ജനസമ്മതിയുടെ ചുരം കയറാന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ മുന്നൊരുക്കങ്ങളും അണിയറ നീക്കങ്ങളും ഉച്ചസ്ഥായിയിലെന്നു തോന്നിച്ച നേരത്താണ് ജില്ലയില്‍ സംവരണ സീറ്റുകളുടെ നറുക്കെടുത്തത്. അതോടെ ആളിക്കത്താന്‍ പോകുന്ന ചൂടിലേക്ക് വെള്ളമൊഴിച്ച പ്രതീതി. കുപ്പായം തുന്നി സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേക്ക് സീറ്റുകള്‍ വനിതകള്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കുമൊക്കെയായി തീറെഴുതിയതോടെ മിക്ക നേതാക്കന്മാരുടെയും ഉഷാറെല്ലാം പോയി. പുതുതായി രൂപവത്കരിച്ച മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം പട്ടിക വര്‍ഗ സംവരണമായത് വലിയൊരുദാഹരണം. നോക്കിവെച്ച സീറ്റ് സംവരണം ചെയ്യപ്പെട്ടതോടെ, മത്സരിച്ചേ അടങ്ങൂ എന്ന് കട്ടായം പറഞ്ഞവര്‍ ഏതു സീറ്റില്‍ ചേക്കേറണമെന്ന ആശയക്കുഴപ്പത്തിലാണ്.

2010ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു.ഡി.എഫിന്‍െറ തേര്‍വാഴ്ചയായിരുന്നു. എന്നാല്‍, ഇക്കുറി കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കുടിയേറ്റ മേഖലയും ന്യൂനപക്ഷ സമുദായങ്ങളും നല്‍കുന്ന കരുത്തില്‍ ജില്ലാ, ബ്ളോക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന്  നേരിയ മുന്‍തൂക്കം കല്‍പിക്കപ്പെടുമ്പോഴും പല പഞ്ചായത്തുകളിലും ഭരണവിരുദ്ധ വികാരം ശക്തമാണ്.  ജില്ലയിലെ വികസനമുരടിപ്പിനെതിരെ കഴിഞ്ഞ നാലു വര്‍ഷവും കാര്യമായ സമരങ്ങളൊന്നും നടത്താതിരുന്ന സി.പി.എം 2015 മെയ് ആദ്യവാരമാണ് കോടിയേരി ബാലകൃഷ്ണനെയും വി.എസ്. അച്യുതാനന്ദനെയും അണിനിരത്തി വയനാട് രക്ഷാ മാര്‍ച്ചുമായി രംഗത്തത്തെിയത്. 

ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ശിലയിട്ടതാണ് വയനാട്ടുകാരെ കൈയിലെടുക്കാന്‍ യു.ഡി.എഫിന്‍െറ തുറുപ്പുചീട്ട്. എന്നാല്‍, ജില്ലാ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ആദിവാസി വനിതയുടെ കടിഞ്ഞൂല്‍ പ്രസവത്തിലെ മൂന്നു കുഞ്ഞുങ്ങളും മരിച്ച ദാരുണ സംഭവം മുന്‍നിര്‍ത്തി മെച്ചപ്പെട്ട ആതുരാലയങ്ങളും ചികിത്സാ സൗകര്യങ്ങളുമില്ലാത്ത വയനാടിന്‍െറ ദു$സ്ഥിതി പ്രതിപക്ഷം ആയുധമാക്കുന്നു. നില്‍പ് സമരം വിജയിപ്പിച്ചതിനു പിന്നാലെയത്തെുന്ന തെരഞ്ഞെടുപ്പില്‍ സി.കെ. ജാനുവിന്‍െറ ആദിവാസി ഗോത്ര മഹാസഭയുടെ നിലപാട് നിര്‍ണായകമാകും. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയും അടക്കമുള്ള പുതിയ പാര്‍ട്ടികള്‍ ചില വാര്‍ഡുകളിലെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പോന്നവരാണ്.

2010ലെ തെരഞ്ഞെടുപ്പില്‍ 34.07 ശതമാനം വോട്ടു നേടിയ എല്‍.ഡി.എഫില്‍ 25 ശതമാനവും സി.പി.എം സ്ഥാനാര്‍ഥികളാണ് സ്വന്തമാക്കിയത്. ജില്ലയില്‍ ചില പോക്കറ്റുകളില്‍ മാത്രമൊതുങ്ങുന്ന സി.പി.ഐ 7.1 ശതമാനം വോട്ടുനേടിയതിനു പിന്നിലും സി.പി.എമ്മിന്‍െറ കരുത്തായിരുന്നു പ്രധാനം.  ആര്‍.എസ്.പിയാകട്ടെ, ഇക്കുറി യു.ഡി.എഫിനോടൊപ്പമാണ്.  ഐ.എന്‍.എല്ലിലെ വലിയൊരു ഭാഗം പ്രവര്‍ത്തകരും ലീഗില്‍ തിരിച്ചത്തെിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇക്കുറി സി.പി.എമ്മിന് ഒറ്റക്കെന്നോണം യു.ഡി.എഫിനെ എതിരിടേണ്ടി വരും.
യു.ഡി.എഫ് സംവിധാനം ഒറ്റക്കെട്ടാണെന്ന് അവകാശപ്പെടുമ്പോഴും ഐക്യത്തിന് കുറവേറെയുണ്ടെന്നതാണ് ശരി. കോണ്‍ഗ്രസിലെ പുന$സംഘനയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിസം പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. ഗോത്രവര്‍ഗവോട്ടുകളില്‍ കണ്ണുനട്ട് ബി.ജെ.പികേന്ദ്രത്തില്‍ ഭരണം പിടിച്ച ആവേശം വോട്ടാക്കി മാറ്റാന്‍ യത്നിക്കുന്ന ബി.ജെ.പി വയനാട്ടില്‍ കാര്യമായി അധ്വാനിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത്
യു.ഡി.എഫ് 13 എല്‍.ഡി.എഫ് 3
ബ്ളോക് പഞ്ചായത്തുകള്‍
യു.ഡി.എഫ് 4 എല്‍.ഡി.എഫ് 0
ഗ്രാമപഞ്ചായത്ത്
യു.ഡി.എഫ് 22എല്‍.ഡി.എഫ് 3
കല്‍പറ്റ മുനിസിപ്പാലിറ്റി
യു.ഡി.എഫ് 21എല്‍.ഡി.എഫ് 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.