ഒറ്റക്കെട്ടായി നീങ്ങാന്‍ സി.പി.എം കേരള ഘടകത്തിന് പി.ബി നിര്‍ദേശം

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഗ്രൂപ്പിസം മറന്ന് ഒറ്റക്കെട്ടായി പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ സി.പി.എം സംസ്ഥാന ഘടകത്തിന് പി.ബി യോഗം നിര്‍ദേശം നല്‍കി. ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ നിരന്തര പ്രക്ഷോഭം ആവിഷ്കരിക്കണം. ബി.ജെ.പി പക്ഷത്തേക്ക് ചായാനുള്ള എസ്.എന്‍.ഡി.പി നീക്കത്തിന്‍െറ അപകടം തുറന്നുകാട്ടി ഈഴവരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനുള്ള ഇടപെടലുകള്‍ക്കും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചു.  

സംഘടനാ ദൗര്‍ബല്യം പരിഹരിക്കാന്‍ വിളിച്ച പ്ളീനത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ചക്കുവെക്കണമെന്ന ധാരണ രൂപപ്പെടുത്താനാണ് ശനിയാഴ്ച പാര്‍ട്ടി സെന്‍ററില്‍ യോഗം ചേര്‍ന്നത്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനാലും അരുവിക്കര തോല്‍വിക്ക് ശേഷമുള്ള പ്രതികൂല രാഷ്ട്രീയ സാഹചര്യം പരിഗണിച്ചും വിഭാഗീയതക്കിടയാക്കുന്ന വിഷയങ്ങള്‍ ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ളെന്നായിരുന്നു തീരുമാനം. അതിനാല്‍, സംസ്ഥാന ഘടകത്തിലെ വിഭാഗീയത പഠിക്കാനുള്ള പി.ബി കമീഷന്‍ പ്രവര്‍ത്തനം നീളുന്ന സാഹചര്യമാണുള്ളത്.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി കേന്ദ്രനേതൃത്വം ശനിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പി.ബി കമീഷന്‍ വിഷയമായില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പും പ്ളീനവും കഴിയുന്നതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് വരുമെന്നതിനാല്‍ അപ്പോഴും പി.ബി കമീഷന്‍ ഇടപെടലിന് സാധ്യത വിരളമാണ്. നവംബറില്‍ ചേരുന്ന പ്ളീനത്തിന് മുന്നോടിയായി പി.ബി കമീഷന്‍ യോഗം ചേരാനുള്ള സാധ്യതയും മങ്ങി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.