കോണ്‍ഗ്രസ്-ലീഗ് കൊമ്പുകോര്‍ക്കലിന് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കുന്ന ഹൈകോടതി വിധിയോടെ ഭരണമുന്നണിയില്‍ കോണ്‍ഗ്രസ്- ലീഗ് കൊമ്പുകോര്‍ക്കലിന് വഴിയൊരുങ്ങുന്നു. വിധിയുടെ പേരില്‍ പരസ്പര കുറ്റപ്പെടുത്തലിനാണ് ഇരുപാര്‍ട്ടിയും ഒരുങ്ങുന്നത്. പഞ്ചായത്ത് വിഭജനത്തില്‍ ലീഗിന്‍െറയും സി.പി.എമ്മിന്‍െറയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വകുപ്പ് ശ്രമിക്കുന്നെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ നേരത്തേതന്നെ ഉയര്‍ന്നിരുന്നു.
മലപ്പുറം മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടത് കോണ്‍ഗ്രസിന്‍െറ എതിര്‍പ്പ് മൂലമാണെന്ന പരാതി ലീഗിനും ഉണ്ട്. ഇതിനിടെയാണ് തദ്ദേശ തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാക്കുന്ന തരത്തില്‍ കോടതിവിധി വന്നത്. എതിര്‍പക്ഷത്തിന്‍െറ നിലപാടാണ് ഇതിനിടയാക്കിയതെന്നാണ് ഇരുപാര്‍ട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്നത്. ചൊവ്വാഴ്ച ചേരുന്ന കെ.പി.സി.സിയുടെ സര്‍ക്കാര്‍-പാര്‍ട്ടി ഏകോപനസമിതി യോഗത്തിലും വിഷയം സജീവ ചര്‍ച്ചയാകും.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിയില്‍ ചര്‍ച്ച ആരംഭിച്ചതുമുതല്‍ ലീഗും കോണ്‍ഗ്രസും നിഴല്‍യുദ്ധത്തിലായിരുന്നു. വാര്‍ഡുകളുടെ ഘടന, സംവരണം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇരുപാര്‍ട്ടിക്കും ഭിന്ന നിലപാടായിരുന്നു. മുന്നണി നിയോഗിച്ച ഉപസമിതി ഇക്കാര്യങ്ങള്‍ പലതവണ ചര്‍ച്ച ചെയ്തെങ്കിലും സമവായത്തിലത്തൊന്‍ ഇരുപാര്‍ട്ടിക്കും ഏറെസമയമെടുക്കേണ്ടിവന്നു. കണ്ണൂര്‍ കോര്‍പറേഷനായി കോണ്‍ഗ്രസും മലപ്പുറത്തിനായി ലീഗും നിലകൊണ്ടത് ഉപസമിതി തീരുമാനം വൈകിപ്പിച്ചു.
ഒടുവില്‍ ലീഗിന്‍െറ ആവശ്യം നിരസിച്ച് കണ്ണൂര്‍ മുനിസിപ്പാലിറ്റിയെ കോര്‍പറേഷനാക്കാനും 35 മുനിസിപ്പാലിറ്റികള്‍ രൂപവത്കരിക്കാനും നാല്‍പതിനായിരത്തിലേറെ ജനസംഖ്യയുള്ള പഞ്ചായത്തുകള്‍ വിഭജിക്കാനും ഉപസമിതി ശിപാര്‍ശ നല്‍കി. നിലവിലെ ഘടനപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന കോണ്‍ഗ്രസിന്‍െറ വാദം തഴയപ്പെട്ടതിനൊപ്പം വലിയ പഞ്ചായത്തുകള്‍ വിഭജിക്കാമെന്നും ഉപസമിതി തീരുമാനിച്ചു. വാര്‍ഡുകളുടെ പുനര്‍വിഭജനത്തിന് കോണ്‍ഗ്രസ് അനുകൂലമായിരുന്നില്ല. എന്നാല്‍, മറിച്ചായിരുന്നു ലീഗ് നിലപാട്. ലീഗിന്‍െറ നിലപാടിന് ഒടുവില്‍ കോണ്‍ഗ്രസും വഴങ്ങി. ഇതനുസരിച്ച് കഴിഞ്ഞവര്‍ഷം മേയില്‍ ഉപസമിതി ശിപാര്‍ശ നല്‍കിയെങ്കിലും ഇതിനനുസൃതമായി തുടര്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. ഇതില്‍ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമീഷനും ഒത്തുകളിച്ചെന്ന പരാതി ലീഗിനുണ്ട്.
ഉപസമിതി തീരുമാനമെടുത്തിട്ടും കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പഞ്ചായത്ത് വിഭജനത്തിന്‍െറ പേരില്‍ ലീഗിനെതിരെ കടുത്ത വികാരം ഉയര്‍ന്നിരുന്നു. പുതുതായി രൂപവത്കരിക്കുന്ന പഞ്ചായത്തുകളില്‍ സ്വന്തം വിജയം ഉറപ്പിക്കാനാണ് ലീഗ് ശ്രമമെന്നും ഇതിന് സാധിക്കാത്തിടങ്ങളില്‍ സി.പി.എമ്മിനെ സഹായിക്കാനാണ് ശ്രമമെന്നും ആയിരുന്നു മുഖ്യ ആരോപണം. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം ഡി.സി.സി പ്രസിഡന്‍റുമാര്‍ ശക്തമായ എതിര്‍പ്പുകളാണ് കെ.പി.സി.സി നിര്‍വാഹകസമിതി യോഗത്തിലടക്കം പ്രകടിപ്പിച്ചത്. എന്നാല്‍, അപ്പോഴൊന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ രാഷ്ട്രീയ ഇടപെടലിന് കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല.
അതേസമയം, ഉപസമിതി ആദ്യഘട്ടത്തില്‍ തീരുമാനിച്ചിട്ടും മലപ്പുറത്തെ കോര്‍പറേഷനാക്കി ഉയര്‍ത്താന്‍ സാധിക്കാതെ വന്നതില്‍ ലീഗിലും അതൃപ്തി പുകഞ്ഞിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.