ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ടിനെതിരായ പ്രചാരണം സുധീരന്‍ നയിക്കും

തിരുവനന്തപുരം: ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ടിനെതിരെ കോണ്‍ഗ്രസ് നടത്തുന്ന കടന്നാക്രമണത്തിന്‍െറ നേതൃത്വം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്. ഇതോടൊപ്പം മന്ത്രി രമേശ് ചെന്നിത്തലയും പുതിയ കൂട്ടുകെട്ടിനെതിരെ രംഗത്തുവരുമെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ പൊതുവായ ചില പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ കടുത്ത രീതിയില്‍ വിമര്‍ശമുയര്‍ത്തില്ല. കെ.പി.സി.സി ആസ്ഥാനത്ത്  ഉമ്മന്‍ ചാണ്ടിയും സുധീരനും രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

വെള്ളാപ്പള്ളി നടേശന്‍െറ നീക്കത്തിനെതിരെ സി.പി.എം ശക്തമായി രംഗത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് മൂന്നു നേതാക്കളും ഇക്കാര്യം ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെയും ബി.ജെ.പിയുടെയും നീക്കത്തിന്  ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയാല്‍ മറ്റ് പലതരത്തിലും അത് വ്യാഖ്യാനിക്കപ്പെടും. മാത്രമല്ല, ഭരണച്ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ രംഗത്തുവരുന്നതിന്‍െറ അനൗചിത്യവും യോഗം പരിഗണിച്ചു.

അതേസമയം, കടന്നാക്രമണത്തിന്‍െറ നേതൃത്വം സുധീരനാണെങ്കില്‍ സാമുദായിക വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയില്ല. മാത്രമല്ല, വെള്ളാപ്പള്ളിയും സുധീരനും തമ്മില്‍ വര്‍ഷങ്ങളായി നല്ല ബന്ധത്തിലുമല്ല. സുധീരനൊപ്പം മന്ത്രി ചെന്നിത്തലയും ബി.ജെ.പി - എസ്.എന്‍.ഡി.പി കൂട്ടുകെട്ടിനെതിരെ തന്‍േറതായ നിലയില്‍ പ്രതികരിക്കും. ഈ നീക്കം പ്രാവര്‍ത്തികമാകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് ഭിന്നസ്വരങ്ങളൊന്നും  ഉണ്ടാകാന്‍ പാടില്ളെന്നും ധാരണയായി.  വരുംദിവസങ്ങളില്‍ ശക്തമായ വിമര്‍ശം വെള്ളാപ്പള്ളിക്കും മറ്റുമെതിരെ സുധീരന്‍ നടത്തും. ചൊവ്വാഴ്ച കൊച്ചിയില്‍ ചേരുന്ന യു.ഡി.എഫ് സ്പെഷല്‍ കണ്‍വെന്‍ഷനില്‍ ബി.ജെ.പി-എസ്.എന്‍.ഡി.പി കൂട്ടുകെട്ടിനെതിരെ കടുത്ത വിമര്‍ശം അദ്ദേഹത്തില്‍നിന്ന് ഉണ്ടായേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.