ന്യൂഡല്‍ഹി: സംഘടനാപരമായ പ്രശ്നങ്ങള്‍ കണ്ടത്തെി പരിഹാരം തേടുന്നതിന് സി.പി.എം പോളിറ്റ് ബ്യൂറോ ഉപസമിതിയുടെ ആദ്യയോഗം ശനിയാഴ്ച ഡല്‍ഹിയില്‍ നടക്കും. അഞ്ചംഗ ഉപസമിതിയില്‍ പി.ബി അംഗങ്ങളായ എസ്.ആര്‍.പി, പ്രകാശ് കാരാട്ട്, ബിമന്‍ ബോസ്, രാഘവുലു എന്നിവര്‍ക്കൊപ്പം പിണറായി വിജയനും അംഗമാണ്. കേരളത്തിലെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ശനിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തിരിച്ചടികളില്‍നിന്ന് കരകയറുന്നതിന് സംഘടനാപരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നവംബറില്‍ കൊല്‍ക്കത്തയില്‍ പാര്‍ട്ടി പ്ളീനം ചേരുന്നുണ്ട്. പ്ളീനത്തില്‍ ചര്‍ച്ചചെയ്യുന്നതിന് സംഘടനാ ദൗര്‍ബല്യങ്ങളും പരിഹാര നിര്‍ദേശങ്ങളും സംബന്ധിച്ച് റിപ്പോര്‍ട്ട് തയാറാക്കുന്നതിനാണ് അഞ്ചംഗ ഉപസമിതിയെ പി.ബി ചുമതലപ്പെടുത്തിയത്. ബംഗാള്‍ ഉള്‍പ്പെടെ സംസ്ഥാന സെക്രട്ടറിമാരുമായും ഉപസമിതി ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും റിപ്പോര്‍ട്ട് തയാറാക്കുക. സംഘടനയെ ബാധിച്ച വിഭാഗീയത പരിഹരിച്ചെന്ന് അവകാശപ്പെടുമ്പോഴും ആലപ്പുഴ സമ്മേളനത്തിനുശേഷവും പലേടത്തും വിഭാഗീയത പരസ്യമായി.
സംഘടനാ ചട്ടക്കൂട് നിരന്തരം ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, സംസ്ഥാന പ്ളീനത്തില്‍ തിരുത്തല്‍ നടപടികള്‍ തീരുമാനിച്ചതിനുശേഷവും ചില പാര്‍ട്ടി കേഡര്‍മാര്‍ക്കിടയില്‍ തുടരുന്ന മദ്യ, മണല്‍, റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ തുടങ്ങിയ സംഘടനാ ദൗര്‍ബല്യങ്ങളും പരിഹാരവും പി.ബി ഉപസമിതിയില്‍ ചര്‍ച്ചയാകും. അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനൊപ്പം ബി.ജെ.പി വോട്ടില്‍ കുത്തനെയുണ്ടായ വര്‍ധനയും ഈഴവ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തി എസ്.എന്‍.ഡി.പി നേതൃത്വം ബി.ജെ.പിയുമായി അടുക്കുന്നത് ഉയര്‍ത്തുന്ന ഭീഷണിയും ചര്‍ച്ചക്ക് വിഷയമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.