തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിയാല്‍ തിരിച്ചടിയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീളുന്നതിനോട് യോജിപ്പില്ളെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപസമിതിയോഗത്തിനു ശേഷം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് യഥാസമയം  നടക്കണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. അതേസമയം, ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമവശങ്ങളടക്കം പരിശോധിച്ചും മുന്നണിയില്‍ കൂടിയാലോചിച്ചും തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താന്‍ കഴിയുന്നില്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അതിന് വന്‍വില നല്‍കേണ്ടിവരുമെന്ന പൊതുവികാരമാണ് ഏകോപനസമിതി യോഗത്തില്‍ ഉയര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു കാരണവശാലും മാറ്റിവെക്കരുതെന്ന് മുഖ്യമന്ത്രികൂടി സംബന്ധിച്ച യോഗത്തില്‍ നേതാക്കള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഹൈകോടതി വിധിക്കെതിരെ അപ്പീല്‍നല്‍കി തെരഞ്ഞെടുപ്പ് വൈകിപ്പിച്ചാല്‍ ലീഗിന്‍െറ വാശിക്ക് കോണ്‍ഗ്രസ് വഴങ്ങിയെന്ന പഴി കേള്‍ക്കേണ്ടിവരും. ആത്യന്തികമായി അത് ബി.ജെ.പിക്ക് രാഷ്ട്രീയമായി ഗുണകരമാകും. എന്നാല്‍, ലീഗിനെ ഇക്കാര്യത്തില്‍ പിണക്കുന്നത് ഗുണകരമാവില്ളെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് എല്ലാവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയോട്  യോഗം ആവശ്യപ്പെട്ടു.
പാര്‍ട്ടിയിലെ ഗ്രൂപ് വഴക്കിനത്തെുടര്‍ന്ന് ചാവക്കാട്ട് ഒരാള്‍ കൊല്ലപ്പെട്ട സംഭവം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയെന്ന് ഏകോപന സമിതി വിലയിരുത്തി. സംഭവത്തോടനുബന്ധിച്ച് പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടി പരിപാടികള്‍ മുടക്കുന്ന മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ നടപടി ശരിയല്ളെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രശ്നം പരിഹരിക്കാന്‍ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍ വഹിച്ച പങ്കിനെ നേതാക്കള്‍ അഭിനന്ദിച്ചു. അവിടത്തെ പ്രശ്നം തീര്‍ക്കാന്‍  മുഖ്യമന്ത്രി, കെ.പി.സി.സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ കൂടിയാലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ -പാര്‍ട്ടി ഏകോപനസമിതിയില്‍ അംഗമാണെങ്കിലും മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍  യോഗത്തിനത്തെിയില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനും യു.ഡി.എഫിനും ആത്മവിശ്വാസം പകരുന്ന ഘട്ടത്തിലാണ് അതിനു ദോഷമുണ്ടാക്കുന്ന സംഭവം ചാവക്കാട്ട് ഉണ്ടായതെന്ന് സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.  ഗ്രൂപ് അതിപ്രസരത്തിന്‍െറ പേരില്‍ പാര്‍ട്ടിക്ക് ദോഷകരമായ ഏതെങ്കിലും പ്രവര്‍ത്തനം ഉണ്ടായാല്‍ കര്‍ശനമായി കൈകാര്യം ചെയ്യും. അത്തരം സന്ദര്‍ഭത്തില്‍  സമ്മര്‍ദം ചെലുത്തി പാര്‍ട്ടി തീരുമാനങ്ങളെ ദുര്‍ബലമാക്കാന്‍ ആരെയും അനുവദിക്കില്ല.  ഈ മുന്നറിയിപ്പ് ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ചല്ല. ചാവക്കാട് സംഭവത്തിന്‍െറ പേരില്‍ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ ആരും കെ.പി.സി.സിയെ സമീപിച്ചിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.
ലൈറ്റ് മെട്രോ പദ്ധതി ഡി.എം.ആര്‍.സിയുടെയും ഇ. ശ്രീധരന്‍െറയും നേതൃത്വത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തണം. ഡി.സി.സി തലംവരെ പാര്‍ട്ടി പുന$സംഘടനാ പ്രക്രിയ സജീവമാക്കാനും തീരുമാനമായി.  ബ്ളോക് കമ്മിറ്റി പുന$സംഘട അവസാനിച്ചാലുടന്‍ ഡി.സി.സി ഭാരവാഹികളുടേത് നടത്തും. സെപ്റ്റംബര്‍ നാലിന് കെ.പി.സി.സി ജനറല്‍ ബോഡിയും വിശാല നിര്‍വാഹകസമിതിയും സംയുക്തമായി വിളിക്കാനും യോഗത്തില്‍ ധാരണയായി. എസ്.എന്‍.ഡി.പി യുടെ പിന്തുണയോടെ ശക്തിയാര്‍ജിക്കാനുള്ള ബി.ജെ.പി നീക്കത്തില്‍ തല്‍ക്കാലം പാര്‍ട്ടി തലയിടേണ്ടെന്നും ഏകോപനസമിതി നിലപാടെടുത്തു. ആവശ്യമെങ്കില്‍ കാര്യങ്ങള്‍  വിലയിരുത്തി പിന്നീട് ഇക്കാര്യം ആലോചിക്കും. തല്‍ക്കാലം സി.പി.എം-വെള്ളാപ്പള്ളി വിഷയമായി അതിനെ കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി.
ഭൂമിപതിവ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി, ധനകാര്യബില്ലിലൂടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ എന്നിവ യോഗത്തിന്‍െറ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം പരിഗണിച്ചില്ല.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.