മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന് അവര്‍ മോഹിക്കരുതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത എ.കെ. ആന്‍റണി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സെമി ഫൈനലാണ്. ഫൈനല്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. അതിലെ വിജയം കൂടി മുന്നില്‍കണ്ട് വേണം യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് യു.ഡി.എഫിന് കേരളം സമ്മാനിച്ചത്. ആ  വിജയം ആവര്‍ത്തിക്കാന്‍ കഠിനാധ്വാനം വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

യു.ഡി.എഫിലെ ഒത്തൊരുമയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ചതെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അഭിപ്രായപ്പെട്ടു. അതേ ഒത്തൊരുമയോടെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ‘അരുവിക്കര’ ആവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പഞ്ചായത്തീരാജ് സംവിധാനത്തിന് പുരസ്കാരം നേടിയ സംസ്ഥാനമാണ് കേരളമെന്നും കുബേര റെയ്ഡും മറ്റുമായി സാധാരണക്കാര്‍ക്ക് ഏറ്റവുമധികം ഗുണം ചെയ്ത സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.  യു.ഡി.എഫ് പ്രകടനപത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്‍െറ തത്വങ്ങള്‍ക്കും നവോത്ഥാന നായകര്‍ക്കും വേരോട്ടമുള്ള മണ്ണാണ് കേരളമെന്നും  ഇവിടെ വര്‍ഗീയ അജണ്ടകള്‍ വിലപ്പോകില്ളെന്നും പ്രകടനപത്രിക ഏറ്റുവാങ്ങി സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ളെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.