എറണാകുളത്ത് ഇത് കളിയുടെ കാലമാണ്; രാഷ്്വട്രീയ രംഗത്ത് മാത്രമല്ല, കായിക രംഗത്തും. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ഹോം മാച്ചുകള്‍ ഇന്ന് തുടങ്ങുന്നു. ക്രിക്കറ്റും അത്ലറ്റിക്സുമടക്കം നിരവധി മല്‍സരങ്ങള്‍ സമാന്തരമായി നടക്കുന്നു. അതുകൊണ്ടുതന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്’ വ്യക്തം. കളിക്കളത്തിലിറങ്ങിയിരിക്കുന്നതാകട്ടെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കൂടാതെ കോര്‍പറേറ്റ് സ്ഥാപനവും റസിഡന്‍റ്സ് അസോസിയേഷനുകളുമെല്ലാം. പുതുതായി ഉദയംകൊണ്ട ഒരുപാര്‍ട്ടിയുടെ പേരില്‍തന്നെ അത് പ്രകടം. ട്വന്‍റി^20 എന്നാണ് അവര്‍ സ്വീകരിച്ചിരിക്കുന്ന പേര്.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ല്‍ എറണാകുളം ജില്ല രാഷ്ട്രീയ കേരളത്തെയാകെ അമ്പരിപ്പിച്ചിരുന്നു. യു.ഡി.എഫ് നേതൃത്വത്തിന് പോലും വിശ്വസിക്കാന്‍ കഴിയാത്തത്ര മിന്നുന്ന നേട്ടമാണ് വോട്ടര്‍മാര്‍ അവര്‍ക്ക് സമ്മാനിച്ചത്. ബ്ളോക് പഞ്ചായത്തുകള്‍ നൂറ് ശതമാനവും അവര്‍ക്ക് സ്വന്തമായി. ഗ്രാമ പഞ്ചായത്തുകള്‍ 85 ശതമാനവും യു.ഡി.എഫിന്‍െറ കൈപ്പിടിയിലായപ്പോള്‍ നഗരസഭകളില്‍ 11ല്‍ പത്തും അവര്‍ക്കൊപ്പം നിന്നു. അങ്കമാലി നഗരസഭാ ചെയര്‍മാന്‍ സ്ഥാനം പിന്നീട് യു.ഡി.എഫിന് നഷ്ടപ്പെട്ടത് വേറെ കാര്യം. ജില്ലാ പഞ്ചായത്തിലെ മൊത്തം വാര്‍ഡുകളില്‍ 80 ശതമാനവും യു.ഡി.എഫിന് കിട്ടി. മൂന്ന് പതിറ്റാണ്ടിന് ശേഷം കൊച്ചി കോര്‍പറേഷന്‍ ഭരണവും യു.ഡി.എഫിന് ലഭിച്ചു. പിന്നീട് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഈ മേല്‍കൈ ലഭിച്ചു. ജില്ലയില്‍ നിന്ന് നിയമസഭയിലേക്ക് പോയ 14 ജനപ്രതിനിധികളില്‍ 11 പേരും യു.ഡി.എഫുകാരായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും കിട്ടി ഈ മേല്‍കൈ.
ഈ ‘വിജയ ഭാരവു’മായാണ് യു.ഡി.എഫ് ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിന് ‘ഒരുങ്ങിത്തുടങ്ങുന്നത്’. ഒരുങ്ങി തുടങ്ങിയിട്ടേ ഉള്ളൂ എന്നതാണ് യു.ഡി.എഫ് കേന്ദ്രങ്ങളെ കുഴക്കുന്നതും. ചൊവ്വാഴ്ച കൊച്ചിയില്‍ നടക്കുന്ന യു.ഡി.എഫ് സംസ്ഥാന കണ്‍വെന്‍ഷന് ശേഷമേ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ളകാര്യങ്ങളില്‍ ചര്‍ച്ചതന്നെ തുടങ്ങുകയുള്ളൂ. പ്രകടന പത്രിക തയാറാക്കലും മറ്റും അതിനുശേഷം വേണം. കഴിഞ്ഞ തവണ നടത്തിയ മിന്നും പ്രകടനം ഇക്കുറി പ്രതീക്ഷിക്കുന്നില്ളെങ്കിലും മാനം പോകാതിരിക്കണമെങ്കില്‍ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണം പിടിച്ചേ പറ്റൂ. സീറ്റ് വിഭജനംതന്നെയാണ് കീറാമുട്ടി.
ഇപ്പുറത്ത് ഇടതുമുന്നണി ഇത്തവണ ജീവന്മരണ പോരാട്ടത്തിനാണ് കോപ്പുകൂട്ടിയിരിക്കുന്നത്. സി.പി.എം ഒരുവര്‍ഷം മുമ്പേ ‘പണി’ തുടങ്ങിയിട്ടുണ്ട്. മാലിന്യ സംസ്കരണവുമായി ആദ്യമിറങ്ങി. തൊട്ടുപിന്നാലെ ജൈവ പച്ചചക്കറി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഓണത്തിന് പച്ചക്കറി വില ഉയരാതിരുന്നതിന് ഒരു കാരണം തങ്ങളുടെ നേതൃത്വത്തില്‍ നാടാകെ ഉയര്‍ന്ന ജൈവ പച്ചക്കറി സ്റ്റാളുകളായിരുന്നു എന്ന് അവര്‍ വിശദീകരിക്കുന്നു. നാട്ടിലെന്ത് വികസനം വേണമെന്ന് ജനങ്ങളോട് അഭിപ്രായമാരായുന്ന ‘ജനീകയ പ്രകടന പത്രിക’യുമായി വീണ്ടുമിറങ്ങി. ഇതിനൊക്കെ പുറമെ ചിരിക്കാനറിയാവുന്ന നേതാക്കാളെ രംഗത്തിറക്കി എന്നതാണ് ഏറ്റവും പുതിയ കാര്യം. ‘പ്രത്യയശാസ്ത്ര ബലംപിടുത്ത’വുമായി നടന്ന കാലം പോയി. മിക്ക പഞ്ചായത്തുകളിലും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കി. മൂവാറ്റുപുഴ മേഖലയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ചിത്രമുള്‍പ്പെടെയുള്ള പ്രചാരണ ബോര്‍ഡുകള്‍വരെ പ്രത്യക്ഷപ്പെട്ടുതുടങ്ങി. എന്നാല്‍, മൂന്ന് പതിറ്റാണ്ടിന് ശേഷം തങ്ങളെ കൈവിട്ട കോര്‍പറേഷന്‍ ഭരണത്തില്‍ പ്രതിപക്ഷമെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ളെന്നതാണ് മുന്നണിയെ അലട്ടുന്ന പ്രശ്നം.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും കൊച്ചി കോര്‍പറേഷനില്‍ ഉള്‍പ്പെടെ സാന്നിധ്യമറിയിച്ച ബി.ജെ.പിയും ഇക്കുറി നില ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ്. പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് പദ്ധതിയുടെ ചുവട് പിടിച്ച് ഞായറാഴ്ചകളില്‍ തങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെ തെരുവ് വൃത്തിയാക്കാനിറങ്ങിയാണ് അവര്‍ ജന മനസുകളില്‍ ഇടംനേടാന്‍ ശ്രമിച്ചത്.
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ കൂടാതെ സമര രംഗങ്ങളില്‍ ശക്തമായ രാഷ്ട്രീയ പാര്‍ട്ടികളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവ സാന്നിധ്യമായുണ്ട്. പശ്ചിമ കൊച്ചിയോടുള്ള അവഗണന, ജില്ലയിലെ ഭൂരഹിതരുടെ പ്രശ്നം എന്നിവ ഏറ്റെടുത്ത് നിരന്തരമായി സമര രംഗത്തുള്ള വെല്‍ഫയര്‍ പാര്‍ട്ടി, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിച്ച എസ്.ഡി.പി.ഐ, ദല്‍ഹി വിജയത്തിന്‍െറ ബലത്തില്‍ വീണ്ടും സജീവമായ ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ തദ്ദേശ തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുകയാണ്. നഗര പ്രദേശങ്ങളില്‍ സജീവമായ റസിഡന്‍റ്സ് അസോസിയേഷനുകളും ശക്തമായ അവകാശവാദങ്ങളുമായി രംഗത്തുണ്ട്.
ഇതിനൊക്കെ പുറമെയാണ് ഒരു പഞ്ചായത്ത് പിടിക്കാനുള്ള കോര്‍പറേറ്റ് സ്ഥാപനത്തിന്‍െറ ഒരുക്കം. കിഴക്കമ്പലം പഞ്ചായത്ത് ഭരണത്തില്‍ മേല്‍കൈ നേടാനാണ് ഒരുക്കം നടക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനമായ കിറ്റെക്സ് മുന്‍കൈയെടുത്ത് ഇവിടെ രൂപവത്കരിച്ചിരിക്കുന്ന ട്വന്‍റി^20 എന്ന കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള രാഷ്ട്രീയ കൂട്ടായ്മയായി മാറുകയായിരുന്നു. ജൈവ കൃഷിയില്‍ സജീവ സാന്നിധ്യം, ജനങ്ങള്‍ക്ക് കുറഞ്ഞ വിലക്ക് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയ ശേഷം, ഇവിടെയുള്ള ബിവറേജസ് വില്‍പനശാലക്കെതിരെ ജനകീയ സമരവും നടത്തിയാണ് അവര്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടന്നിരിക്കുന്നത്. ഇതിനായുള്ള കണ്‍വെന്‍ഷനിലെ ജനപങ്കാളിത്തം മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെ അസ്വസ്ഥതപ്പെടുത്തിയിട്ടുമുണ്ട്.
‘സഭാ’ രാഷ്ട്രീയവും ശക്തമാണ്. തീരമേഖലകളില്‍ കത്തോലിക്കാ വിഭാഗം യു.ഡി.എഫിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. എന്നാല്‍, കിഴക്കന്‍ മേഖലകളില്‍ ചില ഇടയിളക്കങ്ങളുണ്ട്. യാക്കോബായ^ഓര്‍ത്തഡോക്സ് സഭാതര്‍ക്കമാണ് ഇവിടെ യു.ഡി.എഫിന് തലവേദന. സഭാ തര്‍ക്കത്തില്‍ തങ്ങള്‍ക്കനുകൂലമായ കോടതിവിധികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ളെന്ന ‘പിണക്കം’ ഓര്‍ത്തഡോക്സ് വിഭാഗത്തിനുണ്ട്. ഒപ്പം, തങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുത്തില്ളെന്ന പരിഭവം യാക്കോബായ വിഭാഗത്തിനുമുണ്ട്.
ആകെ വോട്ടര്‍മാര്‍: 23,62,893
വനിതകള്‍: 12,02,082
പുരുഷന്മാര്‍: 11,60,793
ഭിന്നലിംഗത്തില്‍പെട്ടവര്‍: 18
ജില്ലാ പഞ്ചായത്ത്
യു.ഡി.എഫ്^22,
എല്‍.ഡി.എഫ്^മൂന്ന്,
സ്വതന്ത്രന്‍^ഒന്ന്
കോര്‍പറേഷന്‍
യു.ഡി.എഫ് 48
എല്‍.ഡി.എഫ് 28
ബി.ജെ.പി 2.
മുനിസിപ്പാലിറ്റി
യു.ഡി.എഫ്^ഒന്‍പത്
എല്‍.ഡി.എഫ്^രണ്ട്
ബ്ളോക്ക് പഞ്ചായത്ത്
മുഴുവന്‍ യു.ഡി.എഫ്
ഗ്രാമ പഞ്ചായത്ത്
യു.ഡി.എഫ് 71
എല്‍.ഡി.എഫ് 13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.