തദ്ദേശ തെരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് ബിയുമായും സെക്യുലറുമായും കൈകോര്‍ക്കാന്‍ സി.പി.എം

തിരുവനന്തപുരം: ജനസ്വാധീനം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് രാഷ്ട്രീയ, സംഘടനാ നടപടികളുമായി തദ്ദേശ തെരഞ്ഞെടുപ്പിന് സി.പി.എം ഒരുങ്ങുന്നു. ഇതിന്‍െറ ഭാഗമായി യു.ഡി.എഫില്‍നിന്ന് പുറത്തുവന്ന കേരള കോണ്‍ഗ്രസ്-ബിയുമായും പുതുതായി പുനരുജ്ജീവിപ്പിച്ച സെക്യുലര്‍ കേരള കോണ്‍ഗ്രസുമായും കൈകോര്‍ക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനും പ്രത്യേകം തെരഞ്ഞെടുപ്പ് പ്രകടനപത്രികയും സി.പി.എം പുറത്തിറക്കും. ആഗസ്റ്റ് 13നും 14നും ചേര്‍ന്ന  സംസ്ഥാന സമിതിയിലായിരുന്നു തീരുമാനമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലെ കേരള കോണ്‍ഗ്രസ്-ബി എല്‍.ഡി.എഫുമായി സഹകരിച്ചിരുന്നു.

എന്നാല്‍ പി.സി. ജോര്‍ജ് എല്‍.ഡി.എഫ് വിട്ട് കേരള കോണ്‍ഗ്രസ്-എമ്മില്‍ ലയിച്ചശേഷം സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി ഇടതുമുന്നണിക്ക് ബന്ധമുണ്ടായിരുന്നില്ല. പി.സി. ജോര്‍ജ് കെ.എം. മാണിയുമായി തെറ്റിയതോടെയാണ് ആ പാര്‍ട്ടി വീണ്ടും പുനരുജ്ജീവിപ്പിച്ചത്. കൂറുമാറ്റ നിരോധനനിയമ പ്രകാരം മാണി ഗ്രൂപ് വിടാന്‍ കഴിയാത്തതിനാല്‍ പി.സി. ജോര്‍ജ് പരസ്യമായി സെക്യുലര്‍ കേരള കോണ്‍ഗ്രസിന്‍െറ വേദിയില്‍ എത്തിയിട്ടില്ല. ടി.എസ്. തോമസാണ് സെക്യുലര്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്‍െറ നേതൃത്വത്തില്‍ അഴിമതി വിരുദ്ധമുന്നണി രൂപവത്കരിച്ച് എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. സെക്യുലര്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മുന്നണി യോഗത്തിലടക്കം ചര്‍ച്ച ചെയ്തിരുന്നില്ല. അതിനാല്‍ സി.പി.എമ്മിന്‍െറ ഒറ്റയാന്‍ നീക്കം എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ എതിര്‍പ്പിന് ഇടയാക്കിയേക്കും.  

അതേസമയം എല്‍.ഡി.എഫ്  ഇന്നത്തെ നിലയിലുള്ള മുന്നണിയായിത്തന്നെ മത്സരിക്കുമെന്ന് കോടിയേരി പറഞ്ഞു. മുന്നണി വികസനം ഘടകകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷമേ ഉണ്ടാവുകയുള്ളൂ. കഴിഞ്ഞ 23 വര്‍ഷമായി മുന്നണിയുമായി സഹകരിക്കുന്ന ഐ.എന്‍.എല്ലുമായുള്ള സഹകരണം ശക്തിപ്പെടുത്തും. തദ്ദേശതെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലുമായി നല്ല സഹകരണം  ഉണ്ടാവും. യു.ഡി.എഫുമായി തെറ്റിപ്പിരിഞ്ഞ വിഭാഗങ്ങളുമായി കഴിയുന്ന രീതിയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിക്കും. ഇനിയും തെറ്റിവരാന്‍ തയാറായ ഗ്രൂപ്പുകളുമായും വ്യക്തികളുമായും സഹകരിക്കും. ജെ.എസ്.എസ്, സി.എം.പി എന്നിവയുമായും സഹകരിക്കും. പാര്‍ട്ടിയംഗങ്ങള്‍, പ്രമുഖവ്യക്തികള്‍, സ്വതന്ത്രര്‍ എന്നിവരെയാവും സ്ഥാനാര്‍ഥികളായി പരിഗണിക്കുക. യുവാക്കളെയും വനിതകളെയും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രാദേശികമായി യു.ഡി.എഫിനെയും ബി.ജെ.പിയെയും എതിര്‍ക്കുന്ന വ്യക്തികളും ഗ്രൂപ്പുകളുമായാവും സഹകരിക്കുക. സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള കെ.ആര്‍. ഗൗരിയമ്മയുടെ തീരുമാനത്തില്‍ മാറ്റമില്ല.

ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രിക കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ പ്രസിദ്ധീകരിക്കും. ഇതിനായി  പഞ്ചായത്തുകളില്‍ സെമിനാര്‍ സംഘടിപ്പിക്കും. പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ബഹുജനാഭിപ്രായം തേടും. വായനശാല, റേഷന്‍കടകളുടെ പരിസരം, ചന്തകള്‍, ബസ്സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്ക് അഭിപ്രായം എഴുതിയിടാന്‍ കഴിയുന്ന  പെട്ടികള്‍ സ്ഥാപിക്കും. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് സെമിനാറില്‍ രേഖ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.