കടമ്പ കടന്നപ്പോള്‍ ഒന്നാമത് എത്തിയത് തെരഞ്ഞെടുപ്പ് കമീഷന്‍

തിരുവനന്തപുരം: തുടക്കം മുതല്‍ സര്‍ക്കാറും രാഷ്ട്രീയ കക്ഷികളും നിരത്തിയ ഓരോ കടമ്പകളും കടന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നപ്പോള്‍ ഞെട്ടിയത് രാഷ്ട്രീയ നേതൃത്വം. വിജയിച്ചതാവട്ടെ തെരഞ്ഞെടുപ്പ് കമീഷനും. നവംബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് കരുക്കള്‍ നീക്കിയ രാഷ്ട്രീയ കക്ഷികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു കമീഷന്‍െറ ഇന്നലത്തെ പ്രഖ്യാപനം. വരും ദിവസങ്ങളില്‍ ആലോചിച്ചിരിക്കാന്‍ പോലും സമയം നല്‍കാത്ത വിധമുള്ള തെരഞ്ഞെടുപ്പ് സമയക്രമമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവശേഷിച്ചിരിക്കുന്നത് 10 ദിവസം മാത്രമാണ്. ഇരുമുന്നണികളിലും കക്ഷികള്‍ തമ്മിലെ സീറ്റ് ചര്‍ച്ച അവസാനിച്ചിട്ടില്ല. ബി.ജെ.പിയാവട്ടെ  പുതിയ ബാന്ധവക്കാരായ എസ്.എന്‍.ഡി.പി, വി.എസ്.ഡി.പി, കെ.പി.എം.എസ് എന്നീ കക്ഷികളെ എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്നതിലേക്ക് പോലും കടന്നിട്ടുമില്ല. സീറ്റ് വിഭജനം പൂര്‍ത്തിയാക്കി മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ തീര്‍ത്ത് സ്ഥാനാര്‍ഥികളെ തീരുമാനിച്ച് 10 ദിവസത്തിനകം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുക എന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്. സമയത്തോട് മത്സരിച്ചു മാത്രമേ ഇതു പൂര്‍ത്തിയാക്കാനാവൂവെന്നും നേതാക്കള്‍ തിരിച്ചറിയുന്നു. നവംബര്‍ മധ്യത്തോടെ തെരഞ്ഞെടുപ്പ് നടത്തി അവസാന വാരത്തിലോ ഡിസംബര്‍ ആദ്യത്തിലോ ആയി പുതിയ ഭരണ സമിതികള്‍ നിലവില്‍ വരുന്ന സമയക്രമമാണ് പാര്‍ട്ടികള്‍ പ്രതീക്ഷിച്ചത്. അതിന് അനുസരിച്ച് നീങ്ങിയവരുടെ കണക്കുകൂട്ടലുകളാണ് തകിടംമറിഞ്ഞത്. സമയക്കുറവ് അനുകൂലമായും പ്രതികൂലമായും മാറിയേക്കാമെന്നതാണ് ഇരുമുന്നണികളിലെയും മുഖ്യകക്ഷികളെയും ബി.ജെ.പി നേതൃത്വത്തെയും വലക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു മുന്നണികളിലെയും കക്ഷികളുടെ വരവും പോക്കും ഉണ്ടാക്കിയ മാറ്റം സീറ്റ് വിഭജനത്തിനും കൈമാറലിലും വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.