കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സാന്നിധ്യം ശക്തമാക്കാന്‍ ബി.ജെ.പി സമുദായ സംഘടനകളെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരുന്നു. എസ്.എന്‍.ഡി.പി ഏറക്കുറെ സ്വന്തം പക്ഷത്തായെന്ന് ഉറപ്പാക്കിയ ശേഷം ഇപ്പോള്‍ എന്‍.എസ്.എസിനെ സ്വാധീനിക്കാനുള്ള വഴിതേടുകയാണ്. ഇതിനായി എസ്.ആര്‍ സിന്‍ഹോ കമീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്താന്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്താനുള്ള ഒരുക്കത്തിലാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം. ഇതുവഴി എന്‍.എസ്.എസിനെ മാത്രമല്ല, യോഗക്ഷേമ സഭ ഉള്‍പ്പെടെയുള്ള മുന്നാക്ക സമുദായ സംഘടനകളെ ഒന്നാകെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, എസ്.ആര്‍ സിന്‍ഹോ കമീഷനായി ശക്തമായി രംഗത്തിറങ്ങിയാല്‍ എസ്.എന്‍.ഡി.പി പിണങ്ങുമോ എന്ന ആശങ്കയും ചില നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.
മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വിസിലും വിദ്യാഭ്യാസ മേഖലകളിലും സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ 2006 ജൂലൈയില്‍ അന്നത്തെ യു.പി.എ സര്‍ക്കാറാണ് റിട്ട. മേജര്‍ എസ്.ആര്‍. സിന്‍ഹോ അധ്യക്ഷനായി കമീഷനെ നിയമിച്ചത്. 27 സംസ്ഥാനങ്ങളില്‍ സിറ്റിങ് നടത്തി വിശദവിവരങ്ങളും അഭിപ്രായങ്ങളും ശേഖരിച്ച് 2010 ജൂലൈ 22ന് അന്നത്തെ കേന്ദ്ര സാമൂഹികനീതി ക്ഷേമമന്ത്രി മുകുള്‍ വാസ്നിക് മുമ്പാകെ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് കമീഷന്‍ ശിപാര്‍ശകള്‍ വെളിച്ചം കണ്ടില്ല.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം എന്‍.എസ്.എസ് ഉയര്‍ത്തിയപ്പോള്‍, അന്ന് യു.ഡി.എഫ് നേതാക്കള്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധിയില്‍നിന്ന് ഉറപ്പുനേടി എന്‍.എസ്.എസിനെ സമാധാനിപ്പിക്കുകയായിരുന്നു.
പിന്നീടും ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് എന്‍.എസ്.എസ് മുഖപത്രമായ ‘സര്‍വീസി’ന്‍െറ മുഖപ്രസംഗത്തിലൂടെ നേതൃത്വം വീണ്ടും ഈ വിഷയം ഉന്നയിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു ആവശ്യം. പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുമെന്ന ആശങ്കയില്‍ അന്ന് യു.പി.എ സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തുമില്ല.
തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷവും സിന്‍ഹോ കമീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നടപടിയൊന്നുമുണ്ടാകാത്തത് എന്‍.എസ്.എസിനെ അലോസരപ്പെടുത്തുന്നുമുണ്ട്. എസ്.ആര്‍. സിന്‍ഹോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് കഴിഞ്ഞ ജൂണ്‍ അവസാനം ചങ്ങനാശ്ശേരിയില്‍ ചേര്‍ന്ന എന്‍.എസ്.എസ് ബജറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ സമ്മര്‍ദം ചെലുത്തി പ്രഖ്യാപനം നടത്തി എന്‍.എസ്.എസിനെ കൈയിലെടുക്കാനുള്ള നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന പോഷക സംഘടനാ യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നുവരുകയും ചെയ്തു.
അതേസമയം, ഈ വിഷയത്തില്‍ ശക്തമായ നിലപാട് എടുക്കുന്നത് എസ്.എന്‍.ഡി.പിയെ പിണക്കുമോ എന്ന ആശയക്കുഴപ്പവും ബി.ജെ.പി നേതാക്കളെ അലട്ടുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി വിളിച്ചുചേര്‍ത്ത ദലിത്-പിന്നാക്ക വിഭാഗം നേതാക്കളുടെ യോഗം സിന്‍ഹോ കമീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍, വെള്ളാപ്പള്ളി നടേശനെ പിണക്കാതെ എങ്ങനെ നിലപാട് കൈക്കൊള്ളാമെന്നാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.